ADVERTISEMENT

മത്സരങ്ങളെക്കാളേറെ ഉത്സവങ്ങളെ സ്നേഹിക്കുന്നവരാണ് എന്റെ നാട്ടുകാർകൊല്ലം എ.കെ.രാജുവിന്റെ എ.കെ.തിയറ്റേഴ്സിന്റെ നൃത്തനാടകം കണ്ടു കണ്ണടച്ചു പോയ ബാല്യം എന്റെ ഓർമയിലുണ്ട്. നാട് കൊല്ലമാണെങ്കിലും വളർന്നത് അങ്ങു തലസ്ഥാനത്താണല്ലോ. അന്നു തിരുവനന്തപുരം കൈതമുക്ക് ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയി. ക്ഷേത്രത്തിനടുത്താണ് അച്ഛന്റെ വിശ്വഭാരതി തിയറ്റേഴ്സിന്റെ നാടക ക്യാംപ്.

ക്യാംപിൽ ആർട്ടിസ്റ്റുകൾക്കു വച്ചുവിളമ്പലാണു വീട്ടിലുള്ളവരുടെ പ്രധാന ജോലി. ഇതിനിടയ്ക്ക് അമ്മ ക്യാംപിനോടു ചേർന്നു നൃത്തക്ലാസും നടത്തുന്നുണ്ട്. ആകാശവാണിയിൽ അനൗൺസറുമാണ്. അച്ഛനാകട്ടെ എപ്പോഴും ക്യാംപിൽ തന്നെ. ഞങ്ങൾ മക്കൾക്ക് അച്ഛനെ കാണണം. അങ്ങനെ ക്യാംപിൽ പോയപ്പോഴാണു ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ഉത്സവം കണ്ടത്. 

ആനയും കുതിരയെടുപ്പുമൊക്കെ കണ്ടു. സന്ധ്യയ്ക്കു നാമം ജപിച്ചു ചോറും തിന്നു കിടന്നുറങ്ങുന്ന കാലത്തു ഞങ്ങൾ കുട്ടികൾ നൃത്തനാടകവും ബാലെയും കണ്ട് അന്നു ഉറക്കമിളച്ചു. ഞാനന്നു മൂന്നാം ക്ലാസിലാണെന്നാണ് ഓർമ. വെളുക്കെ വെളുക്കെ നാടകം കണ്ടു വന്നു ക്യാംപിൽ കിടന്നു. ഇടയ്ക്ക് ആരോ വന്ന് ഒറ്റ വിളി: ‘ പൊടിമോളെ, എഴുന്നേറ്റെ. മുകളിൽ പോയി പാലു വാങ്ങിച്ചോണ്ടു വാ...’ 

ക്യാംപിലുള്ളവർക്കുള്ള എരുമപ്പാൽ നാഗർകോവിൽ വള്ളിയൂരിൽ നിന്നാണു വരുന്നത്. വിളിച്ചെഴുന്നേൽപിച്ചയാൾ വലിയൊരു പിത്തള തൂക്കുപാത്രം കയ്യിൽ പിടിപ്പിച്ചു. അതുമായി പത്തു ചുവട് നടന്നതേ ഓർമയുള്ളൂ. പിന്നെ അച്ഛൻ തിരക്കി വന്നപ്പോൾ കാണുന്നത് അപ്പുറത്തെ ഒരാൾ പൊക്കമുള്ള പട്ടിയുടെ വയറ്റത്തു തല വച്ചു കിടന്നുറങ്ങുന്ന എന്നെ !!!  പകൽ സമയം ഈ പട്ടിയെ കണ്ടാൽ ഓടിയൊളിക്കുന്ന ഞാനാണ്. പട്ടിയെയും എന്നെയും ഉണർത്താതെ അച്ഛൻ എന്നെ കോരിയെടുത്തു ക്യാംപിൽ കൊണ്ടു കിടത്തി. ഉണർന്നപ്പോഴും നൃത്തനാടകത്തിലെ ഉശിരൻ ഡയലോഗുകൾ വായിലുണ്ടായിരുന്നു. അങ്ങനെ എത്രയോ ഉത്സവകാലം.... എന്റെ ഉത്സവമേളം സിനിമ പോലെ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com