ADVERTISEMENT

തൊടുപുഴ ∙ കാട്ടാനയിറങ്ങാത്ത ദിവസങ്ങൾ വിരളമായ മൂന്നാർ, ചിന്നക്കനാൽ, അഞ്ചുനാട് മേഖലകളിൽ ഇവയുടെ എണ്ണവും വരവും പോക്കും കണ്ടെത്താൻ ശാസ്ത്രീയ മാർഗങ്ങളില്ല. കഴിഞ്ഞ 15 വർഷത്തിനിടെ 50 പേരാണ് ജില്ലയിൽ കാട്ടാനയാക്രമണങ്ങളിൽ മരിച്ചത്. കഴിഞ്ഞ ജനുവരിയിൽ മാത്രം 4 പേർ കൊല്ലപ്പെട്ടു. ഇത്രയേറെപ്പേർ മരിക്കുകയും ഒട്ടേറെപ്പേർക്കു പരുക്കേൽക്കുകയും കണക്കറ്റ കൃഷിനാശമുണ്ടാകുകയും ചെയ്തിട്ടും കാട്ടാനകളുടെ സഞ്ചാരപഥം പഠിക്കാൻ പോലും സർക്കാർ സംവിധാനമില്ല.

എഐ ക്യാമറകളും ഡ്രോണുകളും അടക്കം ശാസ്ത്രീയ സന്നാഹങ്ങൾ വനനിരീക്ഷണത്തിന് ഉപയോഗിക്കുന്ന മാതൃക ബംഗാളിലും മധ്യപ്രദേശില‍ുമടക്കം വനംവകുപ്പ് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. എന്നാൽ, നിരന്തരം ആനയിറങ്ങുന്ന ചിന്നക്കനാൽ, മൂന്നാർ, പീരുമേട്, നെടുങ്കണ്ടം, പൂപ്പാറ, മറയൂർ തുടങ്ങിയ മേഖലകളിൽ പടക്കം പൊട്ടിക്കലാണ് ആനയെ അകറ്റാൻ ഏകമാർഗം. എന്നാൽ, നിരന്തര പടക്കംപൊട്ടിക്കൽ ആനകളെ പ്രകോപിതരാക്കുകയേയുള്ളൂ എന്നാണു നാട്ടുകാരുടെ അനുഭവം. 

കരി പിടിച്ച ഇടുക്കി
പടയപ്പയെന്നും ചക്കക്കൊമ്പനെന്നും പേരിട്ടുവിളിക്കുന്ന ആനകൾ ഇടുക്കിയുടെ സ്വൈരം കെടുത്തുന്നുണ്ട്. ഒറ്റയാന്മാരും രണ്ടോ മൂന്നോ ആനകൾ മാത്രമുള്ള ചെറു സംഘങ്ങളും മുതൽ നാൽപതിലേറെ ആനകളുടെ കൂട്ടം വരെയാണ് ജില്ലയിലെ ജനവാസമേഖകളിൽ വിഹരിക്കുന്നത്. സ്ഥിരം വഴികളിലൂടെയാണു യാത്രയെന്നതിനാൽ ഇവയുടെ യാത്രാപഥവും കാലവും കണ്ടുപിടിക്കാനും നാട്ടുകാർക്കു മുന്നറിയിപ്പു നൽകാനും കഴിയും. കെഎഫ്ആർഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങളെ ഇതിനായി ആശ്രയിക്കാൻ കഴിയുമെങ്കിലും നടപടിയുണ്ടായിട്ടില്ല. കുടിവെള്ള ലഭ്യത, ഭക്ഷണ സാന്നിധ്യം എന്നിവ തേടി ആനകൾ ഇനിയും വന്നുകൊണ്ടിരിക്കുമെന്നുറപ്പ്. ആനത്താരകൾക്കു കുറുകെ പലയിടങ്ങളിലും സൗരവേലിയും ട്രഞ്ചുകളും വന്നതിനാൽ ഈ തടസ്സങ്ങൾ മറികടക്കാൻ ജനവാസ കേന്ദ്രങ്ങളിലൂടെ ബദൽ വഴികൾ കണ്ടെത്തുകയാണ് ആനകൾ.

കാട്ടിലും വേണം എഐ ക്യാമറ
ഏതു രാത്രിയിലും ഹെൽമറ്റും സീറ്റ് ബെൽറ്റും കണ്ടെത്തി പിഴ അടപ്പിക്കുന്ന റോഡിലെ എഐ ക്യാമറകളുടെ സാധ്യത കാട്ടിലും പരീക്ഷിക്കാവുന്നതാണ്. തൃശൂർ ജില്ലയിൽ ആനമല പാതയിൽ തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം കാട്ടാനകളുടെ സാന്നിധ്യം മുൻകൂട്ടി അറിയാൻ വനം വകുപ്പ് എഐ ക്യാമറ സ്ഥാപിച്ചിരുന്നു. ഈ ആർട്ടിഫിഷൽ ഇന്റലിജൻസ് എലിഫന്റ് ഡിറ്റക‌്ഷൻ സംവിധാനം രാത്രിയിലും ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുമായിരുന്നു. എന്നാൽ‌ ഇതുപോലുള്ള യാതൊരു ആധുനിക സംവിധാനവും കാട്ടാന വിളയാടുന്ന ഇടുക്കിയിലില്ല എന്നതാണ് സത്യം. 

മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനു കീഴിൽ ആനയുടെ സാന്നിധ്യം ജനങ്ങളെ അറിയിക്കുന്നതിനുള്ള സംവിധാനം പ്രവർത്തിക്കുന്നുണ്ട്. മൊബൈൽ ഫോണിലേക്ക് വിവരം അറിയിക്കുന്നതാണ് സംവിധാനം. കൂടാതെ വനം വകുപ്പ് വാച്ചർമാരുടെ നേതൃത്വത്തിൽ, ആനകളുടെ സാന്നിധ്യം അറിയിക്കുന്നതിനായി വിവിധ വാട്സാപ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഉൾപ്രദേശങ്ങളിൽ മൊബൈൽ ഫോണിന് റേഞ്ച് പ്രശ്നം ഉള്ളതിനാൽ പലപ്പോഴും വിവരങ്ങൾ കൈമാറുന്നതിന് തടസ്സം നേരിടുന്നുണ്ട്.

കാട്ടാനകേന്ദ്രമായി തോട്ടം മേഖല
ജില്ലയിൽ ഏറ്റവുമധികം കാട്ടാനശല്യമുള്ളത് മൂന്നാർ മേഖലയിലാണ്. പടയപ്പ, കട്ടക്കൊമ്പൻ, ഒറ്റക്കൊമ്പൻ എന്നിവരാണ് ഇതിൽ പ്രമുഖർ. കൂടാതെ വിവിധ സ്ഥലങ്ങളിലായി അൻപതിലധികം ആനകളാണ് നിലവിൽ ഉള്ളത്. മാട്ടുപ്പെട്ടി, കന്നിമല, പെരിയവര, കുണ്ടള, തെന്മല, ലക്ഷ്മി മേഖലകളിലാണ് ഏറ്റവുമധികം കാട്ടാന ശല്യമുള്ളത്.

രണ്ടാഴ്ച മുൻപ് തെന്മലയിൽ വച്ച് രാത്രി കോയമ്പത്തൂർ സ്വദേശിയെ കട്ടക്കൊമ്പൻ എന്ന കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കൂടാതെ തോട്ടം തൊഴിലാളികൾ നട്ടുവളർത്തിയ ഒട്ടേറെ പച്ചക്കറി കൃഷികളും വാഴകളും അവരുടെ ഷെഡുകളും കാട്ടാന അടുത്ത നാളുകളിൽ നശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ പടയപ്പ ഉൾപ്പെടെ 12 ആനകളാണ് കന്നിമല ടോപ് ഡിവിഷനിലെ ജനവാസ മേഖലയിൽ ഇറങ്ങിയത്. 

പീരുമേട് പ്ലാക്കത്തടം, കല്ലാർ പുതുവൽ, അഴുതയാർ, വണ്ടിപ്പെരിയാർ വള്ളക്കടവ്, പീരുമേട് തോട്ടാപുര, പീരുമേട് ട്രഷറി ക്വാർട്ടേഴ്സ്, പെരുവന്താനത്തെ ടിആർ ആൻഡ് ടി എസ്റ്റേറ്റ്, വണ്ടിപ്പെരിയാർ തങ്കമല എന്നിവിടങ്ങളിൽ സ്ഥിരമായി ആനക്കൂട്ടം എത്തി നാശം വിതയ്ക്കുന്നുണ്ട്. 

കാട്ടാന എങ്ങനെ നാട്ടിലെത്തി ? 
വേനൽ കടുത്തതോടെ ഉൾവനങ്ങളിൽ തീറ്റയും വെള്ളവും ലഭിക്കാതായതോടെയാണ് കാട്ടാനകൾ തീറ്റ തേടി തോട്ടം മേഖലയിലേക്ക് ഇറങ്ങുന്നതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഉൾക്കാടുകളിൽ പുല്ലും മറ്റു സസ്യങ്ങളും തിന്നു മേഞ്ഞു ജീവിച്ചിരുന്ന കാട്ടാനകൾ കൂട്ടമായി നാടിറങ്ങുന്നതിനു പിന്നിൽ ഒരു നിശ്ശബ്ദ വില്ലനുണ്ട് – കാട്ടിലാകെ പടർന്നുകയറുന്ന അധിനിവേശ സസ്യങ്ങൾ.

ചുഴലിപ്പാറകം എന്നയിനത്തിലുള്ള സസ്യമാണ് ഇതിൽ ഏറ്റവും അപകടകാരി. കാട്ടിലെ ജലസ്രോതസ്സുകളുടെ തീരത്തെ പുൽമേടുകളെ ഇല്ലാതാക്കി ചുഴലിപ്പാറകം വൻതോതിൽ പടർന്നു പിടിച്ചുകഴിഞ്ഞു. തിന്നാൻ കൊള്ളാത്തവയാണ് ഇവയെന്നതിനാൽ ആനകളുടെ പ്രധാന ഭക്ഷണ സ്രോതസ്സ് ഇല്ലാതായി. ഇതോടെ തീറ്റ തേടി ആനകൾക്കു നാട്ടിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ്. വനമേഖലയിലെ അധിനിവേശ സസ്യങ്ങൾ കാട്ടാനയുൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതായി പരിസ്ഥിതി പ്രവർത്തകരും ആരോപിക്കുന്നു.

കാെങ്ങിണി, കമ്യൂണിസ്റ്റ് പച്ച, പാവാടപ്പൂവ് എന്നിവയാണ് ജില്ലയിലെ വന മേഖലകളിൽ സാധാരണയായി കാണുന്ന അധിനിവേശ സസ്യങ്ങൾ. എന്നാൽ കാട്ടാനകൾ ഭക്ഷണം തേടി ജനവാസ മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന ദേവികുളം റേഞ്ചിന് കീഴിൽ ഇത്തരം അധിനിവേശ സസ്യങ്ങളുടെ വ്യാപനം ശ്രദ്ധയിൽപെട്ടിട്ടില്ലെന്ന് റേഞ്ച് ഓഫിസർ പി.വി.വെജി പറയുന്നു. 

മൂന്നാറിലെ വില്ലൻ വാറ്റിൽ
മൂന്നാർ ഉൾപ്പെടെയുള്ള വനമേഖലയിൽ അധിനിവേശ സസ്യങ്ങൾ ഏറെയുണ്ടെങ്കിലും സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി നട്ടുവളർത്തിയ വാറ്റിൽ മരങ്ങളാണ് വന്യമൃഗങ്ങൾക്കും പ്രകൃതിക്കും ഏറ്റവും ഭീഷണിയായിരിക്കുന്നത്. വ്യാവസായികാവശ്യങ്ങൾ മുന്നിൽ കണ്ട് വർഷങ്ങൾക്ക് മുൻപ് നടപ്പാക്കിയ സാമൂഹിക വനവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് പാമ്പാടുംചോല ദേശീയ ഉദ്യാനത്തിലടക്കം ഹെക്ടർ കണക്കിന് സ്ഥലത്ത് വാറ്റിൽ, പൈൻ മരങ്ങൾ വച്ചുപിടിപ്പിച്ചത്. 3400 ഹെക്ടറിലാണ് ഇത്തരത്തിൽ അധിനിവേശ മരങ്ങൾ വച്ചുപിടിപ്പിച്ചത്.

ഇവ വളർന്നതോടെ വനത്തിന്റെ മുഖഛായ മാറുകയും ജലസ്രോതസ്സുകൾ വറ്റിവരളുകയും ചെയ്തു. സ്വാഭാവിക പുൽമേടുകൾ ഇല്ലാതായതോടെ വന്യമൃഗങ്ങളുടെ ഭക്ഷണവും ഇല്ലാതായി. ഇതോടെ വന്യമൃഗങ്ങൾ ഭക്ഷണം തേടി വട്ടവടയിലെ കൃഷിയിടത്തിലേക്കിറങ്ങി. ഏതാനും വർഷം മുൻപ് പാമ്പാടുംചോല ദേശീയ ഉദ്യാനത്തിൽ ഇത്തരം മരങ്ങൾ മുറിച്ചുമാറ്റി സ്വാഭാവിക വനവും പുൽമേടുകളും വച്ചു പിടിപ്പിക്കാനാരംഭിച്ചിട്ടുണ്ട്. നിലവിൽ 400 ഹെക്ടർ സ്ഥലത്ത് സ്വാഭാവിക വനവൽക്കരണം നടത്തി. ബാക്കിയുള്ള സ്ഥലത്തും ഘട്ടം ഘട്ടമായി പദ്ധതി നടപ്പാക്കിവരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com