ADVERTISEMENT

കാലടി∙  ബലി തർപ്പണത്തിന് ആയിരങ്ങളെ വരവേൽക്കാൻ കാലടി പെരിയാർ മണപ്പുറം ഒരുങ്ങി. രാത്രി 12നു ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. കർമങ്ങൾ ചെയ്യാൻ മണപ്പുറത്ത് 8 ബലിത്തറകളും പരികർമികളും സജ്ജരാണ്. ഇന്നു വൈകിട്ട് 6.30 നു തിരുവാതിര, കോലാട്ടം, 8നു ശാസ്ത്രീയ നൃത്തം, 8.30 നു സാംസ്കാരിക സമ്മേളനം എന്നിവയുണ്ടാകും. സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യും. ശിവരാത്രി ആഘോഷ സമിതി പ്രസിഡന്റ്വ.എസ്.സുബിൻകുമാർ അധ്യക്ഷത വഹിക്കും.

കാലടി ശ്രീരാമകൃഷ്ണ അദ്വൈത ആശ്രമം പ്രസിഡന്റ് സ്വാമി ശ്രീവിദ്യാനന്ദ മുഖ്യാതിഥിയാകും. എംഎൽഎമാരായ റോജി. എം.ജോൺ. എൽദോസ് കുന്നപ്പിള്ളി എന്നിവർ സംബന്ധിക്കും. പ്രമുഖ വ്യവസായി വി.പി.തങ്കച്ചനു ശിവരാത്രി പുരസ്കാരവും നൃത്തരംഗത്ത് 50 വർഷം പൂർത്തിയാക്കിയ സുധ പീതാംബരന് നൃത്തകല പുരസ്കാരവും സമ്മാനിക്കും. പുഴയുടെ നടുവിലെ മണപ്പുറത്തേക്ക് എത്താൻ കാലടി ആശ്രമം റോഡിലെ ശിവരാത്രി കടവിൽ നിന്നു 80 മീറ്റർ നീളത്തിലും 12 അടി വീതിയിലും താൽക്കാലിക പാലം നിർമിച്ചിട്ടുണ്ട്.

താന്നിപ്പുഴ-ചേരാനല്ലൂർ റോഡിലെ താന്നിപ്പുഴ മണേലി കടവിൽ നിന്നു ജങ്കാർ സർവീസ് ഉണ്ടാകും.  മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക ശിവരാത്രി പൂജകൾക്കു ശേഷമായിരിക്കും ബലി തർപ്പണം ആരംഭിക്കുന്നത്. മണപ്പുറത്ത് നിർമിച്ചിട്ടുള്ള താൽക്കാലിക സ്റ്റേജിൽ പുലരും വരെ കലാപരിപാടികൾ അരങ്ങേറും. കൂടാതെ വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്കും ഉണ്ട്.

ബലി തർപ്പണം കഴിഞ്ഞു മടങ്ങുന്നവർക്ക് ശിവരാത്രി ആഘോഷ സമിതി സൗജന്യമായി പ്രഭാത ഭക്ഷണം നൽകും. ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചു കഴിഞ്ഞ മാസം 28 മുതൽ മണപ്പുത്തെ മഹാദേവ ക്ഷേത്രത്തിൽ ഗണപതി ഹോമവും വൈകിട്ട് ദീപാരാധനയും നടക്കുന്നുണ്ട്. ഇത് 29 വരെ തുടരും. കാലടി മണപ്പുറത്തെ 76-ാം വർഷത്തെ ശിവരാത്രി ആഘോഷമാണ് ഇത്തവണ നടക്കുന്നത്. 1948ൽ അൻപതോളം പേർ മാത്രം പങ്കെടുത്തായിരുന്നു കാലടി മണപ്പുറത്ത് ആദ്യത്തെ ശിവരാത്രി ആഘോഷം. ശാന്തികേതൻ നായരുടെ പ്രഭാഷണവും സോമശേഖരൻ വൈദ്യരുടെ കഥാപ്രസംഗവും 2 മുറുക്കാൻ കടക്കാരും ഒരു കട്ടൻകാപ്പി കച്ചവടക്കാരനും ആഘോഷത്തിന്റെ ഭാഗമായുണ്ടായിരുന്നു.

4 പെട്രോമാക്സുകൾ വെളിച്ചം പകർന്നു. മൂന്നാമത്തെ വർഷം മുതൽ മണപ്പുറത്ത് ശിവരാത്രി ദിവസം വൈദ്യുതിയും വെള്ളവും സജ്ജീകരിക്കുകയും കലാപരിപാടികൾക്ക് സ്റ്റേജ് പണിയുകയും ചെയ്തു. മുതലക്കടവിൽ നിന്നു കടത്തു വഞ്ചിയിലാണ് ഭക്തർ ശിവരാത്രി ആഘോഷിക്കാൻ മണപ്പുറത്ത് എത്തിയിരുന്നത്. 14-ാമത് ശിവരാത്രി മുതലാണു മണപ്പുറത്തേക്ക് താൽക്കാലിക പാലം നിർമിച്ചു തുടങ്ങിയത്. ശിവരാത്രി ആഘോഷത്തിനു മാത്രമായി നേരത്തെ താൽക്കാലിക ക്ഷേത്രം നിർമിക്കുകയായിരുന്നു. 2002ൽ ആണ് പുഴയിൽ നിന്നു ലഭിച്ച മഹാദേവന്റെ പുരാതന വിഗ്രഹം പ്രതിഷ്ഠിച്ച് സ്ഥിരമായി ക്ഷേത്രം നിർമിച്ചത്. ക്ഷേത്രത്തിൽ എല്ലാ ശനിയാഴ്ചയും ഒരു നേരത്തെ പൂജയും മണ്ഡലക്കാലത്ത് ദിവസ പൂജയും നടത്തുന്നു. മഹാദേവൻ കിരാത രൂപത്തിൽ വന്ന് നടത്തിയ പരീക്ഷണത്തിൽ വിജയിയായ അർജുനന് പാശുപതാസ്ത്രം നൽകിയതിനു ശേഷമുള്ള രൂപത്തിലാണ് ഇവിടത്തെ മഹാദേവ പ്രതിഷ്ഠാ സങ്കൽപം.ശ്രീശങ്കരൻ തന്റെ മാതാവിന് കാലടി പുഴയിൽ ബലി തർപ്പണാദികൾ നടത്തിയത് ഐതിഹ്യ പ്രസിദ്ധമാണ്. അതിനാൽ കാലടി പുഴയിൽ ബലിയിടുന്നത് വിശേഷമായി കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com