ADVERTISEMENT

കാസർകോട് ∙ ‘ലഹരിമരുന്നിന് അടിമപ്പെടാതെ യുവത തെളിമയാർന്ന ജീവിതത്തിലേക്കു തിരിച്ചുവരിക’ എന്ന സന്ദേശമോതി ‘ഉയിർപ്പ്’ കലാജാഥ ഒരുങ്ങി. സംസ്ഥാന യുവജന ക്ഷേമ ബോർഡ് ലഹരിമരുന്നിനെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണു ജില്ലാ യുവജന കേന്ദ്രം 3 ദിവസങ്ങളിലായി ജില്ലയിലെ ക്യാംപസുകളിലും പൊതുഇടങ്ങളിലും കലാജാഥ നടത്തുന്നത്.

സംഗീത ശിൽപം, നാടകം, തെരുക്കൂത്ത്, ഫ്ലാഷ് മോബ് എന്നിവയുൾപ്പെടെ ഒരു മണിക്കൂറോളം നീളുന്ന കലാപരിപാടികളാണ് അവതരിപ്പിക്കുക. ജില്ലാ പരിശീലന ക്യാംപ് പൂർത്തിയായി. തെരുവിന്റെ വിസ്‌തൃതമായ സാധ്യതകളെ അരങ്ങാക്കി മാറ്റിയാണ് അവതരണം. നാടകപ്രവർത്തകന്‍ മണിപ്രസാദ് കൊളത്തൂർ കലാജാഥാംഗങ്ങൾക്കു പരിശീലനം നൽകി.

അവളിടം യുവതി ക്ലബ് ജില്ലാ കോഓർഡിനേറ്റർ കെ.വി.ചൈത്ര ക്യാപ്റ്റനായും യുവജന ക്ഷേമ ബോർഡ്‌ ജില്ലാ യൂത്ത് കോഓർഡിനേറ്റർ എ.വി.ശിവപ്രസാദ് മാനേജരുമായും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫിസർ പി.സി.ഷിലാസ് ഉൾപ്പെടെ ഇന്നു മുതൽ 25 വരെ ജില്ലയിലെ 5 നിയോജക മണ്ഡലങ്ങളിലെ പൊതുവിദ്യാലയങ്ങൾ, കലാലയങ്ങൾ, പൊതുഇടങ്ങൾ എന്നിങ്ങനെയുളള അവതരണ കേന്ദ്രങ്ങളിലൂടെ ജില്ലയിൽ പര്യടനം നടത്തും.

ഇന്നു രാവിലെ 9.30നു മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ ജില്ലാ പൊലീസ് മേധാവി പി.ബിജോയ്‌ ഉദ്ഘാടനം ചെയ്യും. കാസർകോട് ഗവ.കോളജ്, കുമ്പള ഐഎച്ച്ആർഡി കോളജ്, കാസർകോട് ടൗൺ തുടങ്ങിയ കേന്ദ്രങ്ങളിൽ ആദ്യ ദിവസം പര്യടനം പൂർത്തിയാക്കി ഇരിയണ്ണിയിൽ സി.എച്ച്.കുഞ്ഞമ്പു എംഎൽഎ സമാപനം  ഉദ്ഘാടനം ചെയ്യും.

വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിനു ശേഷം 25ന് 6നു ചെറുവത്തൂർ ടൗണിൽ സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ സമാപനം ഉദ്ഘാടനം ചെയ്യും. എ.ചന്ദ്രലേഖ, വി.പി.സയനോര, സി.അനുശ്രീ, ബി.സുസ്മിത, ബി.ജോബിദ, ബി.അശ്വനി, റുസ്മില്ല ഫർഹ, ഫൈഹാന, എ.കെ.ഗായത്രി, എം.കാർത്തിക, വൈ.അക്ഷയ, കെ.രേവതി തുടങ്ങിയവർ ജാഥയിൽ അണിനിരക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com