ADVERTISEMENT

പാനൂർ ∙ പ്രവൃത്തി നടക്കാത്ത നടപ്പാതയ്ക്ക് 3.49 ലക്ഷം അനുവദിച്ചതായി സിറ്റിസൻ ഇൻഫർമേഷൻ ബോർ‌ഡിൽ‌ രേഖപ്പെടുത്തി കൃത്രിമം കാണിച്ചതുമായി ബന്ധപ്പെട്ട് ഓംബുഡ്സ്മാനു നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കു നിർദേശം. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക‍്ഷൻ മിഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ.ചാത്തുക്കുട്ടിയാണു പരാതി നൽകിയത്

 തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് 9–ാം വാ‍ർ‌‍ഡ് കരുവള്ളിച്ചാൽ മുതൽ കുഞ്ഞിപ്പറമ്പത്തു വരെയുള്ള നടപ്പാത നിർമാണത്തിലാണു പരാതി നൽകിയത്. നടപ്പാതയ്ക്കു പകരം സമീപത്തെ മറ്റൊരു സ്ഥലത്ത് കോൺക്രീറ്റ് റോഡ് നിർമിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. തൊഴിലുറപ്പു പദ്ധതിയിൽ‌ പെടുത്തിയാണ് റോഡ് പണിതത്. റോഡ് നിർമാണത്തിന് ഭരണാനുമതിയോ സാങ്കേതിക അനുമതിയോ ഇല്ല എന്നും കണ്ടെത്തി. പഞ്ചായത്ത് ആക‌‍്ഷൻ പ്ലാനിൽ ഉൾപ്പെടുത്താതെ റോഡ് പ്രവൃത്തി നടത്തിയത് നിയമ ലംഘനമായി ചൂണ്ടിക്കാട്ടി.  ആക‍‌‍്ഷൻ പ്ലാനിലുള്ള നടപ്പാത നിർമിക്കാതെയാണ് അതേ വാർഡിലുള്ള മറ്റൊരു സ്ഥലത്ത് കോൺക്രീറ്റ് റോഡ് പണിതത്. പ്രവൃത്തി സംബന്ധിച്ച് സ്ഥാപിച്ച ഇൻഫർമേഷൻ ബോർഡ് അപൂർണമാണ്. 

തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടില്ലെന്നും ഓംബുഡ്സ്മാൻ നിരീക്ഷിച്ചു. ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തത വരുത്തിയിട്ടില്ലെങ്കിൽ അനുവദിച്ച തുക പിഴപ്പലിശ സഹിതം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി അക്കൗണ്ടിലേക്ക് അടയ്ക്കാനാണ് നിർദേശം. 

കോൺക്രീറ്റ് നടന്ന റോഡിന്റെ എല്ലാ വിവരങ്ങളുമടങ്ങിയ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കാനുള്ള നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പ്രവൃത്തിക്ക് നികുതി അടയ്ക്കാത്തിനാൽ നിയമാനുസൃതമായ തുക ഈടാക്കാനും നിർദേശമുണ്ട്. പ്രവൃത്തി മറ്റൊരു സ്ഥലത്തേക്ക് മാറ്റിയതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് താക്കീതു നൽകണം. പഞ്ചായത്ത് നടപടി വൈകിയാൽ നിയമപരമായി നേരിടുമെന്ന് കെ.കെ.ചാത്തുക്കുട്ടി, എം.കെ.രാജീവൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com