ADVERTISEMENT

പയ്യന്നൂർ∙രാമന്തളി പഞ്ചായത്തിലെ കുന്നത്തെരു-കുന്നരു-പാലക്കോട്-എട്ടിക്കുളം റോഡിൽ കയറിയാൽ ഏതൊരു ഡ്രൈവറും ചോദിച്ചുപോകും, ഇതെന്തൊരു റോഡ്? 13 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് പൂർണമായ ടാറിങ് നടത്തിയിട്ടു വർഷം ഒന്നും രണ്ടുമല്ല, 20 കഴിഞ്ഞു. രാമന്തളി പഞ്ചായത്തിൽ മറ്റ് പിഡബ്ല്യുഡി റോഡുകളെല്ലാം മെക്കാഡം ടാറിങ് ചെയ്തവയാണ്. എന്നാൽ, ഇതുമാത്രം ടാറിങ് നടത്താൻ അധികൃതർ മെനക്കെട്ടിട്ടില്ല. 

10 വർഷം മുൻപ് കേബിൾ സ്ഥാപിക്കാൻ കുഴിച്ച എട്ടിക്കുളം റോഡിലെ കുഴി മൂടാതെ കിടക്കുന്നു.
10 വർഷം മുൻപ് കേബിൾ സ്ഥാപിക്കാൻ കുഴിച്ച എട്ടിക്കുളം റോഡിലെ കുഴി മൂടാതെ കിടക്കുന്നു.

രാമന്തളി എട്ടിക്കുളം റോഡ് പൂർണമായും നാവിക അക്കാദമിക്ക് അകത്തായപ്പോൾ കുന്നരു റോഡിന്റെ പ്രാധാന്യം പെട്ടെന്നു വർധിച്ചു. എട്ടിക്കുളത്തേക്കുള്ള ബസുകളുടെയെല്ലാം സഞ്ചാരം ഈ റോഡിലൂടെയായി. ഈ റോഡ് വികസിപ്പിക്കുന്നതിനായി വേണ്ട സ്ഥലം അക്വയർ ചെയ്യാനുള്ള എസ്റ്റിമേറ്റ് വരെ സർക്കാർ പരിഗണനയിൽ എത്തിയതാണ്. എന്നാൽ, റോഡിന് സ്ഥലം അക്വയർ ചെയ്യേണ്ട എന്ന തീരുമാനമായിരുന്നു മന്ത്രിസഭ എടുത്തത്. അതോടെ റോഡിന്റെ ദുർഗതി തുടങ്ങി. സമരം ചെയ്താലേ റോഡിന്റെ അറ്റകുറ്റപ്പണി പോലും നടക്കൂ എന്ന അവസ്ഥയാണ് ഇപ്പോൾ. ഇന്ന് ഈ റോഡ് തീരദേശ ഹൈവേയുടെ പേരിലാണു പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. 

തീരദേശ ഹൈവേയുടെ നടപടി പൂർത്തിയാക്കി പണി തുടങ്ങാൻ ഒന്നോ രണ്ടോ വർഷം വേണം. അതുവരെ വാഹനങ്ങൾ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ പോകണമെന്നാണ് അധികൃതരുടെ പക്ഷം. കുന്നത്തെരു മുതൽ പാലക്കോട് വരെ 4.66 കിലോ മീറ്റർ റോഡാണ് തീരദേശ ഹൈവേയിൽ ഉൾപ്പെട്ടിട്ടുള്ളത്. 2018 ഡിസംബർ 11ന് കുന്നത്തെരു മുതൽ കാരന്താട് വരെയുള്ള റോഡ് ഏഴിലോട് റോഡിൽ ഉൾപ്പെടുത്തി മെക്കാഡം ടാറിങ് നടത്താനായി ഉദ്ഘാടനം ചെയ്തതായിരുന്നു. തൊട്ടുപിറകെയാണ് കുന്നത്തെരു മുതൽ കാരന്താട് വരെയുള്ള ഭാഗം തീരദേശ ഹൈവേയിൽ ഉൾപ്പെടുത്തി വിജ്ഞാപനം വന്നത്. 

അതോടെ ആ ഭാഗം മെക്കാഡം ടാറിങ്ങിൽ നിന്ന് ഒഴിവാക്കി. 2019 മുതൽ തീരദേശ ഹൈവേ വികസനത്തിനായി കാത്തിരിക്കുകയാണ് കുന്നത്തെരു - പാലക്കോട് വരെയുള്ള റോഡ്. തീരദേശ റോഡിനായി ഭൂമി ഏറ്റെടുക്കാൻ ഇനി ഒന്നര വർഷമെങ്കിലും വേണം. അതു കഴിഞ്ഞ് ടെൻഡർ നടപടി പൂർത്തിയാക്കി പണി തുടങ്ങണമെങ്കിൽ പിന്നെയുമെടുക്കും സമയം. അതുവരെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ തന്നെ വാഹനം കടന്നു പോകണം. പാലക്കോട് മുതൽ എട്ടിക്കുളം വരെ 8 കിലോമീറ്റർ റോഡ് പിന്നെയുമുണ്ട്. പാലക്കോട് വരെയുള്ള റോഡ് പിഡബ്ല്യുഡി പയ്യന്നൂർ സബ് ഡിവിഷനു കീഴിലാണെങ്കിൽ പാലക്കോട് എട്ടിക്കുളം റോഡ് മാടായി സബ് ഡിവിഷനു കീഴിലാണ്.

ഫലത്തിൽ പയ്യന്നൂർ മണ്ഡലത്തിനു കീഴിലുള്ള റോഡ് കല്യാശ്ശേരി മണ്ഡലത്തിലുള്ള ഓഫിസിന് കീഴിലാണ്. ഓഫിസുകൾ രണ്ടായതും വികസനം പതുക്കെയാക്കി. റോഡ് കിഫ്ബി പദ്ധതിയിൽ സമർപിച്ചിട്ടുണ്ടെങ്കിലും അതിനും അംഗീകാരം ലഭിച്ചിട്ടില്ലെന്നാണു വിവരം. കയറ്റിറക്കവും ഹെയർപിൻ വളവുകളുമുള്ള പാലക്കോട് എട്ടിക്കുളം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഡ്രൈവർമാരിലും യാത്രക്കാരിലും ഭീതി പടർത്തിയിട്ടുമുണ്ട്.  പക്ഷേ, ഇതൊന്നും അധികൃതർ കണ്ട മട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com