ADVERTISEMENT

പത്തനാപുരം∙ കാട്ടാനകളുടെ ചേരിപ്പോരിൽ പരുക്കേറ്റ ആനയുടെ പരുക്ക് ഭേദമാകുന്നു. അച്ചൻകോവിൽ റോഡിൽ പറങ്കിമാവിൻ തോട്ടത്തിൽ തമ്പടിച്ചു നിന്ന ആന സമീപത്തെ വനാതിർത്തിയിലേക്ക് നീങ്ങി. ചാങ്ങപ്പാറ ഭാഗത്തായി ആന നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതു വഴിയൊഴുകുന്ന അരുവിയിൽ നിൽക്കുകയാണ് ആന.

കാലിലെ മുറിവ് കരിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും ആഹാരം നല്ല രീതിയിൽ കഴിക്കുന്നുണ്ടെന്നും ആനയെ നിരീക്ഷിക്കുന്ന വനം ഉദ്യോഗസ്ഥ സംഘം പറയുന്നു. എങ്കിലും ആളുകളുടെ സാന്നിധ്യം അറിയുമ്പോൾ തന്നെ ആന അക്രമാസക്തമാകുകയാണ്. കഴിഞ്ഞ ദിവസം പറങ്കിമാവിൻ തോട്ടത്തിലെ തൊഴിലാളികളെ കിലോമീറ്ററുകളോളം ഓടിച്ചു.

മലയും ഇറക്കവുമായതിനാൽ മരങ്ങൾക്ക് പിന്നിലൊളിച്ച് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് തൊഴിലാളികൾ പറ​ഞ്ഞു. ആന ഉൾവനത്തിലേക്ക് മാറും വരെ നിരീക്ഷണം തുടരുമെന്ന് അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജയകുമാർ പറഞ്ഞു. നിലവിൽ മറ്റു ആനകളുടെ സാന്നിധ്യം മേഖലയിലില്ല. വീണ്ടും ഇവ എത്തിയാൽ പരുക്കേറ്റ ആനയെ വീണ്ടും ആക്രമിക്കുന്നതൊഴിവാക്കാൻ പദ്ധതി തയാറാക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 

1200 രൂപയുടെ 17 ഗുളിക നൽകി
പരുക്കേറ്റ കാട്ടാനയുടെ ചികിത്സയ്ക്കായി 1200 രൂപ വിലയുള്ള 17 ഗുളികകളാണ് നൽകിയതെന്നു ഉദ്യോഗസ്ഥർ പറയുന്നു. ഈ ഗുളിക നൽകുന്നതിനുള്ള കൈതച്ചക്ക, പഴം പോലെയുള്ളവയും പണം നൽകി വാങ്ങണം. നിലവിൽ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും പണം സ്വരൂപിച്ചാണ് ചികിത്സ. സർക്കാർ പിന്നീടേ ഇത് മടക്കി നൽകൂ. ചികിത്സാ ചെലവ് ഇനിയും വർധിച്ചാൽ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഉദ്യോഗസ്ഥർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com