ADVERTISEMENT

കണ്ണൂർ ∙ റാസൽഖൈമയിലേക്ക് കണ്ണൂരിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 8 സീറ്റുകൾ ബിസിനസ് ക്ലാസ് സീറ്റുകളും 168 ഇക്കണോമി ക്ലാസ് സീറ്റുകളും ലഭ്യമാവുന്ന ഏറ്റവും പുതിയ ബോയിങ് 737 മാക്സ് വിമാനമാണ് സർവീസിന് ഉപയോഗിക്കുക. കണ്ണൂരിൽ നിന്ന് ആദ്യമായാണ് രാജ്യാന്തര യാത്രയ്ക്ക് ബിസിനസ്‍ ക്ലാസ് ടിക്കറ്റുകൾ ലഭ്യമാവുന്നത്.

മേയ് ഒന്നു മുതലാണ് റാസൽഖൈമ സർവീസ് ആരംഭിക്കുക. ചൊവ്വ, ബുധൻ‌, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 6.15നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് യുഎഇ സമയം രാത്രി 8.45ന് റാസൽഖൈമയിൽ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം രാത്രി 9.45ന് റാസൽഖൈമയിൽ നിന്നു പുറപ്പെട്ട് പുലർച്ചെ 3.10ന് കണ്ണൂരിൽ എത്തുന്ന തരത്തിലുമാണ് സർവീസ്. കണ്ണൂരിൽ നിന്ന് 9220 രൂപ മുതലും 8119 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്.

കുറഞ്ഞ നിരക്കിലുള്ള എക്സ്പ്രസ് ലൈറ്റ് ടിക്കറ്റിൽ 7 കിലോ കാബിൻ ബാഗേജ് കൊണ്ടുപോകാനേ കഴിയൂ. എക്സ്പ്രസ് വാല്യു ടിക്കറ്റിൽ 7 കിലോ കാബിൻ ബാഗേജിനു പുറമേ 20 കിലോ ചെക്ക് ഇൻ ബാഗേജും അനുവദിക്കും. എക്സ്പ്രസ് ഫ്ലെക്സിൽ 30 കിലോയും വിസ്ത ഫ്ലെക്സിൽ ഇത്രയും ബാഗേജിനു പുറമേ ഭക്ഷണവും ലഭിക്കും.

എയർഇന്ത്യ എക്സ്പ്രസിന്റെ കോൾ സെന്ററുമായോ ട്രാവൽ ഏജന്റുമായോ വിമാനത്താവളത്തിലെ കൗണ്ടറുമായോ ബന്ധപ്പെട്ടാൽ ബിസിനസ് ക്ലാസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ സാധിക്കും. മേയ് ഒന്നു മുതൽ അബുദാബിയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് അധിക സർവീസ് ആരംഭിക്കും. തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് അധിക സർവീസുകൾ ഉണ്ടാവുക.

മസ്കത്തിലേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും ദമാമിലേക്ക് വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും അധിക സർവീസുകളുണ്ട്. ബുക്കിങ് ആരംഭിച്ചു. ഈ സർവീസുകൾക്കും പുതിയ വിമാനമാണ് ഉപയോഗിക്കുക. അബുദാബിയിലേക്ക് മേയ് 9 മുതൽ ആരംഭിക്കുന്ന ഇൻഡിഗോ വിമാന സർവീസിന്റെയും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

കണ്ണൂർ–ജിദ്ദ സർവീസുകൾ റദ്ദാക്കി 
മട്ടന്നൂർ∙ സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂരിനും ജിദ്ദയ്ക്കും ഇടയിലുള്ള സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബുധനാഴ്ചത്തെ സർവീസുകളാണ് റദ്ദാക്കിയത്. ഇന്നലെ വെളുപ്പിന് 1.20ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് പ്രാദേശിക സമയം രാവിലെ 5ന് ജിദ്ദയിൽ എത്തുന്ന സർവീസും ജിദ്ദയിൽ നിന്ന് രാവിലെ 9.55ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.10ന് കണ്ണൂരിൽ എത്തേണ്ടിയിരുന്ന സർവീസുമാണ് റദ്ദാക്കിയത്. യാത്രക്കാർക്ക് ആവശ്യമായ സൗകര്യം ഒരുക്കിയതായി  അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com