ADVERTISEMENT

തെന്മല∙ ഗ്രാമപ്പഞ്ചായത്തിലെ വാർഡു വിഭജനത്തെ തുടർന്നു രൂപീകരിച്ച ഒറ്റക്കൽ അഞ്ചാം വാർഡിൽ അട്ടിമറി ജയം നേടി എൽഡിഎഫ്. ബിരുദാനന്തര ബിരുദ വിദ്യാർഥിയും പുതുമുഖവുമായ എസ്.അനുപമ (സിപിഎം) 561 വോട്ടുകൾ നേടി 34 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ഒറ്റക്കല്ലിന്റെ പ്രതിനിധിയായി. യുഡിഎഫിലെ ചന്ദ്രിക സെബാസ്റ്റ്യൻ (കോൺഗ്രസ്) അന്തരിച്ചതിനെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിൽ ഒറ്റക്കൽ എന്ന കോട്ട നിലനിർത്താനാകുമെന്നായിരുന്നു യുഡിഎഫിന്റെ ആത്മവിശ്വാസം.

യുഡിഎഫ് സ്ഥാനാർഥി ബിജിലി ജയിംസിനു നേടാനായതു 527 വോട്ടുകൾ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചന്ദ്രിക സെബാസ്റ്റ്യൻ ജയം നേടിയപ്പോൾ ലഭിച്ചതു 467 വോട്ടുകൾ. അധികം ലഭിച്ചതു 60 വോട്ടുകൾ. വോട്ടിങ് ശതമാനം വർധിച്ചപ്പോൾ വോട്ടിങ് നില 467ൽ നിന്നും 561 ആയി വർധിപ്പിച്ചിട്ടും യുഡിഎഫിന് അടി പതറി. എൽഡിഎഫ് സ്ഥാനാർഥി എസ്.അനുപമ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയതിനെക്കാൾ 120 വോട്ടുകൾ അധികം നേടി.

2020ൽ എൽഡിഎഫ് സ്ഥാനാർഥി അലിൻബിജു നേടിയത് 441 വോട്ടുകളായിരുന്നു. എൻഡിഎ സ്ഥാനാർഥി ആശ അംബിക നേടിയതു 78 വോട്ടുകൾ. 2020ലെ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി എസ്.മിനി നേടിയ 96 വോട്ടുകൾ നിലനിർത്താൻ കഴിഞ്ഞില്ല. 2000ൽ രൂപീകരിച്ച ഒറ്റക്കൽ വാർഡിൽ 2020 വരെ നടന്ന ത്രിതല തിരഞ്ഞെടുപ്പുകളിൽ ആദ്യമൊക്കെ വലിയ ഭൂരിപക്ഷം നേടിയിരുന്ന യുഡിഎഫ് വിജയം. പിന്നീടു നേരിയ ഭൂരിപക്ഷത്തിലായിരുന്നു വാർഡ് നിലനിർത്തിയിരുന്നത്. ഇക്കുറി ഒറ്റക്കൽ കൈവിട്ടതോടെ യുഡിഎഫിൽ ഗ്രാമപ്പഞ്ചായത്ത് ഭരണനേതൃത്വം പ്രതിക്കൂട്ടിലായി.

യുഡിഎഫിനും എൽഡിഎഫിനും തുല്യ അംഗബലം

ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷം അട്ടിമറി ജയം നേടി അംഗസംഖ്യ ഏഴായി വർധിപ്പിച്ചതോടെ ഭരണസമിതിയിൽ യുഡിഎഫിനും എൽഡിഎഫിനും തുല്യ അംഗബലമായി. ഡിസിസി ജനറൽ സെക്രട്ടറി കെ.ശശിധരൻ പ്രസിഡന്റായ ഭരണസമിതിയുടെ ഭാവി തുലാസിലാകുന്ന കണക്കുകളിൽ കൂട്ടലും കിഴിക്കലുമായി ഇടതുപക്ഷം. 16 അംഗ ഭരണസമിതിയിലെ 2 സ്വതന്ത്രരുടെ നിലപാടുകൾ എന്താകുമെന്നതും കണക്കുകൂട്ടലുകളിൽ ഇടംപിടിച്ചു.

ബിജെപിയോട് അനുകൂല സമീപനം തുടരുന്ന ഒരു സ്വതന്ത്രനും കോൺഗ്രസിനോട് അടുപ്പം തുടരുന്ന മറ്റൊരു സ്വതന്ത്രനും ഇടതിനോട് അടുക്കാനുള്ള സാധ്യത ക്കുറവാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. ഭരണസമിതിയിൽ എൽഡിഎഫിന് സിപിഐ–4, സിപിഎം–3 എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിൽ കോൺഗ്രസിന് ഏഴ് അംഗങ്ങളാണ് ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com