ADVERTISEMENT

മൂവാറ്റുപുഴ∙ കടുവേലി പാടത്തും പാടം റോഡിലും മദ്യക്കുപ്പി പൊട്ടിയ ചില്ലുകളും ലഹരി ഉപഭോക്താക്കൾ ഉപയോഗിച്ച സിറിഞ്ചുകളും നിറഞ്ഞിരിക്കുകയാണ്. ഇവിടെ എത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ കുപ്പിച്ചില്ലും സിറിഞ്ചിലെ സൂചിയും കാലിൽ തറയ്ക്കും. കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കാലുകളിൽ കുപ്പിച്ചില്ലുകൾ കയറിയുള്ള അപകടങ്ങൾ വർധിച്ചതിനെ തുടർന്ന് പഞ്ചായത്ത് അംഗം ജിഷ ജിജോയുടെ നേതൃത്വത്തിൽ പ്രദേശവാസികളായ വീട്ടമ്മമാർ സംഘടിച്ചു റോഡിലെ കുപ്പി ചില്ലുകൾ നീക്കി റോഡ് വൃത്തിയാക്കി. സായാഹ്നങ്ങൾ ആസ്വദിക്കാൻ കുടുംബ സമേതം ഒട്ടേറെപ്പേർ എത്തുന്ന സ്ഥലത്താണ് ലഹരി സംഘങ്ങളുടെ വിളയാട്ടം.

മദ്യപിച്ച ശേഷം മദ്യ കുപ്പികൾ നിലത്തടിച്ചു പൊട്ടിക്കുന്നതാണു ജനങ്ങൾക്കും കർഷകർക്കും  ദുരിതം സൃഷ്ടിക്കുന്നത്. പാടത്ത് ഇറങ്ങിയാൽ കർഷകരുടെയും തൊഴിലാളികളുടെയും കാലുകളിൽ ചില്ലുകൾ തറയ്ക്കും. റോഡിലൂടെ നടക്കുന്നവരുടെ കാലിലും ഇരുചക്ര വാഹനങ്ങളുടെ ടയറുകളിലും കുപ്പിച്ചില്ലുകൾ തറച്ചു കയറുന്നുണ്ട്.ഈസ്റ്റ് മാറാടി പള്ളിത്താഴത്തിനും കുരുക്കുന്നപുരം പള്ളിക്കും ഇടയിലുള്ള ഒന്നേകാൽ കിലോമീറ്റർ നീളം വരുന്ന പാടശേഖരത്തിന് നടുവിലൂടെയുള്ള ഫാം റോഡിലാണ് രാത്രികാലങ്ങളിൽ ലഹരി സംഘങ്ങൾ അഴിഞ്ഞാടുന്നത്.

രാത്രി ദൂരദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇരുചക്ര വാഹനങ്ങളിലും കാറുകളിലും എത്തി ലഹരി ഉപയോഗിക്കാനും വിൽപന നടത്താനും ഇവിടമാണ് ഇവർ ഉപയോഗിക്കുന്നത്. ഇവർ ഇരു ഭാഗങ്ങളായി തിരിഞ്ഞ് സംഘർഷങ്ങൾ ഉണ്ടാക്കുന്നത് പതിവാണ്. പൊലീസ് എത്തുമ്പോൾ പാടത്തിന്റെ മറുഭാഗത്തേക്ക് ഓടി കടന്നു കളയുന്നതിനാൽ ലഹരി സംഘങ്ങൾ പിടിയിലായിട്ടില്ല. ലഹരി സംഘത്തിനെതിരെ ശക്തമായ നടപടി വേണമെന്നു പഞ്ചായത്തംഗങ്ങളായ ജിഷ ജിജോയും രതീഷ് ചങ്ങാലിമറ്റവും ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com