ADVERTISEMENT

‘‘നാടിൻ നന്മകനെ, പൊന്മകനെ മുത്തായവനേ.. മിന്നും സൂരിയനും ചന്ദിരനും ഒന്നായവനേ’’ ‘ആവേശം’ സിനിമയിലെ വരികൾ ഉച്ചത്തിൽ പാടി ഡാൻസ് ചെയ്ത് യുഡിഎഫ് പ്രവർത്തകർ സ്ഥാനാർഥിയെ വരവേൽ‌ക്കുന്നു. പൂച്ചെണ്ടുകളും ഷാളുകളും പൊന്നാടകളും. കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിധിൻ ലൂക്കോസിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ കൊടികൾ വീശി തലയിൽ ഷാളും കെട്ടി ആവേശപ്പൂരം തീർത്ത് ഡീൻ കുര്യാക്കോസിന്റെ യൂത്ത് ആർമി. തൃശൂരിലെ പൂരപ്പറമ്പ് ഇടുക്കിയിലെത്തിയ പ്രതീതി. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലായിരുന്നു ഡീനിന്റെ ഇന്നലത്തെ പ്രചാരണം. 

ഹൃദയഭൂമിയിൽ ഇംപാക്ട് പ്ലെയറായി ചാണ്ടി ഉമ്മൻ
തിരിച്ചിട്ടാലും മറിച്ചിട്ടാലും ഇടുക്കി നെഞ്ചിലേറ്റുന്ന പേരാണ് ചാണ്ടി ഉമ്മൻ. ഇടുക്കിയുടെ ഹൃദയ ഭൂമിയിലൂടെയുള്ള ഡീൻ കുര്യാക്കോസിന്റെ പ്രചാരണം ഇന്നലെ ഫ്ലാഗ്ഓഫ് ചെയ്തത് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. ജനം ആഗ്രഹിക്കുന്നത് എൽഡിഎഫിന്റെ സമ്പൂർണ തോൽവിയാണെന്നും

ഇത്രയേറെ ജനങ്ങളെ ദ്രോഹിച്ച സർക്കാർ വേറെയില്ലെന്നുമുള്ള ചാണ്ടി ഉമ്മന്റെ തീപാറും പ്രസംഗം.പൊതുപര്യടനം ഉദ്ഘാടനം ചെയ്ത് ഡീൻ കുര്യാക്കോസിനെ കെട്ടിപ്പിടിച്ച് ആശംസകളറിയിച്ച് ചാണ്ടി ഉമ്മൻ ജില്ലയിലെ മറ്റിടങ്ങളിലെ പ്രചാരണയോഗങ്ങളിൽ പങ്കെടുക്കാ‍ൻ മടങ്ങി.ഇടുക്കിയുടെ ഹൃദയ ഭൂമികയായ പഞ്ചായത്തുകളിലൂടെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് രണ്ടാംഘട്ട പ്രചാരണമാരംഭിച്ചു.

ഇടുക്കിയുടെ ഡി.കെ
‘‘ഇടുക്കിയുടെ മലനിരകളെ തഴുകിയുണർത്തിക്കൊണ്ട് മികവിന്റെ വെന്നിക്കൊടി പാറിച്ചവൻ. വീണ്ടും വരികയാണവൻ. ഇടുക്കിയുടെ ഡികെ. ഇടുക്കിയുടെ സ്വന്തം ഡീൻ കുര്യാക്കോസ്. ഇടുക്കി ഇതെന്റെ മണ്ണും മനസ്സുമാണെന്ന് 2019ലെ പ്രഖ്യാപനം അക്ഷരം പ്രതി അനുതാപനം ചെയ്ത ഇടുക്കിയുടെ ഹൃദയം തൊട്ടറിഞ്ഞ ജനനായകൻ, ഒരിക്കൽ കൂടി നമ്മൾക്ക് കൈ കോർക്കാം ഡീൻ കുര്യാക്കോസിനായി...’’

അനൗൺസ്മെന്റ് വാഹനത്തിൽ നാട് ഇളക്കിമറിച്ച് ഡീനിനായി വോട്ടു ചോദിച്ചുള്ള വാക്കുകൾ. വർഗീയതയ്ക്കും ഭിന്നിപ്പുകൾക്കുമെതിരെ ഇന്ത്യയെ വീണ്ടെടുക്കാൻ അണി ചേരാനുള്ള ആഹ്വാനവും. തൊട്ടുപിന്നാലെ തുറന്ന വാഹനത്തിൽ ഏവരെയും അഭിവാദ്യം ചെയ്ത് കൈവീശി പുഞ്ചിരിച്ച് ഡീൻ. പേട്ട സ്വദേശി ലത്തീഫാണ് സ്ഥാനാർഥിയുടെ തുറന്ന വാഹനത്തിന്റെ സാരഥി.

എവിടെ നിർത്തണമെന്നും എവിടെ സ്പീഡ് കൂട്ടണമെന്നും ലത്തീഫിനറിയാം. സ്ഥാനാർഥിയുടെ ഇടവും വലവും മണ്ഡലം പ്രസിഡന്റ് ജോബി ചാലിലും ജോസ് മോടിക്കപുത്തൻപുരയും. വഴിയിലും വീട്ടുമുറ്റത്തും നിൽക്കുന്നവരെ കൈവീശി അഭിവാദ്യം ചെയ്ത് പേരും വീട്ടുപേരുമടക്കം സ്ഥാനാർഥിക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നു. അടുത്ത വളവിലാണ് നമ്മുടെ തോമസ് മാഷുടെ വീട്. മുറ്റത്ത് അദ്ദേഹമുണ്ടാകും. വണ്ടി ഒന്ന് വേഗം കുറയ്ക്കണം– നിർദേശങ്ങളും പ്ലാനിങ്ങും കിറുകൃത്യം.

ചൂടില്ല, ഇത് കൂൾ ഡി.കെ
വാഹനം ചുരുളി ടൗണിലെത്തിയപ്പോൾ ഡീൻ ചാടിയിറങ്ങി. അടുത്തുള്ള കടകളിലും വീടുകളിലും കാത്തുനിൽക്കുന്നവരുടെ അടുത്തേക്ക് ഓടിയെത്തി. ചൂടും യാത്രയും തളർത്താത്ത ചുറുചുറുക്ക്, ഇടറാത്ത ശബ്ദം, സൗമ്യമായ പുഞ്ചിരി. ചൂടൊന്നും തന്നെ ബാധിച്ചിട്ടില്ലെന്ന് ഡീൻ. വണ്ടിയിലെപ്പോഴും തണുത്ത വെള്ളം ഉണ്ടാവും. സ്വീകരണ സ്ഥലങ്ങളിലും പ്രിയം തണുത്ത പാനീയങ്ങളോട്. ടെൻഷനൊന്നുമില്ല, എപ്പോഴും കൂളാണെന്ന് ‍ഡീൻ. കരിമ്പനിൽ നിന്നും ആൽപാറയെത്തിയപ്പോൾ തുറന്ന വാഹനത്തിൽ നിന്നും മറ്റൊരു വാഹനത്തിൽ കയറി ഒരു സ്വകാര്യ സന്ദർശനം. 

2019ലെ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മണിക്കൂറുകൾക്കുള്ളിൽ മരിച്ചുപോയ വെട്ടിക്കൽ മറിയം ഉലഹന്നാന്റെ (96) വീട്ടിലേക്കാണ്. അന്ന് അവസാന വോട്ട് ഡീൻ കുര്യാക്കോസിന് നൽകിയെന്നാണ് മറിയം മക്കളോട് പറഞ്ഞിരുന്നതത്രേ. തിരഞ്ഞെടുപ്പ് ദിവസമായിരുന്നിട്ടും ഡീൻ അന്ന് മരണവീട്ടിലെത്തിയിരുന്നു. ആ ഓർമയിലാണ് ഇന്നലെയും വെട്ടിക്കൽ വീട്ടിലെത്തിയത്. അവിടെ ഇളയമകനും കുടുംബവും സ്ഥാനാർഥിയെ സ്വീകരിച്ചു. അമ്മച്ചിയുടെ ഓർമകൾ ഡീൻ കുര്യാക്കോസിനോട് പങ്കുവച്ചു.

കയ്യിലുണ്ടായിരുന്ന പൂച്ചെണ്ട് വീട്ടിലെ കുട്ടികൾക്ക് നൽകിയാണ് ഡീൻ മടങ്ങിയത്. വീണ്ടും തുറന്ന വാഹനത്തിലേക്ക്. ‘‘എല്ലായിടത്തും വലിയ ജനപിന്തുണയാണ്. ചൂടും മണ്ഡലത്തിന്റെ വലിപ്പവുമൊന്നും ആവേശം കുറയ്ക്കുന്നില്ല. ഓരോയിടത്തും ആളുകൾ തിങ്ങിയെത്തുന്നത് കാണുമ്പോൾ നമുക്കും ആത്മവിശ്വാസം കൂടും. ഇടുക്കിയിൽ യുഡിഎഫ് തുടരും. ഇടുക്കിക്കാർ എന്റെ കൂടെയുണ്ട്.. ഉറപ്പ്..’’– ഡീനിന്റെ വാക്കുകളിൽ ആത്മവിശ്വാസവും സന്തോഷവും നിറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com