ADVERTISEMENT

കോടിയുടുത്തു മേൽമുണ്ടും പുതച്ചു മെലിഞ്ഞ് കൊലുന്നനെയുള്ള കല്യാണച്ചെക്കൻ കടവൂർ പള്ളിയുടെ നടക്കല്ലു കയറി വരുമ്പോൾ അന്നംകു‍ഞ്ഞ് പള്ളിമുറ്റത്ത് കാത്തു നിൽപ്പുണ്ടായിരുന്നു. മുറ്റത്തെത്തിയപാടേ ഇടംവലം നോക്കാതെ ചെക്കൻ പള്ളിയിലേക്ക് ഒരൊറ്റ പോക്കായിരുന്നു. പോണപോക്കിൽ കുഞ്ഞമ്മമാരുടെ മറവിൽ അടുക്കുഞൊറിയിട്ട, മുണ്ടും ചട്ടയും ധരിച്ച് അണിഞ്ഞൊരുങ്ങി നിന്നിരുന്ന മണവാട്ടിയെ ഓട്ടക്കണ്ണിട്ട് ഒന്നുനോക്കി. തലയിൽ പുതച്ചിരുന്ന നേര്യതിനു കീഴെ, കാതിൽ തെളിഞ്ഞു നിന്നിരുന്ന കടുക്കൻ മാത്രമാണു കണ്ടതെന്നു പറഞ്ഞ് പാപ്പച്ചൻ അന്നത്തെ പോലെ പൊട്ടിച്ചിരിച്ചു.  

എഴുപതു വർഷം മുൻപത്തെ കല്യാണദിവസത്തെ ഓർമകൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ പോലെ സജീവമാണ് കളത്തിങ്കൽ ചാക്കോക്കും (പാപ്പച്ചൻ– 93), ഭാര്യ അന്നംകുഞ്ഞിനും (91). കല്യാണത്തിന്റെ എഴുപത്തൊന്നാം വാർഷികവും പതിവുപോലെ തടിയമ്പാട് അശോകയിലുള്ള തറവാട് വീട്ടിൽ ആഘോഷമായി നടക്കും. അന്നു മക്കളും കൊച്ചുമക്കളും അടക്കം 32 പേരും വീട്ടിൽ ഒത്തുകൂടും.

കുരിശുവര  പെരുന്നാളിന്റെ തലേന്ന്  ജീവിതത്തുടക്കം
കടവൂർ കളത്തിങ്കൽ ചാക്കോ എന്ന പാപ്പച്ചൻ ഞാറയ്ക്കൽ മുണ്ടയ്ക്കൽ അന്നംകുഞ്ഞിനെ ജീവിതസഖിയായി സ്വീകരിക്കുന്നത് 1953 ഫെബ്രുവരിയിൽ കുരിശുവര പെരുന്നാളിനു തലേന്നായിരുന്നു. ചെറുക്കന്റെയും പെണ്ണിന്റെയും പിതാക്കന്മാർ സുഹൃത്തുക്കളായിരുന്നു. എപ്പോഴോ ഉണ്ടായ നാട്ടുവർത്തമാനത്തിനിടെ അവർ മക്കളുടെ കല്യാണവും അങ്ങ് ഉറപ്പിച്ചു.

അന്നു പാപ്പച്ചനു പ്രായം 22 തികഞ്ഞിട്ടില്ല. അന്നംകുഞ്ഞിനു പത്തൊൻപതും. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാട്ടിൽ പട്ടിണി ദുരന്തം വിതച്ചു തുടങ്ങിയപ്പോൾ കാട് വെട്ടിത്തെളിച്ച് കന്നിമണ്ണിൽ വിത്തെറിഞ്ഞ് പട്ടിണി നിർമാർജനം ചെയ്യാൻ സർക്കാരിന്റെ അനുവാദാശീർവാദങ്ങളോടെ ഹൈറേഞ്ചിലെ കൊടുംകാടുകളിലേക്കു കർഷകർ കുടിയേറി തുടങ്ങിയ കാലമായിരുന്നു അത്. വാഴത്തോപ്പിലേക്ക് അക്കാലത്ത് കുടിയേറിയ അന്നംകുഞ്ഞിന്റെ കുടുംബക്കാർ അവിടെ കാടുവെട്ടിത്തെളിച്ച് കൃഷിയിറക്കിയിരുന്നു. 

1956ൽ അത്യാവശ്യം വീട്ടുസാധനങ്ങളും തലയിലേറ്റി പാപ്പച്ചൻ ഉടുമ്പന്നൂരിലൂടെ കൊമ്പിയാരി മല കയറി കൈതപ്പാറ വഴി ‘കാനാൻ ദേശം’ ലക്ഷ്യമാക്കി നടന്നു. കൈക്കുഞ്ഞിനെ ഒക്കത്തിരുത്തി അന്നംകുഞ്ഞും പിറകെ ഉണ്ടായിരുന്നു. ദൈവം കനിഞ്ഞു നൽകിയ 6 മക്കളാണ് ഏറ്റവും വലിയ സമ്പാദ്യം.   മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകാനായതാണു ജീവിതത്തിലെ നേട്ടമെന്നു ദമ്പതികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com