ADVERTISEMENT

കണ്ണൂർ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിനു തുടക്കമായി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഉദ്യോഗസ്ഥർ വീട്ടിലെത്തി 1308 പേരുടെ പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി. ഭിന്നശേഷിക്കാരുടെയും 85 വയസ്സു കഴിഞ്ഞവരുടെയും പോസ്റ്റൽ വോട്ടാണു രേഖപ്പെടുത്തുന്നത്. 85 കഴിഞ്ഞ 1008 പേരും 300 ഭിന്നശേഷിക്കാരുമാണു മണ്ഡലത്തിൽ ആദ്യദിനം സൗകര്യം പ്രയോജനപ്പെടുത്തിയത്. ബാലറ്റുകൾ ഇന്നലെ രാത്രി തന്നെ ഉപവരണാധികാരി വഴി സ്‌ട്രോങ് റൂമിലേക്കു മാറ്റി.

തിങ്കളാഴ്ച രാവിലെ അതതു നിയമസഭാ മണ്ഡലത്തിലെ വിതരണകേന്ദ്രത്തിൽനിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയിൽനിന്നു സ്വീകരിച്ചാണ് അർഹരായവരുടെ വീടുകളിലെത്തി വോട്ടു ചെയ്യിപ്പിക്കലിനു തുടക്കമായത്. ആദ്യദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ വേറൊരു ദിവസം വീട്ടിലെത്തുകയും വോട്ടു ചെയ്യാൻ സൗകര്യം ഒരുക്കുകയും ചെയ്യും. മൂന്നാമത് അവസരമുണ്ടാകില്ല.

കണ്ണൂർ മണ്ഡലത്തിലെ 7 നിയമസഭാ മണ്ഡലങ്ങളിലായി 10,960 പേരാണ് പോസ്റ്റൽ ബാലറ്റിന് അർഹരായിട്ടുള്ളത്. ഉദ്യോഗസ്ഥർ 149 ടീമുകളായാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു ടീമിൽ രണ്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വിഡിയോഗ്രഫർ, പൊലീസ്, സൂക്ഷ്മനിരീക്ഷകൻ എന്നിവരുണ്ട്. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം.

പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണം. (നിയമസഭാ മണ്ഡലം, 85 വയസ്സ് കഴിഞ്ഞവർ, ഭിന്നശേഷിക്കാർ, ആകെ എന്ന ക്രമത്തിൽ)
കണ്ണൂർ 157, 28, 185
അഴീക്കോട് 99, 42, 141
ഇരിക്കൂർ 260, 58, 318
പേരാവൂർ 113, 58, 171
മട്ടന്നൂർ 131, 43, 174
ധർമടം 148, 43, 191
തളിപ്പറമ്പ് 100, 28, 128

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com