ADVERTISEMENT

കണ്ണൂർ∙കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്, കെപിസിസി നിർവാഹക സമിതി അംഗം ടി.ഒ.മോഹനൻ എന്നിവരിൽ ആര് കോർപറേഷൻ‌ മേയർ സ്ഥാനാർഥി ആകുമെന്നതു നാളെ അറിയാം. 21നു കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മേയർ സ്ഥാനാർഥിയുടെ കാര്യത്തിൽ കോൺഗ്രസ് തീരുമാനമെടുക്കും. ഇതിനു മുന്നോടിയായി കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം ആരായുന്നുണ്ട്.  

കോർപറേഷനിൽ 34 ഡിവിഷൻ നേടി മികച്ച ഭൂരിപക്ഷം കൈവരിച്ചതിനാൽ മേയർ സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതിൽ കോൺഗ്രസിനു സമ്മർദം ഇല്ലെങ്കിലും ആരെ സ്ഥാനാർഥി ആക്കണമെന്ന കാര്യത്തിൽ പാർ‍ട്ടി നേതൃത്വത്തിൽ ആശയ കുഴപ്പം നിലനിൽക്കുന്നുണ്ട്. മുൻ ഡപ്യൂട്ടി മേയർ പി.കെ.രാഗേഷിന്റെ പേര് കൂടി തിരഞ്ഞെടുപ്പിനു മുൻപ് പരിഗണിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പു ഫലത്തിനു ശേഷം ചർച്ചയിലുള്ളത് മാർട്ടിൻ ജോർജിന്റെയും ടി.ഒ.മോഹനന്റെയും പേരുകൾ മാത്രമാണ്. 

കഴിഞ്ഞ കോർപറേഷൻ ഭരണസമിതി സ്ഥിരം സമിതി അധ്യക്ഷൻ, കണ്ണൂർ നഗരസഭ മുൻ സ്ഥിരം സമിതി അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചു പരിചയമുള്ള ടി.ഒ.മോഹനൻ ചാല ഡിവിഷനിൽ നിന്നുമാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. ഡിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ച ടി.ഒ.മോഹനനെ മേയർ ആക്കണമെന്ന അഭിപ്രായം പാർട്ടി കൗൺസിലർമാർ നേതൃത്വത്തിനു മുന്നിൽ വച്ചിട്ടുണ്ട്. 

കെഎസ്​യു ജില്ലാ പ്രസിഡന്റ്, യുവജന ക്ഷേമ ബോർഡ് ചെയർമാൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന മാർ‌ട്ടിൻ ജോർജ് പള്ളിയാംമൂല ഡിവിഷനിൽ നിന്നാണ് കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. നേതൃത്വത്തിനു മുന്നിൽ വന്ന അഭിപ്രായം കൂടി പരിഗണിച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് കൂടിയായ കെ.സുധാകരൻ എംപിയുടെ അധ്യക്ഷതയിൽ കോർപറേഷൻ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ചേർന്നു മേയർ സ്ഥാനാർഥിയെ തിര‍ഞ്ഞെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com