ADVERTISEMENT

ചങ്ങനാശേരി ∙ ഇന്നത്തെ ഈസ്റ്റർ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ 4 നഴ്സുമാർക്ക് അതിജീവനത്തിന്റെ ആഘോഷം കൂടിയാണ്.  ജീവിതയാത്രയി‌ലെ അപ്രതീക്ഷിത ദുരന്തങ്ങളിൽ കാലിടറിയ ഇവർക്കു  പ്രത്യാശയുടെ സന്ദേശം പകരുന്ന ദിനം.കാർഡിയോളജി വിഭാഗത്തിലെ ലീന ജോസഫ്, ജീതു തോമസ്, ജിനു ആൻ ജോൺസൻ, അത്യാഹിത വിഭാഗത്തിലെ രമ്യ മേരി വർഗീസ് എന്നിവരാണ് അതിജീവനത്തിന്റെ സന്ദേശവാഹകരാകുന്നത്. ആറുമാസം മുൻപാണ് ലീനയ്ക്കു തൈറോയ്ഡ് കാൻസർ കണ്ടെത്തിയത്. 2 മാസത്തെ ചികിത്സയും ശസ്ത്രക്രിയയും കഴി‍ഞ്ഞ്  ജോലിയിൽ തിരിച്ചെത്തിയെങ്കിലും തുടർചികിത്സ ആവശ്യമാണ്. പക്ഷാഘാതത്തെ തുടർന്ന് ലീനയുടെ ഭർത്താവ് തൊമ്മച്ചൻ 10 വർഷമായി കിടപ്പിലാണ്. കിടപ്പു രോഗിയായ മുത്തശ്ശിയും ലീനയോടൊപ്പമുണ്ട്. ചെത്തിപ്പുഴ സ്വദേശി ലീന കാർഡിയോളജി വിഭാഗം ഇൻ ചാർജാണ്.

രോഗപ്രതിരോധ ശേഷിയുടെ കുറവു മൂലം ഏതു നിമിഷവും രോഗങ്ങൾ കടന്നു വരുന്നതാണ് രമ്യ നേരിടുന്ന പ്രതിസന്ധി. സിസ്റ്റമിക് ലൂപ്പസ് എരിത്തമറ്റോസിസ് (എസ്എൽഇ) എന്നാണ് ഈ അവസ്ഥയുടെ പേര്. 3 വർഷം മുൻപാണ് കണ്ടെത്തിയത്.  പേശി വലിവും വേദനയുമുണ്ട്. അടുത്തിടെയാണു തിരിച്ച് ജോലിയിൽ കയറിയത്. മരുന്നുകൾ സ്ഥിരമായി കഴിക്കുന്നുണ്ട്. ഇതിനാൽ കോവിഡ് വാക്സീൻ എടുത്തിട്ടില്ല. എങ്കിലും അത്യാഹിത വിഭാഗത്തിൽ എത്തുന്ന കോവിഡ് രോഗികളെ ഒരു പരിഭ്രമവുമില്ലാതെ പരിചരിക്കുന്നു ഈ കൈനടി സ്വദേശി. ഒന്നര വർഷം മുൻപുണ്ടായ വാഹന അപകടമാണ് കുഴിമറ്റം സ്വദേശി ജീതുവിന്റെ ജീവിതം മാറ്റിമറിച്ചത്. 

ഡ്യൂട്ടിക്ക് ശേഷം സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിർദിശയിൽ നിന്ന് എത്തിയ ബൈക്ക് ഇടിച്ച്  തലയിടിച്ച് വീഴുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റു. പല്ലിലെ ക്ലിപ്പ് ഒടിഞ്ഞ് വായിൽ കുത്തിക്കയറിയതോടെ ഭക്ഷണം കഴിക്കാൻ പോലും കഴിയാതായി. ഒരു മാസത്തെ ആശുപത്രി ചികിത്സയും തുടർന്ന് 8 മാസം വീട്ടിൽ വിശ്രമത്തിനും ശേഷം ജോലിയിൽ തിരികെയെത്തി. കാലിലെ പരുക്ക് പൂർണമായി ഭേദമായിട്ടില്ല. പടികൾ കയറുന്നതിനും മറ്റും സഹായം ആവശ്യമാണ്. 

കോവിഡാനന്തര പ്രശ്നങ്ങളാണ് ളായിക്കാട് സ്വദേശി ജിനുവിന്റെ ജീവൻ തന്നെ അപകടത്തിലാക്കിയത്. മെഡിക്കൽ കോളജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അപകടാവസ്ഥയിലായി. ഏതു നിമിഷവും വെന്റിലേറ്ററിലേക്കു മാറ്റേണ്ടി വരുമെന്ന  സാഹചര്യത്തിൽ നിന്നാണ്  ജീവിതത്തിലേക്ക് തിരികെ എത്തിയത്. നീരു വന്ന് ശരീരം വീർക്കുകയും കണ്ണുകളുടെ കാഴ്ച  തകരാറിലാവുകയും ചെയ്ത  സങ്കടദിനങ്ങളാണു പിന്നിട്ടത്. വീണ്ടും ജോലിയിലേക്കു തിരിച്ചെത്താനാകുമെന്ന് ഉറപ്പില്ലായിരുന്നു.  കുടുംബത്തിന്റെയും ചെത്തിപ്പുഴ ആശുപത്രി അധികൃതരുടെയും സഹപ്രവർത്തകരുടെയും പിന്തുണയാണ് രണ്ടാം വരവിനു  സഹായകരമായതെന്ന് ഇവർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com