ADVERTISEMENT

ഇരിക്കൂർ ∙ സിദ്ദീഖ് നഗറിലെ പരേതനായ നിട്ടൂർ മൊയ്തീന്റെ ഭാര്യ സബീന മൻസിലിൽ കുഞ്ഞാമിന കവർച്ചയ്ക്കിടെ കൊല്ലപ്പെട്ടിട്ട് നാളേക്ക് 8 വർഷം. പ്രതികൾ ഇപ്പോഴും കാണാമറയത്ത് തന്നെ. കുഞ്ഞാമിനയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന 2 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടെ 3 പേരാണ് കേസിലെ പ്രതികൾ. ആദ്യ നാളുകളിൽ ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിന്റെ സഹായത്തോടെ മികച്ച രീതിയിൽ അന്വേഷണം നടത്തിയിരുന്നു. 4 സംസ്ഥാനങ്ങളിൽ പ്രതികളെ തേടി പൊലീസ് സംഘം എത്തുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ കഴിയാതായതോടെ നാട്ടുകാരും ആക്‌ഷൻ കമ്മിറ്റിയും പ്രക്ഷോഭം ആരംഭിക്കുകയും കേസ് 2021 ജൂണിൽ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടത്തുന്നത്. 

10 പവൻ സ്വർണം,19 കുത്തുകൾ
2016 ഏപ്രിൽ 30നാണ് കുഞ്ഞാമിന കൊല്ലപ്പെട്ടത്. ജോലിക്ക് പോയിരുന്ന മകൻ ഉമ്മർ വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുഞ്ഞാമിനയെ കാണാതിരുന്നതിനാൽ സമീപവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ക്വാർട്ടേഴ്സിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. വയറിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 19 കുത്തേറ്റിരുന്നു. മാലയും കമ്മലും ഉൾപ്പെടെ കുഞ്ഞാമിന ധരിച്ചിരുന്ന 10 പവനോളം സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു.

അന്വേഷണം വാടകക്കാരിലേക്ക്
ഇവരുടെ ക്വാർട്ടേഴ്സിൽ ഒരു മാസം മുൻപ് വാടകയ്ക്ക് താമസിക്കാനെത്തിയ ഇതര സംസ്ഥാനക്കാരായ മൂവർ സംഘം അന്ന് രാവിലെ 9.30 ഓടെ ക്വാർട്ടേഴ്സ് ഒഴിഞ്ഞ് പോയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന് വ്യക്തമായി. രാവിലെ 8നും 9.30നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പോസ്റ്റ്മോർട്ടത്തിലും സ്ഥിരീകരിച്ചു. മൂവരും വ്യാജ പേരും മേൽവിലാസവുമായിരുന്നു ഇവിടെ നൽകിയിരുന്നതെന്നും കണ്ടെത്തി.

രക്ഷപ്പെട്ടത് മഹാരാഷ്ട്രയിലേക്ക്
കൊലപാതകത്തിന് ശേഷം സംഘം മഹാരാഷ്ട്രയിലേക്കാണ് പോയതെന്ന് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. മേയ് 21ന് റായ്ഗുഡിലെ ഹോട്ടൽവരെ ഇവർക്കുപിന്നാലെ പൊലീസ് എത്തിയെങ്കിലും കയ്യിലുണ്ടായിരുന്ന മൊബൈൽഫോൺ സംഘം ഉപേക്ഷിച്ചതോടെ അന്വേഷണം വഴിമുട്ടി. 

പ്രതികൾക്കായി വക്കീലിനെസംഘടിപ്പിച്ചത്ജയിൽ സൂപ്രണ്ട്
വിവിധ സംസ്ഥാനങ്ങളിലായി നൂറോളം കവർച്ചാക്കേസുകളിൽ പ്രതികളാണ് മൂവർ സംഘമെന്ന് കേരള പൊലീസ് കണ്ടെത്തി. പല സ്ഥലത്തും പല പേരുകളിലാണ് സംഘം താമസിച്ചിരുന്നത്. 2013 ജനുവരിയിൽ ആന്ധ്രാപ്രദേശിലെ ഓംഗോളിൽ അയൽവാസിയായ വയോധികയെ കെട്ടിയിട്ട് സ്വർണവും പണവും തട്ടിയതാണ് ഇതിൽ ഏറ്റവും വലിയ കവർച്ച. പിടിയിലായെങ്കിലും പൊലീസിൽ കൊടുത്ത പേരും മേൽവിലാസവും തിരിച്ചറിയൽ കാർഡും വ്യാജമായിരുന്നു. സൗമ്യ രംഗവാല (55), സമീറ രംഗവാല (28), അക്ബർ അലി (26) എന്നിങ്ങനെയാണ് ഇവിടെ എഫ്ഐആറിൽ റജിസ്റ്റർ ചെയ്ത പേരുകൾ. 

സംഘത്തിലെ മുതിർന്ന സ്ത്രീ അപസ്മാരം അഭിനയിച്ച് മൂന്ന് തവണ ഇവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. തുടർന്ന് ജയിൽ സൂപ്രണ്ട് സഹപ്രവർത്തകരിൽ നിന്നായി 10,000 രൂപ ശേഖരിച്ച് ഇവർക്ക് നൽകുകയും ജാമ്യത്തിനായി ഗുണ്ടൂർ സ്വദേശിയായ ബാലകൃഷ്ണ റാവു എന്ന വക്കീലിനെ ഏർപ്പാടാക്കുകയും ചെയ്തു. നിലവിൽ പ്രതികൾക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും അറസ്റ്റ് വാറന്റും നിലവിലുണ്ട്.

English Summary:

Where are Kunjamina's killers? Escaped to Maharashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com