ADVERTISEMENT

തൃപ്പൂണിത്തുറ ∙ യാത്രക്കാരുമായി കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കു കുതിച്ചെത്താൻ ഇനി മണിക്കൂറുകൾ മാത്രം. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനു സമീപം കൊച്ചി മെട്രോ കൂടി എത്തുന്നതോടെ ജനങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമാകുകയാണ്. നഗരത്തിന്റെ സമഗ്ര വികസനത്തിനു മെട്രോ എത്തുന്നതോടെ കഴിയും എന്ന പ്രതീക്ഷയാണ് നഗരവാസികൾക്ക്. കിഴക്കൻ മേഖലകളിൽ നിന്ന് എത്തുന്നവർക്ക് ഇനി തൃപ്പൂണിത്തുറ സ്റ്റേഷനിൽ ഇറങ്ങി എറണാകുളത്തേക്ക് മെട്രോയിൽ കയറി പോകാം.

കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ ബോർഡ് സ്ഥാപിക്കുന്നത് അടക്കമുള്ള അവസാനഘട്ട പണികൾ ചെയ്യുന്ന ജീവനക്കാർ.
കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലെ ബോർഡ് സ്ഥാപിക്കുന്നത് അടക്കമുള്ള അവസാനഘട്ട പണികൾ ചെയ്യുന്ന ജീവനക്കാർ.

റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള യാത്രക്കാരും എത്തുമെന്നതിനാൽ ടെർമിനൽ സ്റ്റേഷനിൽ നല്ല തിരക്ക് ഉണ്ടാകുമെന്ന കണക്ക് കൂട്ടലിലാണു കെഎംആർഎൽ അധികൃതർ. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ വരെ മെട്രോ റെയിൽ നീട്ടിയതോടെ പൂർണമായ പ്രയോജനം യാത്രക്കാർക്ക് ലഭിക്കും. യാത്രക്കാർക്ക് റോഡിൽ സമയം കളയാതെ വേഗത്തിൽ എത്താൻ മെട്രോ ഇവിടെ എത്തുന്നതോടെ കഴിയും എന്നതാണ് ഏറ്റവും വലിയ പ്രയോജനം.

രാജർഷി രാമവർമയുടെ ചിത്രം സ്ഥാപിച്ചു
കൊച്ചിയിലേക്ക് തീവണ്ടിപ്പാത എത്തിക്കാൻ മുൻകൈ എടുത്ത കൊച്ചി മഹാരാജാവായിരുന്ന രാജർഷി രാമവർയുടെ പൂർണകായ ചിത്രം തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ കെഎംആർഎൽ സ്ഥാപിച്ചിട്ടുണ്ട്. രാജകുടുംബം കഴിഞ്ഞ ദിവസം കെഎംആർഎൽ ഉദ്യോഗസ്ഥർക്കു കൈമാറിയ ചിത്രമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.  അന്നത്തെ കാലത്തു ബ്രിട്ടിഷുകാർ ഷൊർണൂർ വരെ മാത്രമേ തീവണ്ടി കൊണ്ടു വന്നിരുന്നുള്ളൂ. എന്നാൽ തന്റെ ആരാധന മൂർത്തിയായ ശ്രീപൂർണത്രയീശന്റെ 15 സ്വർണ നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണം വിറ്റാണ് അദ്ദേഹം തീവണ്ടി പാത കൊച്ചിയിലേക്ക് എത്തിച്ചത്. 

തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ ത്രീഡി ചിത്രം.
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന്റെ ത്രീഡി ചിത്രം.

ജോലികൾ അതിവേഗം
തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷന്റെ ഉദ്ഘാടനം അടുത്ത് എത്തിയതോടെ അവസാന ഘട്ട പണികളും വേഗത്തിലാക്കുകയാണു ജീവനക്കാർ. ബോർഡ് സ്ഥാപിക്കൽ, പാർക്കിങ് ഭാഗം നിർമിക്കൽ, മറ്റു വൃത്തിയാക്കുന്ന ജോലികൾ എല്ലാം സ്റ്റേഷനിൽ അതിവേഗം പുരോഗമിക്കുകയാണ്. എസ്എൻ ജംക്‌ഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്കുള്ള റോഡിന്റെ പണികളും അതിവേഗം പുരോഗമിക്കുകയാണ്. ഒരാഴ്ച കൊണ്ട് ഇങ്ങോട്ടുള്ള റോഡ് നിർമിക്കാൻ കഴിയും എന്ന് ജീവനക്കാർ പറഞ്ഞു.

വെബ് ഓപ്പൺ ഗർഡർ സംവിധാനത്തിലൂടെ
എസ്എൻ ജംക്‌ഷനിലെ റെയിൽവേ മേൽപാലത്തിനു മുകളിലൂടെ മെട്രോ കുതിക്കുന്നത് വെബ് ഓപ്പൺ ഗർഡർ സംവിധാനത്തിലൂടെ. 60 മീറ്റർ നീളമുള്ള സ്റ്റീൽ ഗർഡറുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. കൊച്ചി മെട്രോയിൽ ആദ്യമായിട്ടാണ് വെബ് ഓപ്പൺ ഗർഡർ ഉപയോഗിക്കുന്നത് എന്ന് കെഎംആർഎൽ അധികൃതർ പറഞ്ഞു. എസ്എൻ ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്കു മെട്രോ റെയിൽ നിർമിക്കുമ്പോൾ ഉണ്ടായിരുന്ന പ്രധാന വെല്ലുവിളിയായിരുന്നു മേൽപാലത്തിനു സമീപത്തെ സ്ഥല പരിമിതി.

 കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന മ്യൂറൽ ചിത്രങ്ങൾ.
കൊച്ചി മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്ന മ്യൂറൽ ചിത്രങ്ങൾ.

പാലത്തിന്റെ സമീപത്ത് നിന്ന് 152 മീറ്റർ റേഡിയസിൽ വളഞ്ഞാണു മെട്രോ റെയിൽ പോകേണ്ടത്. മേൽപാലം, റെയിൽവേ പാളം, പെട്രോളിയം പൈപ്പ് ലൈൻ തുടങ്ങിയവ ഈ ഭാഗത്തു ഉള്ളതിനാൽ ഇവിടെ കൂടുതൽ തൂണുകൾ നിർമിക്കാൻ സാധിക്കില്ല. അതിനാൽ തന്നെ ഇവിടെയുള്ള ഗർഡറുകൾ കോൺക്രീറ്റ് ഘടനയിൽ പ്രായോഗികമല്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തൂണുകൾ ബന്ധിപ്പിക്കാൻ കോൺക്രീറ്റ് ഘടനയ്ക്ക് പകരം 60 മീറ്റർ വരുന്ന സ്റ്റീലിന്റെ വെബ് ഓപ്പൺ ഗർഡർ സംവിധാനം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

വികസനക്കുതിപ്പേകും മെട്രോ
റെയിൽവേ സ്റ്റേഷനും മെട്രോ സ്റ്റേഷനും ബസ് സ്റ്റാൻഡും അടുത്തടുത്ത് വരുന്നതോടെ വലിയ വികസനമാണ് നഗരത്തിൽ വരാൻ പോകുന്നത്. ജൂണിൽ തന്നെ ബസ് സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നടത്താമെന്നു പ്രതീക്ഷയിലാണ് നഗരസഭ. പദ്ധതിയുടെ ഡിപിആർ തയാറാക്കാൻ ജിസിഡിഎക്ക് കൈമാറിയിട്ടുണ്ട്. 2026 –ൽ ബസ് സ്റ്റാൻഡിന്റെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. റെയിൽവേ, മെട്രോ, ബസ് സ്റ്റാൻഡ് എന്നിവ മൂന്നും ഇവിടെ സംഗമിക്കുന്നതോടെ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ 2 കേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന നഗരം കുറച്ചു കൂടി വളർന്നു വിസ്തൃതി കൈവരിക്കും. ദൂര ദേശങ്ങളിൽ നിന്നു ട്രെയിനുകളിൽ വരുന്നവർക്ക് എറണാകുളം ഭാഗത്തേക്ക് മെട്രോയിൽ കയറ്റി പോകാനാകും.

ജില്ലയിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായി തൃപ്പൂണിത്തുറ റെയിൽവെ സ്റ്റേഷൻ മാറും. കൂടാതെ വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്തു നഗരത്തിലേക്ക് ഇറങ്ങി ഷോപ്പിങ്ങിനു മറ്റും പോകാനും സാധിക്കും. ഈ ഭാഗത്തു കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ വരുമെന്നതിനാൽ വ്യാപാര മേഖലയിലും വികസനം ഉണ്ടാകും. ഇവിടെ എത്തുന്ന ബസുകൾക്കു സൗകര്യപ്രദമായി പാർക്ക് ചെയ്യാനുള്ള സൗകര്യം ടെർമിനലിൽ ഉണ്ടാകും. വൈറ്റില മൊബിലിറ്റി ഹബ് മാതൃകയിൽ ബസുകളുടെ ഹബ്ബാക്കി മാറ്റിയാൽ എത്ര അകലെ നിന്നുള്ളവർക്കും ഇവിടെ എത്തിയാൽ ബസ് കിട്ടുന്ന സാഹചര്യമുണ്ടാകും. അതേ പോലെ നേരിട്ട് സ്റ്റേഷനു മുന്നിൽ ബസിറങ്ങാൻ കഴിയുകയും ചെയ്യും.

റോഡിന്റെ കാര്യം മറക്കരുത്
മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോൾ എസ്എൻ ജംക്‌ഷൻ - റിഫൈനറി റോഡിൽ നിന്ന് കിഴക്കേക്കോട്ട - ഹിൽപാലസ് റോഡിലേക്ക് മെട്രോ സ്റ്റേഷന്റെ സമീപത്തുകൂടി പുതിയ റോഡ് വേണമെന്ന ആവശ്യം അധികൃതർ മറന്നുകൂടാ. ഈ റോഡ് നിർമിക്കാതെ മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ചാൽ മാർക്കറ്റ് റോഡ്, പള്ളിപറമ്പ്കാവു റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടാകും എന്നാണ് നാട്ടുകാരുടെ ആശങ്ക. അതിനു ഏക പരിഹാരമാണ് റോഡ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com