ADVERTISEMENT

കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിനു സമീപം നിർത്തിയിട്ടിരുന്ന പൊലീസ് വാഹനം തല്ലിത്തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത പ്രതി പിടിയിൽ. ഇടുക്കി പൂമാല അമ്പലക്കവലയിൽ ചിറാപുറത്ത് വീട്ടിൽ സജീവ് (കുട്ടൻ 42) ആണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചുവച്ചതിന്റെ വിരോധത്തിലാണ് അക്രമം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് തകർത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയാണു സംഭവം.

ആശുപത്രി അത്യാഹിത വിഭാഗത്തിന്റെ മുന്നിൽ അലഞ്ഞുതിരിഞ്ഞു നടന്ന സജീവ് ഇവിടെ വിശ്രമിക്കുന്നവരുടെ ചിത്രങ്ങൾ പകർത്തുന്നു എന്ന പരാതിയെത്തുടർന്നാണ് മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലെ പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഇതിനു പിന്നാലെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഒരു പ്രതിയെ സ്കാനിങ് പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചു.

പരിശോധനയ്ക്കു ശേഷം തിരികെ ഇറങ്ങുമ്പോൾ ഇവരാണ് ഫോൺ പിടിച്ചുവച്ചതെന്നു തെറ്റിദ്ധരിച്ച് എസ്ഐ വിദ്യയോടു സജീവ് തന്റെ ഫോൺ തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. തങ്ങൾ ഫോൺ പിടിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചതോടെ ഇയാൾ പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു. പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിക്കാനും ശ്രമിച്ചു. ഗാന്ധിനഗർ എസ്എച്ച്ഒ സുരേഷ് വി. നായർ, എസ്ഐമാരായ ഹരിദാസ്, അജയഘോഷ്, ടി.കെ. സജിമോൻ, എഎസ്ഐ സി.എസ്. പത്മകുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 20,000 രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണു കേസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com