ADVERTISEMENT

രാജകുമാരി∙ നാട്ടുകാർക്കും യാത്രക്കാർക്കും സംരക്ഷണമാെരുക്കാനായി സ്വന്തം സുരക്ഷ പോലും വക വയ്ക്കാതെ സ്പെഷൽ ആർആർടി യൂണിറ്റംഗങ്ങൾ രാപകൽ വ്യത്യാസമില്ലാതെ കാട്ടാനകളെ നിരീക്ഷിച്ച് വിവരം വാട്സാപ് ഗ്രൂപ്പിൽ അറിയിക്കുമ്പോൾ ചിലർ ഇത് ദുരുപയോഗം ചെയ്യുന്നു. 

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ കാട്ടാനകൾ എവിടെയാണെന്ന് കൃത്യമായി നാട്ടുകാരെ അറിയിക്കാനും സുരക്ഷിതരായിരിക്കാനുമാണ് വനം വകുപ്പ് വാട്സാപ് ഗ്രൂപ്പു തുടങ്ങിയത്. ആയിരത്തിലധികം അംഗങ്ങളാണ് ഇൗ ഗ്രൂപ്പിലുള്ളത്. ഇൗ മേഖലയിലൂടെ വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും കാൽനടയാത്രക്കാർക്കുമാെക്കെ ഇത്തരം വിവരങ്ങൾ യഥാസമയം ലഭിക്കുന്നത് ഏറെ പ്രയോജനകരമാണ്.

എന്നാൽ ഇൗ ഗ്രൂപ്പിൽ നിന്നുള്ള വിവരങ്ങൾ ചോർത്തുന്ന ചില ടാക്സി ഡ്രൈവർമാരും ടൂർ ഓപ്പറേറ്റർമാരും കാട്ടാനകളെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ചിന്നക്കനാൽ മേഖലയിലെ ഹോട്ടലുകളിൽ താമസിക്കുന്ന സഞ്ചാരികളിൽ നിന്ന് പണം ഇൗടാക്കുന്നതായി പരാതിയുണ്ട്. 

കാട്ടാനകൾ ഏതാെക്ക ഭാഗത്താണുള്ളതെന്ന് ആർആർടി അംഗങ്ങൾ ഗ്രൂപ്പിൽ അറിയിക്കും. ചില ഡ്രൈവർമാർ കാട്ടാനകളെ കാണിക്കാനായി സഞ്ചാരികളുമായി ഇൗ സ്ഥലങ്ങളിലേക്ക് പോകുന്ന വിവരം വനം വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ചിന്നാറിലേത് പോലെയല്ല ഇവിടെ കാര്യങ്ങൾ
മറയൂർ–ചിന്നാർ റോഡിൽ കാണുന്ന കാട്ടാനകളെ പോലെ ശാന്ത സ്വഭാവക്കാരല്ല ചിന്നക്കനാൽ മേഖലയിലെ കാട്ടാനകൾ. 2 ഒറ്റയാൻമാരുൾപ്പെടെ 19 കാട്ടാനകളാണ് ഇൗ മേഖലയിലുള്ളത്. എല്ലാം അക്രമകാരികളാണ്. 2005 നു ശേഷം ഇതുവരെ നാൽപതോളം മനുഷ്യരെയാണ് ചിന്നക്കനാൽ മേഖലയിലെ കാട്ടാനകൾ കാെലപ്പെടുത്തിയത്.

നൂറിലധികം വീടുകളും കാട്ടാനകൾ തകർത്തു. കാെച്ചി–ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാലിനും മൂലത്തുറയ്ക്കും ഇടയിൽ  വാഹനങ്ങൾക്കു നേരെയും കാട്ടാനയാക്രമണമുണ്ടായി. ഡ്രൈവർമാർ സ്ഥല പരിചയമില്ലാത്ത സഞ്ചാരികളുമായി കാട്ടാനകളുടെ മുന്നിൽ പെട്ടാൽ വൻ അപകടങ്ങൾക്കു കാരണമായേക്കാം.

കാട്ടാനകളെ കാണിക്കാമെന്ന ടൂർ ഓപ്പറേറ്റർമാരുടേയും ഡ്രൈവർമാരുടെയും വാഗ്ദാനത്തിൽ സഞ്ചാരികളാരും വീഴരുത്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഡ്രൈവർമാർക്കെതിരെ മാത്രമല്ല വാഹനത്തിലുള്ള യാത്രക്കാർക്കുമെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കേസെടുക്കാനാകും.

ചില ഡ്രൈവർമാരുടെയും ടൂർ ഓപ്പറേറ്റർമാരുടേയും നിരുത്തരവാദിത്വപരമായ ഇടപെടലാണ് മൂന്നാർ, ചിന്നക്കനാൽ മേഖലയിലെ ടൂറിസം മേഖലയിൽ നിയന്ത്രണമേർപ്പെടുത്താനുള്ള വിദഗ്ധ സമിതി ശുപാർശയ്ക്ക് കാരണമായതെന്ന് സൂചനയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com