ADVERTISEMENT

അണക്കര ∙ കാറ്റിൽ നഷ്ടമായത് 1700 വാഴകൾ, ഇൻഷുറൻസ് തുക 360 വാഴകൾക്ക് മാത്രമെന്ന് കൃഷി വകുപ്പ്. നിയമനടപടിക്കൊരുങ്ങി കർഷകൻ. ചക്കുപള്ളം പഞ്ചായത്തിൽ സുൽത്താൻകട ഭാഗത്ത് പാട്ടത്തിന് എടുത്ത സ്ഥലത്ത് ഏത്തവാഴ കൃഷി നടത്തിയ ജോഷി വർഗീസാണ് ഇൻഷുർ ചെയ്ത വാഴകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ നിയമ നടപടിക്ക് ഒരുങ്ങുന്നത്. 

2000 ഏത്തവാഴകളാണ് ജോഷി കൃഷി ചെയ്തത്. ഇത് പൂർണമായും ഇൻഷുർ  ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ കാറ്റിൽ വലിയ തോതിൽ കൃഷിനാശം സംഭവിച്ചു. വിവരം കൃഷി ഓഫിസിൽ അറിയിച്ചതോടെ കൃഷി അസിസ്റ്റന്റ് സ്ഥലത്തെത്തി 1700 വാഴകൾ നശിച്ചതായി റിപ്പോർട്ട് നൽകി. തുടർന്ന് അർഹമായ നഷ്ടപരിഹാരത്തിനായി ജോഷി അപേക്ഷ സമർപ്പിച്ചു. എന്നാൽ ഇത്രയും വാഴകൾ നശിച്ചിട്ടില്ലെന്നും 700 വാഴകളുടെ നഷ്ടപരിഹാരം നൽകാം എന്നുമാണ് കൃഷി ഓഫിസിൽ നിന്ന് മറുപടി ലഭിച്ചതെന്ന് ജോഷി പറഞ്ഞു. 300 രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കേണ്ടത്. കഴിഞ്ഞ ദിവസം കൃഷി ഓഫിസിൽ എത്തിയപ്പോൾ 360 വാഴകൾ മാത്രമാണ് നശിച്ചതെന്നും, ഇതിനുള്ള നഷ്ടപരിഹാരം മാത്രമേ നൽകാൻ കഴിയൂ എന്നുമാണ് അറിയിച്ചത്. ഇതേത്തുടർന്നാണ് നിയമനടപടികളിലേക്കു കടക്കുന്നത്.

എന്നാൽ ജോഷിയുടെ തോട്ടത്തിലെ 360 വാഴകൾ മാത്രമാണ് പ്രകൃതിക്ഷോഭം മൂലം നഷ്ടമായതെന്ന് കൃഷി ഓഫിസർ പ്രിൻസി ജോൺ പറഞ്ഞു. ശരിയായ പരിചരണത്തിന്റെ കുറവു മൂലവും കൃഷി നശിച്ചിട്ടുണ്ട്. അതിന് നഷ്ടപരിഹാരം നൽകാനാവില്ല. 1700 വാഴകൾ നശിച്ചു എന്ന റിപ്പോർട്ട് ലഭിച്ചതോടെ കൃഷി ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് സ്ഥലത്ത് പോയി കാറ്റിൽ ഒടിഞ്ഞ വാഴകളുടെ എണ്ണം കൃത്യമായി നൽകാൻ തനിക്ക് നിർദേശം നൽകിയെന്നും അതുപ്രകാരം നടത്തിയ പരിശോധനയിലാണ് 360 വാഴകൾ നശിച്ചതായി ബോധ്യപ്പെട്ടത് എന്നുമാണ് കൃഷി ഓഫിസർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com