ADVERTISEMENT

പയ്യന്നൂർ ∙ അനിലയുടെ മരണം കൊലപാതകമെന്ന് പൊലീസ് സംശയിക്കുമ്പോഴും അതിലേക്കു നയിച്ച കാരണങ്ങൾ വ്യക്തമല്ല. അനില ശനി രാവിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ടതാണ്. അന്നൂരിലെ വീട്ടിലേക്ക് സുദർശന്റെ ബൈക്കിലാണ് അനില എത്തിയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൗഹൃദത്തിൽ എത്തിയ ശേഷം കൊലപാതകത്തിലേക്കു നയിക്കാനുണ്ടായ കാരണമെന്തെന്ന ചോദ്യം പൊലീസിനു മുന്നിലുണ്ട്. അനില വീട്ടിൽ നിന്നു ധരിച്ചു വന്ന വസ്ത്രം അന്നൂരിലെ വീട്ടിനകത്തൊന്നും സഹോദരന് കണ്ടെത്താൻ  കഴിഞ്ഞില്ല. അനിലയുടെ മൃതദേഹത്തിലുണ്ടായിരുന്ന ചുരിദാർ അന്നൂരിലെ വീട്ടിൽ നിന്ന് എടുത്തതാണോയെന്ന് അറിയണമെങ്കിൽ വിനോദയാത്രയ്ക്കു പോയ വീട്ടുകാർ തിരിച്ചെത്തണം. മുംബെയിൽ നിന്ന് കപ്പൽ മാർഗം കൊച്ചിയിലേക്കു യാത്ര ചെയ്യുന്ന വീട്ടുകാർ തിരിച്ചെത്തുക ഒൻപതാം തീയതിയാണ്. 

അനിലയുടെ മുഖം അടിയേറ്റ് വികൃതമായിട്ടുണ്ട്. അടിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വീട്ടിനകത്ത് കണ്ടെത്താനായില്ല. അനിലയുടെ ഫോൺ വെള്ളോറയിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് അവിടെ എങ്ങനെ എത്തിയെന്നു കണ്ടെത്തേണ്ടതുണ്ട്. ശാസ്ത്രീയ അന്വേഷണം നടത്തിയാൽ മാത്രമേ സംശയങ്ങൾ നീക്കാനാകുവെന്ന് പൊലീസ് പറയുന്നു. സയന്റിഫിക് ഓഫിസർ ഡോ.ടി.അഞ്ജിതയുടെ നേതൃത്വത്തിൽ ഫൊറൻസിക് വിഭാഗവും ഫിംഗർ പ്രിന്റ് ഓഫിസർ സുഭാഷിന്റെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. കണ്ണൂർ റൂറൽ എസ്പി ഹേമലത, പയ്യന്നൂർ ഡിവൈഎസ്പിയുടെ ചുമതലയുള്ള തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. ഇൻസ്പെക്ടർ ജീവൻ ജോർജ്, എസ്ഐ എൻ.കെ.രഞ്ജിത് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. 

anila-house
അനിലയുടെ മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നു.

മരണം നാടറിഞ്ഞത് പൊലീസ് എത്തിയ ശേഷം 
പയ്യന്നൂർ ∙ അന്നൂർ കൊരവയലിൽ പൂട്ടിക്കിടക്കുന്ന വീട്ടിലേക്ക് പൊലീസ് വരുമ്പോൾ ജനം കരുതിയത് കള്ളൻ കയറി 
എന്നായിരുന്നു. വെള്ളിയാഴ്ചയാണ് ഈ വീട്ടിലുള്ളവർ വിനോദ യാത്രയ്ക്കു പോയിരുന്നത്. പൊലീസ് വാഹനങ്ങളുടെ എണ്ണം കൂടിയപ്പോൾ ജനങ്ങൾക്കു സംശയമായി. അതിനകത്ത് ഒരു സ്ത്രീ മരിച്ചു കിടക്കുന്നുവെന്ന് അറിഞ്ഞതോടെ അതാരെന്നറിയാനുള്ള ആകാംക്ഷയിൽ വീടിന് സമീപം ജനം തടിച്ചു കൂടി. വീട് നോക്കാൻ ചുമതലപ്പെട്ട വെള്ളരിയാനത്തെ സുദർശൻ പ്രസാദിനെ ഇരൂളിലെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്ന വാർത്ത പരന്നതോടെയാണ് സുദർശന്റെ കൂടെ ബൈക്കിൽ ഒരു സ്ത്രീ വന്നിരുന്ന കാര്യം നാട്ടുകാർ പൊലീസിനോടു പറയുന്നത്. 

കാണാതായവരെ സംബന്ധിച്ച പരാതി പരിശോധിച്ചപ്പോൾ പെരിങ്ങോം പൊലീസിൽ അങ്ങനെയൊരു പരാതിയുള്ള കാര്യം ശ്രദ്ധയിൽപെട്ടു. പരാതിക്കാരെ വിളിച്ചുവരുത്തി മൃതദേഹം കാണിച്ചതോടെയാണ് മരിച്ചത് അനിലയാണെന്നു സ്ഥിരീകരിച്ചത്. അതൊരു കൊലപാതകമാണെന്ന സംശയം ഉയർന്നതോടെ കൊരവയലിലെ വീട്ടു മുറ്റത്ത്  ജനക്കൂമായി. ഉച്ചയ്ക്ക് 2 മണിയോടെയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോയത്. 

കൊലപാതകമെന്ന് സഹോദരൻ 
പയ്യന്നൂർ ∙ അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരൻ അനീഷ്. ‘ശനി രാവിലെ അനില പതിവു പോലെ ജോലി ചെയ്യുന്ന മാതമംഗലത്തെ ഫർണിച്ചർ ഷോപ്പിലേക്ക് പോയതായിരുന്നു. സാധാരണ തിരിച്ചു വരുന്ന 5.40 ന്റെ ബസിൽ കാണാതായപ്പോൾ അന്വേഷിച്ചു. അപ്പോഴാണ് കടയിൽ വന്നില്ലെന്ന് അറിയുന്നത്. ശനി വൈകിട്ട് തന്നെ പെരിങ്ങോം പൊലീസിൽ പരാതി നൽകിയിരുന്നു. ഇന്നലെ രാവിലെയാണ്  സംഭവം അറിയുന്നത്. വീട്ടിൽ നിന്ന് ധരിച്ചു വന്ന വസ്ത്രമല്ല മരിച്ചു കിടക്കുമ്പോഴുള്ളത്.  അവളുടെ മൊബൈൽ ഫോൺ വെള്ളോറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിനു പിന്നിൽ ഒന്നിൽ കൂടുതൽ പേർ ഉണ്ടെന്ന് സംശയിക്കുന്നു.’–  സഹോദരൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com