ADVERTISEMENT

ഉളിക്കൽ∙ ആനകൾക്ക് വനത്തെക്കാൾ സുരക്ഷിത കേന്ദ്രമായി മാറിയ ഉളിക്കൽ പഞ്ചായത്തിന്റെ വനാതിർത്തിയിൽ ജന ജീവിതം തീർത്തും ദുഷ്കരമായി. പയ്യാവൂർ പഞ്ചായത്തു മുതൽ പായം പഞ്ചായത്തു അതിർത്തിവരെ നീളുന്ന ഉളിക്കൽ പ‍ഞ്ചായത്തിന്റെ ജനവാസ കേന്ദ്രമാണു ആനത്താവളമായി മാറിയത്. കഴിഞ്ഞ 2ആഴ്ചയായി ആനപ്പാറയിൽ വീട്ടുമുറ്റംവരെ മേഞ്ഞു നടന്ന കാട്ടാനകൾ, അവിടെയുള്ളതെല്ലാം നശിപ്പിച്ച ശേഷം കാലാങ്കി മേലോത്തുംകുന്നു മേഖലയിലേക്ക് മാറിയിരുന്നു. ഇവിടെ പറ്റാവുന്ന നാശം വിതച്ച ശേഷം പേരട്ട ഉപദേശിക്കുന്നു മേഖലയിലെത്തി.

കാലാങ്കി മേലേത്തും കുന്ന് മേഖലയിൽ എത്തിയ കാട്ടാന സെബാസ്റ്റ്യൻ കേളിമറ്റം, ഷിജു ഓരത്തേൽ, ഫിലിപ്പ് പഴയമഠത്തിൽ, ചാക്കോ ചേക്കാത്തടത്തിൽ, സജി ചക്കാലക്കുന്നേൽ, ബെന്നി കയ്യുന്നപ്പാറ, ആന്റണി പൊയ്കയിൽ, ചാക്കോ ഏറാട്ട്പറമ്പിൽ, രാജൻ, എൽദോ, ജോസ് തുടങ്ങി 10ഓളം കർഷകരുടെ വിളകൾ നശിപ്പിച്ച ശേഷം പേരട്ട ഉപദേശിക്കുന്നിലെത്തി ജോസഫ് വട്ടമറ്റത്തിൽ, സുശീല കുറുപ്പശേരി, ചിദംബരൻ കറുപ്പശ്ശേറി, ജയിമ‍ൻ കറുകപ്പള്ളി, മാത്യു വെട്ടിക്കാട്ടിൽ, ജോളി, ചിത്രൻ പനമുണ്ടയിൽ, ജോസഫ് കിഴുവാറ്റിൽ തുടങ്ങിയവരുടെ കൃഷി നശിപ്പിച്ചു. പ്രധാനമായും തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങിയവയും വിളവെടുപ്പ് നടക്കുന്ന കശുമാവുകളും ചക്കയുള്ള പ്ലാവുകളുമാണു നശിപ്പിക്കുന്നത്.ആഴ്ചകളായി ഉളിക്കൽ പഞ്ചായത്തിന്റെ വനാതിർത്തി മേഖലയിലെ താമസക്കാർ ഉറങ്ങാതായിട്ട്. കാട്ടാനക്കൂട്ടം എപ്പോൾ, എവിടെ എത്തി നാശം വിതയ്ക്കുമെന്നു പറയാൻ പറ്റാത്ത സ്ഥിതിയാണെന്നു ഈ മേഖലയിലെ താമസക്കാർ പറയുന്നു.

വന്യജീവിശല്യം ചർച്ച ചെയ്യാൻ യോഗം വിളിച്ച് കൊട്ടിയൂർ
കൊട്ടിയൂർ∙ വന്യമൃഗ ശല്യം, റീ ലൊക്കേഷൻ പദ്ധതിയെ കുറിച്ചുള്ള ആശങ്കകൾ, പരാതികൾ എന്നിവ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് കൊട്ടിയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചു. പഞ്ചായത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ, കർഷക സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരി വ്യവസായി സംഘടനകൾ, മത സാമുദായിക സംഘടനകൾ, സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എംഎൽഎ, പഞ്ചായത്ത് അസി.സെക്രട്ടറി രമേശ് ബാബു, ആറളം വന്യജീവി സങ്കേതം വാർഡൻ ജി.പ്രദീപ്, കൊട്ടിയൂർ റേഞ്ച് ഓഫിസർ സുധീർ നരോത്ത്, ഫാ.പോൾ കൂട്ടാല, ഫാ.സജി പുഞ്ചയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ കെ.ഗോകുൽ തുടങ്ങിയവർ ചർച്ചയ്ക്ക് നേതൃത്വം നൽകി. നഷ്ടപരിഹാരം നൽകി കൃഷി ഭൂമി ഏറ്റെടുത്ത് വനമാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച റീ ലൊക്കേഷൻ പദ്ധതി സംബന്ധിച്ച് നിരവധി പരാതികളും ആരോപണങ്ങളും സംശയങ്ങളും ഉയർന്നതിനെ തുടർന്നാണ് വിപുലമായ യോഗം വിളിച്ചു ചേർത്ത് ചർച്ച ചെയ്തത്. കൂടാതെ വന്യജീവി ശല്യം രൂക്ഷമായതിനാൽ പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ച ചെയ്തു.

വളർത്തുനായയെ വന്യജീവി  പിടിച്ചു; പുലിയെന്ന് വീട്ടുകാർ
ഇരട്ടത്തോട്∙ കൊട്ടിയൂർ പഞ്ചായത്തിലെ ഇരട്ടത്തോട്ടിൽ വളർത്തു നായയെ വന്യജീവി പിടിച്ചുകൊണ്ടുപോയി. ഇവിടെ വാടകയ്ക്കു താമസിക്കുന്ന കുറ്റിമാക്കൽ ഫ്രാൻസിസിന്റെ നായയെ ആണ് ബുധനാഴ്ച രാത്രി ഒന്നോടെ വന്യജീവി പിടിച്ചത്. നായയെ പിടിച്ചത് പുലിയാണെന്ന് വീട്ടുകാർ പറയുന്നു. എന്നാൽ വനം വകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വീടിന്റെ തിണ്ണയിൽ കിടന്നിരുന്ന നായയെ ആണ് കാണാതായത്. ബഹളം കേട്ട് വീട്ടുകാർ പുറത്തിറങ്ങി പിന്നാലെ ഓടിയെങ്കിലും മുരൾച്ച കേട്ട് പിൻവാങ്ങുകയായിരുന്നു.  മണത്തണ കൊട്ടിയൂർ മലയോര ഹൈവേയോട് ചേർന്നുള്ള വീട്ടിലാണ് വന്യജീവി എത്തിയത്. കേളകം ടൗണിൽ നിന്നും ചുങ്കക്കുന്ന് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം അകലെയാണ് സംഭവം നടന്ന ഇരട്ടത്തോട് ടൗൺ.

വന്യജീവി ആക്രമണം തടയണം; വൈഎംസിഎ
ഇരിട്ടി∙ വർധിച്ചുവരുന്ന വന്യജീവി ആക്രമണം തടയുന്നതിന് ശാശ്വത പ്രതിരോധ സംവിധാനങ്ങൾ സ്ഥാപിക്കണമെന്ന് വൈഎംസിഎ ഇരിട്ടി സബ് റീജൻ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കിടയിൽ നാല് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതീവ ഗൗരവത്തോടെ ഈ പ്രശ്‌നത്തെ സർക്കാർ കാണണമെന്നും നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട വൈഎംസിഎ സബ് റീജൻ മീഡിയ ആൻഡ് കമ്യൂണിക്കേഷൻ കൺവീനർ ഡോ.എം.ജെ. മാത്യുവിനെയും വൈഎംസിഎ യുനിവൈ സംസ്ഥാന കോഓർഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഷിന്റോ മാത്യുവിനെയും ആദരിച്ചു.ചെയർമാൻ ജസ്റ്റിൻ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജോസ് ആവണംകോട്, ജനറൽ കൺവീനർ ബിജു പോൾ, ഡോ. എം.ജെ.മാത്യു, പി.വി.മാനുവൽ, സി.വി.വിനോദ്, എ.യു.ജോസ്, വൽസമ്മ സ്‌കറിയ, വർക്കി വട്ടപ്പാറ, ഏബ്രഹാം കച്ചിറയിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com