ADVERTISEMENT

തൊടുപുഴ∙ സന്ധ്യ കഴിഞ്ഞ് തൊടുപുഴ നഗരത്തിലേക്കുപോകുന്നവർ മെഴുകുതിരിയോ ടോർച്ചോ കയ്യിൽ കരുതണം! അല്ലാത്തപക്ഷം ഇരുട്ടിൽ തപ്പിത്തടയേണ്ടിവരും. നഗരവാസികൾ നൽകുന്നൊരു മുന്നറിയിപ്പാണിത്. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിന്റെ പല ഭാഗവും ഇരുട്ടിലായി. മുനിസിപ്പാലിറ്റിയും ജനപ്രതിനിധികളും ഇതൊന്നും അറിഞ്ഞിട്ടു തന്നെയില്ല. 

തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തകരാറിലായ സ്ട്രീറ്റ് ലൈറ്റുകൾ.
തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തകരാറിലായ സ്ട്രീറ്റ് ലൈറ്റുകൾ.

നിലവിൽ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ ലൈറ്റും മാത്രമാണ് കാൽനടയാത്രക്കാർക്ക് ആശ്രയം. കടകൾ അടയ്ക്കുന്നതോടെ അതും ഇല്ലാതാകും. പിന്നെ രാത്രി അപൂർവമായി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. നഗരത്തിലെ പ്രധാന റോഡായ ഇടുക്കി റോഡ് പൂർണമായും ഇരുട്ടിലാണ്. ഗാന്ധിസ്ക്വയറിലും കെഎസ്ആർടിസി ജംക്‌ഷനിലും ഓരോ ഹൈമാസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ബാക്കി ഭാഗത്ത് ഒരു വഴിവിളക്ക് പോലും തെളിയുന്നില്ല. 

ഇടുക്കി ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ടൗൺഹാൾ സ്റ്റോപ്പിലും സന്ധ്യകഴിഞ്ഞാൽ ഭയാനകമായ ഇരുട്ടാണ്. ഫിഷ് മാർക്കറ്റിന്റെ ഹൃദയഭാഗത്തും വെളിച്ചമില്ല. കടകളടച്ചാൽ ഇവിടം ഇരുട്ടിൽ മുങ്ങും. ഗാന്ധി സ്ക്വയറിൽനിന്ന് മുനിസിപ്പൽ ബസ് സ്റ്റാൻഡിലേക്കുള്ള എളുപ്പമാർഗം എന്ന നിലയിൽ ഒട്ടേറെ പേർ ഇതുവഴി കടന്നു പോകുന്നുണ്ട്. ഇരുട്ടിൽ അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളും ഇവർക്ക് ഭീഷണിയാണ്. 

കെഎസ്ആർടിസി ജംക്‌ഷനിൽനിന്ന് പാലാ റോഡ് വരെയെത്തുന്ന കോതായിക്കുന്ന് ബൈപാസിൽ ലൈറ്റുകളെല്ലാം തകരാറിലാണ്. കോതായിക്കുന്ന് സർക്കിളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഹൈമാസ്റ്റ് മാത്രമാണ് തെളിയുന്നത്. രാത്രി  പല സമയങ്ങളിലായി ഒട്ടേറെ ദീർഘദൂര ബസുകളാണ് തൊടുപുഴ വഴി കടന്നുപോകുന്നത്. രാത്രി ബസിൽ വന്ന് ഇറങ്ങുന്നവരും ബസിൽ പോകാ‍ൻ വരുന്നവരും വാഹനം ഇല്ലാതെ നഗരത്തിലെ റോഡിലൂടെ പോകാൻ പറ്റാത്ത സ്ഥിതിയാണ്. 

ഇരുട്ടിന്റെ മറവിൽ സാമൂഹികവിരുദ്ധരുടെയും കള്ളന്മാരുടെയും ഉപദ്രവം ഉണ്ടാകുമോ എന്ന ഭയവുമുണ്ട്. രാത്രി 8 കഴിഞ്ഞാൽ നഗരത്തിലെ പല റോഡുകളിലൂടെയും ഒറ്റയ്ക്ക് നടന്നു പോകാൻ കഴിയാത്ത സാഹചര്യമാണെന്ന് ആളുകൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com