ADVERTISEMENT

കൊച്ചി ∙ മാലിന്യ നീക്കത്തിനായി വാങ്ങിയ ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്ക് ഒരു കുഴപ്പവുമില്ലെന്നാണു കോർപറേഷൻ അധികൃതർ പറയുന്നത്. എന്നാൽ പല ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളും ഓടിക്കാനാകാതെ പലയിടങ്ങളിലായി നിർത്തിയിട്ടിരിക്കുകയാണ്. ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്കു ഗുണനിലവാരമില്ലെന്നു ഓഡിറ്റ് വിഭാഗം നേരത്തേ തന്നെ റിപ്പോർട്ട് നൽകിയിരുന്നു.  വൈറ്റില കുന്നറ പാർക്കിൽ കേടായ 4 ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളാണ് ആഴ്ചകളായി നിർത്തിയിട്ടിരിക്കുന്നത്. സന്ദർശകർ പതിവായി വരുന്ന പാർക്കിലെ മരത്തണലിലാണു മുച്ചക്ര സൈക്കിളുകൾ കിടക്കുന്നത്. 

ഇതെന്താണ് ഈ വണ്ടിയൊക്കെ ഇവിടെയിങ്ങനെ കിടക്കുന്നതെന്നു സന്ദർശകരിൽ പലരും ചോദിച്ചു തുടങ്ങി. കടവന്ത്ര കെപി വള്ളോൻ റോഡിലെത്തിയാൽ റോഡരികിൽ തന്നെ കേടായി മറ്റൊരു ഇ– മുച്ചക്ര സൈക്കിൾ കിടക്കുന്നതു കാണാം. ഈ മുച്ചക്ര സൈക്കിളിന്റെ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കണമെന്നു കൗൺസിലർ ആവശ്യപ്പെട്ടിട്ടും ഒന്നും നടന്നില്ല. ആ മുച്ചക്ര സൈക്കിൾ അവിടെ നിന്ന് ഒന്നു നീക്കിയിടാൻ പോലും കോർപറേഷൻ അധികൃതർ മിനക്കെട്ടില്ല. കഴിഞ്ഞ ദിവസം സുഭാഷ് ചന്ദ്രബോസ് റോഡിലൂടെ പോകുമ്പോൾ മറ്റൊരു കാഴ്ച കണ്ടു. കേടായ ഇ– മുച്ചക്ര സൈക്കിളിനെ മാലിന്യ ലോറി കെട്ടിവലിച്ചു കൊണ്ടു പോകുന്നു. ഹൈക്കോടതിക്കു സമീപമുള്ള കോർപറേഷന്റെ യാഡിൽ പോയാൽ അവിടെയും കാണാം കേടായി കിടക്കുന്ന നാലഞ്ച് ഇ– മുച്ചക്ര സൈക്കിളുകൾ.

സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) നൽകിയ2.39 കോടി രൂപ ചെലവഴിച്ച് 120 ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾ കഴിഞ്ഞ വർഷം ഓഗസ്റ്റിലാണു കോർപറേഷൻ വാങ്ങിയത്. ഒരു മുച്ചക്ര സൈക്കിളിന് തമിഴ്നാട് കമ്പനിക്കു നൽകിയത് 1.99 ലക്ഷം രൂപ. ഒരു വർഷം വരെ അറ്റകുറ്റപ്പണിയും കമ്പനിയുടെ ചുമതലയാണ്. അതേ സമയം, ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളെല്ലാം നല്ല രീതിയിൽ ഓടുന്നുണ്ടെന്നാണു കോർപറേഷൻ ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ടി.കെ. അഷ്റഫിന്റെ പക്ഷം. വാഹനങ്ങൾക്കു സാധാരണ രീതിയിലുള്ള അറ്റകുറ്റപ്പണി മാത്രമാണ് ആവശ്യമായി വരുന്നത്. കമ്പനിയിൽ നിന്ന് ആളുകൾ വന്നാണ് ഇതു ചെയ്യുന്നത്. ഭാവിയിൽ അറ്റകുറ്റപ്പണി നടത്താനായി കോർപറേഷൻ ജീവനക്കാർക്കു പരിശീലനം നൽകുന്നുണ്ടെന്നും ചെയർമാൻ പറഞ്ഞു.    

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com