ADVERTISEMENT

നെടുമ്പാശേരി ∙ ‘മനസ്സോടെയിത്തിരി മണ്ണ്’ പദ്ധതിയിൽ ആരംഭിച്ച് ‘കരുതലിനൊരു കൂടൊരുക്കി’ കുന്നുകര ഗ്രാമ പഞ്ചായത്ത്. 50 കുടുംബങ്ങളാണ് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ പഞ്ചായത്തിന്റെ കരുതലിന്റെ ഭാഗമായി സുരക്ഷിത ഭവനങ്ങളിലേക്കു മാറുന്നത്. കുന്നുകര ഗ്രാമ പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം 177 ഭൂ രഹിതരും 404 ഭവന രഹിതരുമായ ഗുണഭോക്താക്കളെയാണ് സർവേയിലൂടെ കണ്ടെത്തിയത്. പലരും പിന്നീട് വീട് നിർമിച്ചു. നിലവിൽ ഭൂരഹിതരായ 51 പേർക്ക് വീട് നൽകുന്നതിന് ആണ് ഗ്രാമ പഞ്ചായത്ത് പുതിയ പദ്ധതി തയാറാക്കിയത്. 2019–20 സാമ്പത്തിക വർഷം 1.09 ഏക്കർ സ്ഥലവും 2021–22 സാമ്പത്തികവർഷത്തിൽ 75 സെന്റ് ഭൂമിയുമാണ് പഞ്ചായത്ത് ലഭ്യമാക്കിയത്. ലഭ്യമായ ഭൂമിയിൽ 3 സെന്റ് വീതം 51 ഗുണഭോക്താക്കൾക്ക് ആധാരം ചെയ്തു നൽകി. 

ലൈഫ് മിഷൻ, എറണാകുളം ജില്ലാ പഞ്ചായത്ത്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, കുന്നുകര ഗ്രാമ പഞ്ചായത്ത്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, ശ്രീനാരായണ മെഡിക്കൽ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് ഭൂരഹിതരായ ഇത്രയും കുടുംബങ്ങൾക്ക് വീട് വെയ്ക്കാൻ ഭൂമി ആധാരം ചെയ്ത് നൽകിയത്. 19 ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങുന്നതിന് പഞ്ചായത്തിന്റെ ‘മനസ്സോടെ ഇത്തിരി മണ്ണ്’ എന്ന പദ്ധതിയിൽ സ്വകാര്യ സംരംഭകരുടെ നിർലോഭ സഹായം പഞ്ചായത്തിന് ലഭിച്ചു. 1.89 കോടി രൂപയാണ് പദ്ധതിക്കായി ചെലവായത്. ഇതിൽ 4.75 ലക്ഷം രൂപ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും 8.3 ലക്ഷം രൂപ ശ്രീനാരായണ മെഡിക്കൽ കോളജും നൽകി. ലഭ്യമായ സ്ഥലത്ത് നിർധനരും അശരണരുമായി കുടുംബങ്ങൾക്ക് ഭവനങ്ങൾ ഒരുക്കുന്നതിന് പഞ്ചായത്ത് തയാറാക്കിയ പദ്ധതിയാണ് കരുതലിന് ഒരു കൂട്ട്. ഇതനുസരിച്ച് 50 ഭവനങ്ങളാണ് പൂർത്തിയാകുന്നത്. 

420 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് 4 ലക്ഷം രൂപയാണ് ലൈഫ് മിഷൻ വഴി ലഭിക്കുന്നത്. ഈ തുക കൊണ്ട് ഭവന നിർമാണം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ എംജിഎൻആർഇജിഎസിന്റെ 30000 രൂപ, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ 70000 രൂപ, അർജുന എന്റർപ്രൈസസിന്റെ 50000 രൂപ എന്നിവ കൂടി ഉൾപ്പെടുത്തി 5.5 ലക്ഷം രൂപ വീതമാണ് ഓരോ ഭവനത്തിനും ചെലവഴിക്കുന്നത്. ബാക്കി തുക 1.1 കോടി രൂപ പഞ്ചായത്ത് ഹഡ്കോയിൽ നിന്ന് വായ്പയായി കണ്ടെത്തി. 80 ശതമാനത്തിലേറെ പൂർത്തീകരിച്ച വീടുകൾക്ക് ഇപ്പോൾ കളർ പെയിന്റ് അടിക്കുന്നതിന് ഹൈബി ഈഡൻ എംപിയുടെ സിഎസ്ആർ ഫണ്ടിൽ നിന്ന് തുക അനുവദിച്ചിട്ടുണ്ട്. അടുത്ത ഏതാനും നാളുകൾക്കുള്ളിൽ വീടിന്റെ നിർമാണം പൂർത്തീകരിച്ച് താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറാനുള്ള പരിശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത് ഭരണസമിതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com