ADVERTISEMENT

വൈപ്പിൻ∙ കടൽത്തീരത്ത് അടുക്കാനാവാത്ത തിരക്ക്. കായൽ‌ത്തീരത്ത് സൗകര്യങ്ങൾ തീരെ കുറവ്. പിന്നെയുള്ളത്  കനാലുകളാണ്. ഗ്രാമീണ ജീവിതം തൊട്ടറി‍ഞ്ഞുകൊണ്ട് ശാന്തമായ ജലയാത്ര ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുകയാണ് പുഴയുടെ കൈവഴിയായി പടിഞ്ഞാറേക്കൊഴുകുന്ന തോടുകൾ. തോട്ടിലേക്ക് നേരെ തുറന്നിരുന്ന ശുചിമുറികളായിരുന്നു നേരത്തെ ഇത്തരം പദ്ധതികൾക്കുള്ള തടസ്സം. എന്നാൽ അവയിൽ ഭൂരിപക്ഷവും ഇപ്പോൾ നീക്കം  ചെയ്യപ്പെട്ടിട്ടുണ്ട്. പല തോടുകളുടേയും ആഴവും വർധിപ്പിച്ചിട്ടുണ്ട്. 

മാലിന്യ ഭീഷണി  പൂർണമായും നീങ്ങിയിട്ടില്ലെങ്കിലും  വിദേശികൾക്കും  മറ്റും അരോചകമായേക്കാവുന്ന  കാഴ്ചകളില്ല. ഓരോ തോടിന്റേയും ഇരുകരകളിലും ഗ്രാമീണ ജീവിതം സജീവം. കടൽ കണ്ടു മടുത്ത് എത്തുന്ന  വിനോദസഞ്ചാരികൾക്ക് ഇത്തരം കാഴ്ചകാളോടാണത്രെ ഇപ്പോൾ കമ്പം. മടലുതല്ലലും കൈത്തറി നെയ്ത്തു മുതൽ ബോട്ടു നിർമാണം വരെ വിസ്മയക്കാഴ്ചകളായി തോട്ടിൻകരകളിലുണ്ട്. ചെറുചീന വലകളും തോടുകളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇവയോട്  ചേർന്നാണ് ചെമ്മീൻകെട്ടുകൾ.പടി‍ഞ്ഞാറേക്കൊഴുകുന്ന തോടുകൾ കടലുമായി  ചേരുന്നില്ലെങ്കിലും അതിന് പരിസരത്തു തന്നെയാണ്  അവസാനിക്കുന്നത്.

കനാൽ യാത്ര കഴി‍ഞ്ഞാൽ  ബീച്ചിലേക്ക് അധികം ദൂരമില്ല.പ്രമുഖ ബീച്ചുകളെയും ഇത്തരത്തിൽ കനാൽ ടൂറിസവുമായി  ബന്ധപ്പെടുത്താൻ  കഴിഞ്ഞാൽ നേട്ടമാവും.കനാൽ ടൂറിസത്തിന് പുറം കാഴ്ചകൾ നന്നായി ആസ്വദിക്കാൻ  കഴിയുന്ന  തുറന്ന വള്ളങ്ങളാണ് നല്ലത്. തോടുകൾക്ക് ആവശ്യത്തിന് ആഴമുണ്ടെങ്കിൽ ചെറുബോട്ടുകളും ഇത്തരം യാത്രയ്ക്ക് ഉപയോഗിക്കാൻ  കഴിയും. ഇനി വലിയ  ബോട്ടുണ്ടെങ്കിൽ കൊച്ചി നഗരത്തിൽ നിന്നു ജലമാർഗം തന്നെ  വൈപ്പിന്റെ  കിഴക്കൻ തീരത്തെത്തുകയും അവിടെ നിന്ന് വള്ളത്തിലോ ബോട്ടിലോ തോടുകളിലേക്ക് പ്രവേശിക്കുകയും ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com