ADVERTISEMENT

മട്ടന്നൂർ∙ പഴശ്ശി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് കനാൽ വഴിയുള്ള ജല വിതരണം നിർത്തിയതോടെ പ്രധാന കനാൽ വരണ്ടുണങ്ങി. കനാൽ അറ്റകുറ്റപ്പണികൾക്കു ശേഷം പരീക്ഷണാടിസ്ഥാനത്തിൽ ജനുവരി 31നാണ് കനാലിലൂടെ വെള്ളം ഒഴുക്കിയത്. വേനൽ രൂക്ഷമായ ഘട്ടത്തിൽ കനാലിൽ വെള്ളം ലഭിച്ചത് സമീപത്തെ ജനങ്ങൾക്ക് ഏറെ ആശ്വാസമായിരുന്നു. കൃഷി നിലങ്ങളിൽ വെള്ളം എത്താനും കിണറുകളിൽ ജലനിരപ്പ് ഉയരാനും ഇടയായിരുന്നു.  ഇപ്പോൾ കനാലിൽ മിക്ക ഭാഗത്തും ഒരു തുള്ളി വെള്ളം പോലുമില്ല. 

അണക്കെട്ടിൽ നിന്നു കനാലിലേക്ക് വെള്ളം കടത്തി വിടാൻ കഴിയാത്ത വിധത്തിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇനി കാലവർഷത്തിൽ അണക്കെട്ട് നിറഞ്ഞാൽ മാത്രമേ കനാലിലേക്കു വെള്ളം തുറന്നു വിടാനാകുകയുള്ളൂ. അല്ലെങ്കിൽ പമ്പ് ചെയ്തു കടത്തി വിടേണ്ടി വരും. ജലസംഭരണിയിൽ പൂർണ തോതിൽ ജലനിരപ്പ് ഉണ്ടായിരുന്നപ്പോഴാണ് കനാലിലേക്കുള്ള ഷട്ടർ തുറന്ന് വെള്ളം ഒഴുക്കിയത്. ഇന്നലെ ജലനിരപ്പ് 24.52 മീറ്ററാണുള്ളത്. ഒരു മാസത്തിനകം 2 മീറ്റർ വെള്ളം താഴ്ന്നു.

തുലാവർഷം കുറവായതിനാലാണ് അണക്കെട്ടിലേക്കു ചേരുന്ന പുഴകളിൽ നീരൊഴുക്ക് കുറയുകയും ജലസംഭരണിയിൽ വേണ്ടത്ര വെള്ളം എത്താതിരിക്കുകയും ചെയതത്. ജില്ലയിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതികൾക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്6 വലിയ പദ്ധതികളും 5 ചെറുകിട ശുദ്ധജല പദ്ധതികളുമുണ്ട്. ജല നിരപ്പ് ഇനിയും താഴ്ന്നാൽ കുടിവെള്ള വിതരണത്തിനും പ്രയാസം നേരിടേണ്ടി വരും.

പഴശ്ശി പദ്ധതി: ഡാമിലെ ജലനിരപ്പ് കുറഞ്ഞു  കനാലിൽ വെള്ളമില്ല
അഞ്ചരക്കണ്ടി ∙ പഴശ്ശി മെയിൻ കനാൽ വഴിയുള്ള ജലവിതരണം ട്രയൽ റണ്ണിൽ ഒതുങ്ങി. പഴശ്ശി ജലസംഭരണിയിൽ ക്രമാതീതമായി ജലനിരപ്പ് കുറഞ്ഞതാണ് കാരണം. കോടിക്കണക്കിനു രൂപ ചെലവാക്കി കനാൽ നവീകരിച്ച ശേഷമാണ് കഴിഞ്ഞ ജനുവരി 30നു കനാൽ വഴി വെള്ളം തുറന്നുവിട്ടത്.  വെളിയമ്പ്ര മുതൽ പറശ്ശിനിക്കടവ് വരെയുള്ള 42 കിലോമീറ്റർ ദൂരത്തിൽ കനാൽ വഴി ഏതാനും ദിവസം വെള്ളം ഒഴുകിയിരുന്നു. പിന്നീട് ജലവിതരണം നിർത്തുകയായിരുന്നു.

ഇതിനു പുറമേ ഒന്നാമത്തെ ബ്രാഞ്ച് കനാലായ മാഹി പ്രദേശത്ത് 16 കി.മീറ്റർ ദൂരത്തിലും വെള്ളം ലഭിച്ചിരുന്നു.2008ലായിരുന്നു അഞ്ചരക്കണ്ടി, ചക്കരക്കൽ മേഖലയിൽ കനാൽ വഴി അവസാനമായി ജലവിതരണം നടന്നത്. 16വർഷത്തിനു ശേഷം വീണ്ടും ജലവിതരണം പുനരാരംഭിച്ചത് ജനങ്ങളിൽ ഏറെ പ്രതീക്ഷ നൽകിയിരുന്നു. ജലവിതരണം കർഷകർക്കും ഏറെ ആശ്വാസമേകി. പൊടുന്നനെ ജലവിതരണം നിർത്തിയതോടെ നീരൊഴുക്ക് നിലയ്ക്കുകയും ജലാശയങ്ങളിൽ നിന്നും കിണറുകളിൽ നിന്നും വെള്ളം വൻതോതിൽ വലിഞ്ഞു പോവുകയും ചെയ്തു. കനാലിൽ ഈർപ്പം അനുഭവപ്പെടുന്ന ഭാഗത്ത് നിലവിൽ കാടുകയറുന്ന സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.

ഗുണം കർഷകർക്ക്
ജലവിതരണം പുനരാരംഭിച്ചാൽ കനാലിന്റെ ഇരു വശങ്ങളിലുമുള്ള ആയിരക്കണക്കിനു കർഷകർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. രണ്ടാം വിള നെൽക്കൃഷിക്ക് ഇത് ഗുണം ചെയ്യുമെന്നു കർഷകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com