ADVERTISEMENT

ഇരിട്ടി ∙ ചേന നട്ടാൽ ചേനയെന്നു എഴുതാൻ പഠിക്കണം.....ചേമ്പ് നട്ടാൽ ചേമ്പെന്നും......കിളക്കുന്നതു തൂമ്പകൊണ്ടാണെങ്കിൽ തൂമ്പയെന്നും........വെട്ടുന്നത് കത്തികൊണ്ടാണെങ്കിൽ കത്തിയെന്നും......ശമ്പളം വാങ്ങാൻ ഒപ്പിടാനും പഠിക്കണം.....ആറളം ഫാമിലെ തൊഴിലാളികളാണു തൊഴിലിനൊപ്പം അക്ഷരവും പഠിക്കാൻ വേറിട്ട വഴിയേ യാത്ര തുടങ്ങിയത്. ചെയ്യുന്ന തൊഴിലും പറയുന്ന വാക്കും എഴുതാൻ പഠിക്കുകയാണ് അദ്യപടി.

വെയിൽ മൂക്കും വരെ തൊഴിലും വെയിൽ മൂത്താൽ പഠനവുമെന്ന പുതിയ തൊഴിൽ–പഠന സംസ്കാരത്തിനാണു തുടക്കമിട്ടത്.  ആറളം ഫാമിൽ ജോലി ചെയ്യുന്ന ആദിവാസി സ്ത്രീ തൊഴിലാളികളെ ലക്ഷ്യമിട്ടാണു ‘ചുവട്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്. ഉച്ചയ്ക്കാണ് തൊഴിലിടത്തിലെ തണൽ മരച്ചുവട്ടിൽ ആദിവാസി സ്ത്രീകളെ എഴുത്തിനിരുത്തുന്നത്.

ഫാം ബ്ലോക്ക് 8ൽ ആരംഭിക്കുന്ന ചേന, ചേമ്പ്, ചെറുകിഴങ്ങ് കൃഷിക്കായി തടമെടുക്കുന്ന ജോലിയിൽ ഏർപ്പെട്ട 24 പേരാണ് ആദ്യ ബാച്ചിലെ പഠിതാക്കൾ. അടുത്തതായി 5, 7 ബ്ലോക്കുകളിലും ഫാം നഴ്സറിയിലെയും തൊഴിലാളികളെ എഴുത്തും വായനയും പഠിപ്പിക്കും. തുടർന്നു ഫാമിലെ മുഴുവൻ തൊഴിലാളികളെയും സാക്ഷരരാക്കും. 

ആറളം ഫാമിലെ ആദിവാസികളുടെ സാമൂഹികാവസ്ഥയെക്കുറിച്ചു പഠനം നടത്തി ഡോക്ടറേറ്റ് നേടിയ ഫാം അഡ്മിനിസ്ട്രേറ്റർ ഡോ.കെ.പി.നിധീഷ് കുമാറാണു പുതിയ പരീക്ഷണത്തിനു പിന്നിൽ.ആറളം ഫാമിലെ ജീവനക്കാർ തന്നെയാണ് ആദിവാസി സ്ത്രീകൾക്കു അധ്യാപകരായും എത്തുന്നത്. ടിടിസി പാസായ ക്ലാർക്ക് ഗ്രീഷ്മ, ജീവനക്കാരായ കെ.സജീഷ്, ജോസഫ് ജോർജ്, ഫാമിൽ ഇന്റേൺഷിപ്പു ചെയ്യുന്ന എംഎസ്ഡബ്ല്യു വിദ്യാർഥികളായ അഞ്ജലി, ഷിനറ്റ് ബാബു എന്നിവരും അധ്യാപകരാണ്. ഇടവേളയിൽ നിധീഷ് കുമാറും അധ്യപകനായെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com