ADVERTISEMENT

നെടുങ്കണ്ടം ∙ അടുത്തയിടെ ഉദ്ഘാടനം ചെയ്ത ആമപ്പാറ ഇക്കോ ടൂറിസം പാർക്കിൽ സഞ്ചാരികളുടെ പ്രതിഷേധം. ആമപ്പാറയുടെ പ്രധാന സവിശേഷതയായ സൂര്യോദയം കാണാനെത്തിയ സഞ്ചാരികൾക്ക് കേന്ദ്രം തുറന്നു നൽകാൻ വൈകിയതിനെ തുടർന്നായിരുന്നു പ്രതിഷേധം. ഞായറാഴ്ച രാവിലെ 8നു ആമപ്പാറയുടെ മുകളിലെത്തിയ കണ്ണൂരിൽ നിന്നുള്ള വിനോദസഞ്ചാരികൾക്ക്  ഏറെനേരം കാത്തു നിൽക്കേണ്ടി വന്നു. എന്നാൽ  സൂര്യോദയം കാണണമെങ്കിൽ മുൻകൂർ അറിയിക്കണമെന്നു ജീവനക്കാർ പറയുന്നു. 

കഴിഞ്ഞ 14നാണ് ആമപ്പാറ ഇക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തത്. സാഹസിക സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി ആമപ്പാറ വികസിച്ചതോടെ ഡിടിപിസിയുടെ നേതൃത്വത്തിൽ രണ്ടു ഘട്ടങ്ങളിലായി 3.16 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഇവിടെ പൂർത്തിയാക്കിയിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ പ്രവർത്തനം സുഗമമല്ലന്നാണ് ആക്ഷേപം. പ്രവർത്തന സമയം സൂചിപ്പിക്കുന്ന ബോർഡുകളോ അറിയിപ്പുകളോ അധികൃതർ സ്ഥാപിച്ചിട്ടില്ല.

ഡിടിപിസിയുടെ ഔദ്യോഗിക വെബ്സൈറ്റിലും ആമപ്പാറ ടൂറിസം പദ്ധതിയുടെ പ്രവർത്തന സമയവും ഉദയം കാണാൻ മുൻ‌കൂർ അറിയിക്കണമെന്നും സൂചിപ്പിച്ചിട്ടില്ല. ഇതിനാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെയാണ് തദ്ദേശ-വിദേശ സഞ്ചാരികൾ ഇവിടെയെത്തുന്നത്. തോവാളപ്പടിയിൽ നിന്നും ആമപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും ആമപ്പാറയുടെ മുകളിൽ നിന്നുള്ള കാഴ്ചകളുമാണ് പ്രധാനമായും സഞ്ചാരികളെ ആകർഷിക്കുന്നത്.

തമിഴ്‌നാട്ടിലെ തേനി, മധുര ജില്ലകളുടെ വിദൂര ദൃശ്യങ്ങളും വൈഗ ഡാം, കാറ്റാടിപ്പാടം, രാമക്കല്ല്, കുറവൻ കുറത്തി ശിൽപ്പങ്ങളും ഇവിടെ നിന്ന് ആസ്വദിക്കാം. കൂടാതെ ആമപ്പാറയിൽ നിന്നുള്ള ഉദയ-അസ്തമയ ദൃശ്യങ്ങളും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. തിരക്കേറിയതോടെ സഞ്ചാരികൾക്കായി വാച്ച് ടവർ, ടോയ്‌ലറ്റ് കോംപ്ലക്‌സ്, സംരക്ഷണ ഭിത്തി, സ്റ്റീൽ വേലി, അലങ്കാര ലൈറ്റുകൾ, മാർബിൾ ഇരിപ്പിടങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയെങ്കിലും മതിയായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ഉദ്ഘാടനം കഴിഞ്ഞെങ്കിലും ആമപ്പാറയുടെ പ്രവർത്തന സമയവും മറ്റും തീരുമാനിക്കുന്നതേയുള്ളൂ എന്നാണ് അധികൃതർ പറയുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ലോക പ്രസിദ്ധി നേടുമ്പോഴും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സഞ്ചാരികൾക്കുണ്ടാകുന്ന മോശം അനുഭവങ്ങൾ ജില്ലയിലെ വിനോദസഞ്ചാര മേഖലയെ പിന്നോട്ടടിക്കുന്നതായാണ് വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com