ADVERTISEMENT

കുറവിലങ്ങാട് ∙കൃഷിയടത്തിൽ നിന്നു നേരിട്ടു ചക്ക വാങ്ങണോ. കുറവിലങ്ങാട് പഞ്ചായത്ത് വാർഡ് 11 കളത്തൂർ കണിയോടി ഭാഗത്തു ഉതിമറ്റം സണ്ണിയുടെ തോട്ടത്തിലേക്കു ചെന്നാൽ മതി. മൂന്നൂറ്റൻപതോളം  പ്ലാവുകളിൽ ചക്കയുടെ വൈവിധ്യം. ഇഷ്ടമുള്ളതു തിരഞ്ഞെടുക്കാം. കിലോഗ്രാമിനു 25 രൂപ. കുറവിലങ്ങാട് കൃഷിഭവന്റെ കൃഷിയിട വിപണി എന്ന ആശയം ഫലപ്രദമായി നടപ്പാക്കിയപ്പോൾ ചക്ക വിൽപനയിലൂടെ നേട്ടം കൊയ്യുകയാണ് ഈ കർഷകൻ.

ഒരു ഏക്കർ സ്ഥലത്തു 375 വിയറ്റ്നാം ഏർലി പ്ലാവുകൾ. 3 വർഷം മുൻപ് അങ്കമാലിയിൽ ‍നിന്നു കൊണ്ടുവന്ന തൈകൾ ഇപ്പോൾ കായ്ക്കുന്ന പ്ലാവുകളായി മാറി.കാലാവസ്ഥ വ്യതിയാനം മൂലം നാട്ടിൽ ചക്കയുടെയും മാങ്ങയുടെയും ഉൽപാദനം കുറഞ്ഞപ്പോൾ സണ്ണിയുടെ തോട്ടത്തിലെ പ്ലാവുകളിൽ നാടിനു രുചി പകരാൻ ചക്ക ഇഷ്ടം പോലെ. രണ്ടര പതിറ്റാണ്ടിലധികം കാലം പ്രവാസിയായിരുന്ന സണ്ണി 3 വർഷം മുൻപ് നാട്ടിൽ തിരിച്ചെത്തിയാണ് പ്ലാവ് കൃഷിയിലേക്കു കടന്നത്.

അറിവും പിന്തുണയും ആനുകൂല്യങ്ങളും നൽകി കൃഷി വകുപ്പ് കൂടെയുണ്ട്. ഒരു ഏക്കർ സ്ഥലത്തു പ്ലാവ് നട്ടു. തുള്ളി ജലസേചനം ഉൾപ്പെടെ നൂതന കൃഷി സമ്പ്രദായങ്ങൾ നടപ്പാക്കി. കൃഷിഭവൻ നിർദേശങ്ങൾ അനുസരിച്ചാണ് വളപ്രയോഗം ഉൾപ്പെടെ നടത്തുന്നത്. പ്ലാവുകളിൽ ചക്ക കായ്ച്ചു വിളവെടുപ്പിനു പാകമായപ്പോഴാണ് കൃഷിയിട വിപണി എന്ന ആശയം നടപ്പാക്കാൻ തീരുമാനിച്ചത്. അത് വിജയിച്ചു.ചക്ക വാങ്ങാൻ ദിവസവും ഒട്ടേറെ പേർ സണ്ണിയുടെ തോട്ടത്തിലേക്കു എത്തുന്നു. രാവിലെ 8 മുതൽ 10 വരെയാണ് വിപണി. കഴിഞ്ഞ ഒരാഴ്ചകൊണ്ടു 450 മുതൽ 500 ചക്ക വരെ വിറ്റു പോയതായി സണ്ണി പറയുന്നു.

കുറുപ്പന്തറ സംഘമൈത്രിയിലും വിൽപന നടത്തുന്നുണ്ട്. 5 മുതൽ 12 കിലോഗ്രാം വരെയാണ് ചക്കയുടെ തൂക്കം. ചക്കപ്പഴം ആവശ്യപ്പെട്ടു വരുന്നവർക്കു ഏതെങ്കിലും പ്ലാവിൽ ചക്ക പഴുത്തു കിടക്കുന്നുണ്ടെങ്കിൽ പറിച്ചു നൽകും. പ്ലാവ് കൃഷി ലാഭകരമാണോ എന്ന ചോദ്യത്തിനു ഇത്തവണ കുഴപ്പമില്ല എന്നാണ് സണ്ണിയുടെ മറുപടി. ചക്കയുടെ ഉൽപാദനം കാര്യമായി നടക്കാത്തതു കൊണ്ടു ഈ വർഷം മെച്ചപ്പെട്ട വില ലഭിക്കുന്നുണ്ട്. പ്ലാവ് മാത്രമല്ല കുക്കുംബർ, പപ്പായ, വള്ളിപ്പയർ തുടങ്ങിയ കൃഷികളും ഉണ്ട്. ബീനയാണ് സണ്ണിയുടെ ഭാര്യ. മകൾ:ക്രിസ്റ്റ്യ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com