ADVERTISEMENT

ചെറുതോണി ∙ ഇടുക്കി മീനുളിയാൻ പാറ വനമേഖല കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ കത്തിനശിച്ചു. കഞ്ഞിക്കുഴി, വണ്ണപ്പുറം പഞ്ചായത്തുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സംരക്ഷിത വനപ്രദേശമാണ് അപ്രതീക്ഷിതമായി പടർന്ന കാട്ടുതീയിൽ കത്തിയത്. അപൂർവമായ ഔഷധ സസ്യങ്ങൾ വളരുന്ന ഈ കാട് ഒട്ടേറെ സംരക്ഷിത ഉരഗവർഗ ജീവികളുടെ ആവാസകേന്ദ്രവുമാണ്. വിനോദസഞ്ചാരികളെ പോലും കടത്തിവിടാതെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന വനപ്രദേശം അഗ്നിക്കിരയായതിൽ ദുരൂഹതയുണ്ടെന്നു നാട്ടുകാർ പറയുന്നു. 

നാലു വനിത വാച്ചർമാരാണ് ഇവിടെ കാവലുള്ളത്. തീ പടർന്നത് എങ്ങനെയെന്ന് വനം വകുപ്പിന് ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം നീണ്ട പാറയ്ക്കു സമീപം തീപടർന്നിരുന്നു. ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് മീനുളിയാൻ പാറയിലും തീപടർന്ന് വൻതോതിൽ നാശമുണ്ടായിരിക്കുന്നത്. സംരക്ഷിത വനമേഖലയിൽ തീപടർന്ന് ഔഷധ സസ്യങ്ങൾ ഉൾപ്പെടെയുള്ള കാടും ഉരഗവർഗ ജീവികളും വെന്തു വെണ്ണീറായതിൽ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി ഉണ്ടാകണമെന്നുമാണു നാട്ടുകാരുടെ ആവശ്യം.

മീനുളിയാൻപാറ
ഏക്കർ കണക്കിനു വിസ്തൃതിയിലുള്ള പാറക്കെട്ടുകൾക്കു മുകളിൽ രണ്ടര ഹെക്ടറോളം മാത്രം വലുപ്പമുള്ള സംരക്ഷിത വനമേഖലയാണ് മീനുളിയാൻപാറ. ഹൈറേഞ്ചിൽ ഒട്ടേറെ വിനോദ സഞ്ചാരികൾ എത്തിക്കൊണ്ടിരുന്ന പ്രധാനസഞ്ചാര കേന്ദ്രമായിരുന്നു ഇത്. സാഹസികരായ സഞ്ചാരികളെ എന്നും ആകർഷിച്ചിരുന്ന ഈ കേന്ദ്രം കഴിഞ്ഞ രണ്ടു വർഷമായി   അടച്ചിട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com