ADVERTISEMENT

പിണറായി∙ തലശ്ശേരി–മാഹി ബൈപ്പാസിൽ നിട്ടൂർ ബാലത്തിൽ പാലം നിർമിക്കാനായി പുഴയിൽ തള്ളിയ മണ്ണ് എടുത്തു മാറ്റാത്തതിനാൽ ഉൾനാടൻ മത്സ്യക്കർഷകർ പ്രതിസന്ധിയിൽ. 500 മീറ്റർ നീളത്തിലാണ് പുഴയിൽ മണ്ണിട്ടത്. ഇതോടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെട്ടു.വെള്ളം കയറി ബണ്ട് പൊട്ടി സമീപത്തെ പാടത്തിൽ വെള്ളം കയറിയതോടെ, വളർത്തിയ മത്സ്യം പലതവണ ഒലിച്ചുപോയി. ഇതുമൂലം ഒരു കോടിയിലേറെ രൂപയാണു കർഷകർക്കു നഷ്ടം.ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തും മറ്റുമാണ് ഇവർ പാടം പാട്ടത്തിനെടുത്തത്. എന്നാൽ, മത്സ്യം പോയതോടെ കർഷകർ ദുരിതത്തിലായി. ബൈപാസിന്റെ ഉദ്ഘാടനം അടുത്തിട്ടും ഇതുവരെയും പുഴയിലെ മണ്ണ് നീക്കം ചെയ്തിട്ടില്ല.

തലശ്ശേരി – മാഹി ബൈപാസ് നിർമാണത്തിനിടെ ബാലത്ത് പാലത്തിനടിയിൽ പുഴ മണ്ണിട്ടു നികത്തിയ നിലയിൽ.
തലശ്ശേരി – മാഹി ബൈപാസ് നിർമാണത്തിനിടെ ബാലത്ത് പാലത്തിനടിയിൽ പുഴ മണ്ണിട്ടു നികത്തിയ നിലയിൽ.

ലക്ഷങ്ങൾവെള്ളത്തിൽ
നബാർഡും ഫിഷറീസ് വകുപ്പും നടപ്പാക്കുന്ന ‘നെല്ലും മീനും’ പദ്ധതിയിൽ കൃഷി നടത്തിയവർക്കാണു തിരിച്ചടിയായത്. തലശ്ശേരി നഗരസഭയിൽ ഉൾപ്പെട്ട ബാലത്തിൽ‌ നെല്ലും മീനും പദ്ധതിയിൽ കരിമീൻ വളർത്തുന്ന പാടങ്ങളിൽ 5 പേർ ഗ്രൂപ്പായാണ് പദ്ധതിയിൽ ചേരുന്നത്. ഇത്തരത്തിലുള്ള 5 ഗ്രൂപ്പുകൾ ഇവിടെ കൃഷി ചെയ്യുന്നുണ്ട്. ഇതിനുപുറമെ, പുഴയിലെ മത്സ്യം പാടത്തേക്കു കയറ്റിയിറക്കി കൃഷി ചെയ്യുന്നവരുമുണ്ട്. ഒരു ഗ്രൂപ്പിന് 20 ലക്ഷം രൂപയാണ് സർക്കാർ നൽകുന്നതെങ്കിലും 35 ലക്ഷത്തിലേറെ ചെലവു വരുമെന്നു കർഷകർ പറയുന്നു.

പരാതിക്ക് മറുപടിയില്ല
ധർമടത്ത് നിന്നു കാളി വഴി മേലൂരിലേക്ക് ഒഴുകുന്ന പുഴയിൽ ബാലത്തിൽ ഭാഗത്ത് 500 മീറ്റർ വീതിയുണ്ടായിരുന്നു. ഇവിടെ മുഴുവൻ മണ്ണ് നിറഞ്ഞിരിക്കുകയാണ്. മത്സ്യക്കൃഷിക്കുണ്ടായ നഷ്ടത്തെക്കുറിച്ചു മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകിയെങ്കിലും സംസ്ഥാന സർക്കാരിനല്ല നാഷനൽ ഹൈവേ അതോറിറ്റിക്കാണ് ഇതിന്റെ ചുമതല എന്നാണു മറുപടി ലഭിച്ചത്. 

ഹൈവേ അതോറിറ്റിക്കു പരാതി നൽകി രണ്ടു വർഷമായിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. നേരത്തെ നാഷനൽ ഹൈവേ അതോറിറ്റി പ്രോജക്ട് ഡയറക്ടറെ കണ്ടു കർഷകർ പരാതി നൽകിയപ്പോൾ നടപടി കൈക്കൊള്ളുമെന്നു വാക്കാൽ പറഞ്ഞെങ്കിലും അതും പാഴ്​വാക്കായി. പാലം നിർമാണത്തിനായി പുഴയിൽ തള്ളിയ ആയിരക്കണക്കിന് ലോഡ് മണ്ണ് ഒലിച്ചുപോയി പുഴ നികന്ന നിലയിലാണ്.

ഇതു നീക്കം ചെയ്തില്ലെങ്കിൽ മഴയിൽ പ്രദേശത്തു വെള്ളം കയറാനും ഇടയാക്കും. പലരിൽ നിന്നും കടം വാങ്ങിയും സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകർ ഇപ്പോൾ കണ്ണീരിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com