ADVERTISEMENT

ഏറ്റുമാനൂർ∙ ആട്ടവിളക്കിനു തിരി തെളിഞ്ഞാൽ നാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഥകളി പ്രേമികൾ ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. പുലർച്ചെ വരെ നീളുന്ന ആട്ടക്കഥ കാണാൻ വിദേശികൾ പോലും ഏറ്റുമാനൂലെത്താറുണ്ട്. പണ്ട് പായും തലയിണയുമായി ക്ഷേത്ര മൈതാനത്ത് എത്തിയിരുന്ന കഥകൾ ഇന്നും പഴമക്കാരുടെ മനസ്സിലുണ്ട്. 3 ദിവസം നീളുന്ന ഏറ്റുമാനൂരിലെ കഥകളി രാവുകളെക്കുറിച്ച് ഹരുണാലയം കഥകളി വിദ്യാലയത്തിലെ പ്രധാന അധ്യാപകനും കഥകളി നടനുമായ വി.ആർ.ശിവജി വിവരിക്കുന്നു.

വി.ആർ.ശിവജി
വി.ആർ.ശിവജി

∙ ഇക്കുറി ഏറ്റുമാനൂർ ഉത്സവത്തിലെ കഥകളികൾ

ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ മൂന്നാം ഉത്സവ ദിനമായ 13നു (ചൊവ്വാഴ്ച) ആട്ടവിളക്കിനു തിരി തെളിയും. കോട്ടയ്ക്കൽ പിഎസ്‌വി നാട്യ സംഘമാണ് ഇക്കുറിയും കഥകളി അവതരിപ്പിക്കുന്നത്. നളചരിതം ഒന്നാം ദിവസം, ബാലി വധം എന്നിവയാണ് ഇന്നത്തെ കഥകൾ. എ.ഉണ്ണിക്കൃഷ്ണൻ, രാജു മോഹൻ, മനോജ്, ബാലനാരായണൻ, മുരളീധരൻ, കൃഷ്ണദാസ് ദേവദാസൻ, ശ്രീയേഷ് എന്നിവരാണ് വേഷങ്ങളിലെത്തുന്നത്. പ്രത്യേക ക്ഷണിതാവായി ഡോ. ഏറ്റുമാനൂർ കണ്ണൻ പരമേശ്വരൻ അരങ്ങിലെത്തും. 14നു കുചേല വൃത്തം, ദക്ഷയാഗം (സമ്പൂർണം) എന്നിവയാണ് കഥകൾ. കേരള കലാമണ്ഡപം റിട്ട. പ്രിൻസിപ്പൽ പ്രഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ പ്രത്യേക ക്ഷണിതാവാകും. അവസാന ദിവസമായ 15നു ഊർമിള, സന്താനഗോപാലം, കിരാതം എന്നിങ്ങനെ 3 കഥകളാണ്.

സീതാ സ്വയം വരത്തിൽ ശ്രീരാമനും സീതയും (വി.ആർ.ശിവജി, മനീഷ് കരുനിക്കോട്)
സീതാ സ്വയം വരത്തിൽ ശ്രീരാമനും സീതയും (വി.ആർ.ശിവജി, മനീഷ് കരുനിക്കോട്)

∙ പരമ്പരാഗതമായ കഥകളി ക്രമങ്ങൾ ഇങ്ങനെ

ശുദ്ധ മദ്ദളം കൊട്ടിയാണ് കഥകളിയുടെ അരങ്ങുണർത്തുന്നത്. ഇടത് വലതു കൊട്ടി മാറുകയെന്നതാണ് ശുദ്ധമദ്ദളം. പിന്നീടാണ് ഇടത്താളം ഉൾപ്പെടെയുള്ള മറ്റു വാദ്യ ഉപകരണങ്ങൾ അരങ്ങത്ത് വരുന്നത്. തുടർന്ന് വന്ദനശ്ലോകം ആലപിക്കും. അടുത്ത ഘട്ടമാണ് പുറപ്പാട്. ദേവി ദേവന്മാരുടെ വേഷം കൈകാര്യം ചെയ്യുന്ന നടന്മാർ രംഗവന്ദനം നടത്തുന്നതാണ് പുറപ്പാട്. ഒന്നാം മുതൽ 4 നോട്ടങ്ങൾ ഉൾപ്പെടുന്ന 4 ഭാഗങ്ങളാണ് പുറപ്പാടിനുള്ളത്. എന്നാൽ ഒന്നാം നോക്ക്, (കണ്ണുകളുടെ ചലനം മാത്രം), നാലാം നോക്ക് (നൃത്തങ്ങളോട് കൂടിയുള്ള കണ്ണുകളുടെ ചലനം) എന്നിവയാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. തുടർന്ന് മേളപ്പദം നടക്കും. മേള കലാകാരന്മാരെ വൈദ്യദ്ധ്യം തെളിയിക്കുന്നതാണിത്. തുടർന്നാണ് കഥകളി അരങ്ങേറുന്നത്.

ettumanoor-temple-kathakali-2

∙ കഥ അറിയാതെ ആട്ടം കാണരുത്, ഓരോ ദിവസത്തേയും കഥാസാരം ഇങ്ങനെ 

∙ നളചരിതം ഒന്നാം ദിവസം (ആദ്യ ദിവസത്തെ ആദ്യത്തെ കഥ)

കുണ്ഡിന പുരിയിലെ സുന്ദരിയായ ദമയന്തിയെക്കുറിച്ച് നാരദൻ വർണിക്കുന്നതും നളൻ ഹംസവുമായി കണ്ടു മുട്ടുന്നതുമാണ് ആദ്യ ഭാഗം. ദമയന്തിയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ നളൻ പ്രണയം അറിയിക്കാൻ ഹംസത്തിനെ അയക്കുന്നതും ദമയന്തിയെ ഹംസം വിവരങ്ങൾ ധരിപ്പിക്കുന്നതും അനുബന്ധ ഭാഗങ്ങളുമാണ് കഥാസാരം.

∙  ആദ്യ ദിവസത്തെ രണ്ടാം കഥയായ ‘ബാലിവധം’

ശൂർപ്പണഖ അനുഭവിച്ച ക്രൂരത കേട്ടറിഞ്ഞ് രാവണൻ മാരീചന്റെ സഹായത്തോടെ സീതയെ കണ്ട് കൊണ്ടുവന്നു ലങ്കയിൽ ഇരുത്തുന്നു. ഈ വിവരം ജഡായുവിൽ നിന്ന് അറിഞ്ഞ രാമ ലക്ഷമണന്മാർ സീതയെ തിരഞ്ഞിറങ്ങുന്നു. പമ്പാ തീരത്തുവച്ച് സുഗ്രീവനെയും ഹനുമാനെയും കണ്ട്, സുഗ്രീവനുമായുള്ള പരസ്പര സഖ്യത്തിൽ ശ്രീരാമൻ ബാലിയെ കൊല്ലുന്നു. തുടർന്ന് സുഗ്രീവനെ കിഷ്കന്ധിയിലെ രാജാവാക്കുന്നു. ഇതിനു പ്രതിഫലമായി സീതയെ വീണ്ടെടുക്കാൻ സുഗ്രീവൻ സഹായിക്കുന്നതും ബാലി വധം കഥ.

∙ രണ്ടാം ദിവസത്തെ ആദ്യ കഥ– ‘കുചേല വൃത്തം’

ദാരിദ്ര ദുഖത്താൽ കഴിയുന്ന കുചേലൻ ബാല്യകാല സുഹൃത്തായ ശ്രീകൃഷ്ണനെ കാണാൻ വീട്ടിൽ നിന്നും പുറപ്പെടുന്നതും, കുചേലന്റെ മനസ്സിലുണ്ടാകുന്ന ചിന്തഗതികളുമാണ് ആദ്യഭാഗം. വർഷങ്ങൾക്ക് ശേഷം കാണുന്ന കുചേലനെ കൃഷ്ണൻ ആചാര മര്യാദകളോടെ സ്വീകരിക്കുന്നു. സമ്മാനമായി കൊണ്ടുവന്ന അവിൽ കഴിക്കുന്നതും തിരികെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുന്നതും വീട്ടിലെത്തുമ്പോൾ കുചേലൻ കാണുന്ന അത്ഭുതങ്ങളും ഉൾപ്പെടുന്നതാണ് കുചേലവൃത്തം കഥ.

ettumanoor-temple-kathakali-3
ദക്ഷയാഗം കഥയിലെ ദക്ഷൻ.

∙ രണ്ടാം ദിവസത്തെ ആദ്യ കഥ– ദക്ഷയാഗം (സമ്പൂർണം)

ദക്ഷനും ഭാര്യയ്ക്കും സതിയെ മകളായി ലഭിക്കുന്നതും ശിവനെ വിവാഹം കഴിക്കാൻ സതി ആഗ്രഹിക്കുന്നതുമാണ് ആദ്യ ഭാഗം. നാരദനിൻ വഴി ഈ വിവരം അറിയുന്ന ശിവൻ സതിയുടെ മനസ് അളക്കാൻ വൃദ്ധ ബ്രാഹ്മണന്റെ രൂപത്തിൽ വരുന്നു. തന്റെ തീരുമാനത്തിൽ ഉറച്ചുനിന്ന സതിക്കു മുന്നിൽ ശിവൻ യഥാർഥ രൂപത്തിലെത്തുന്നു. തുടർന്ന് വിവാഹത്തിനു ശേഷം ഇരുവരും അപ്രത്യക്ഷനാകുന്നു. ഇത് ഇഷ്ടപ്പെടാതെ ദക്ഷൻ കോപിക്കുന്നതും തുടർന്ന് എല്ലാ മറന്ന് കൈലാസത്തിൽ എത്തി കാണാൻ ശ്രമിക്കുന്നതും, കൈലാസത്തിൽ എത്തുമ്പോൾ ശിവ ദൂതനായ നന്തികേശനിൽ നിന്നും ദക്ഷനു വീണ്ടും ഉണ്ടാകുന്ന അപമാനവും കഥയിൽ വിവരിക്കുന്നു. തുടർന്ന് നടക്കുന്ന ദക്ഷയാഗവും ഇതു കാണാനായി പോകുന്ന സതി തിരികെ എത്തി ശിവൻ മുന്നിൽ ഭസ്മമായി അവസാനിക്കുന്നതുമാണ് കഥ.

ettumanoor-temple-kathakali-4
ദക്ഷയാഗത്തിലെ ഭദ്രകാളി

∙ മൂന്നാം ദിവസത്തെ ആദ്യ കഥ ‘ഊർമിള’

ശ്രീരാമൻ വനവാസത്തിന് ഒരുങ്ങുന്നതറിയുന്ന ലക്ഷമണന്റെ ആകുലതകളും, ഒടുവിൽ ജേഷ്ഠനു തുണയായി പോകാൻ ലക്ഷമണൻ തീരുമാനിക്കുന്നതും ഇത് അറിയുന്ന ഊർമിളയുടെ വിരഹ വേദനയും, കോപവും, ശപഥവുമെല്ലാം അടങ്ങുന്നതാണ് കഥാസാരം.

∙ മൂന്നാം ദിവസത്തെ രണ്ടാമത്തെ കഥ ‘കിരാതം’‌

പാശുപതാസ്ത്രം ലഭിക്കാൻ അർജുനൻ ഒറ്റക്കാലിൽ തപസ് ചെയ്യുന്നതാണ് ആദ്യഭാഗം. ഇതിനിടെ ദുര്യോധരൻ അർജുനനെ അപായപ്പെടുത്താൻ പന്നി വേഷത്തിൽ മൂകാസുരനെ അയയ്ക്കുന്നു. ഇതു തടയാൻ ശിവനും പാർവതിയും ഭൂത ഗണങ്ങളും കാട്ടാള വേഷം ധരിച്ച് എത്തുന്നു. പന്നിയെ കൊന്നത് സംബന്ധിച്ച് അർജുനനും ശിവനുമായി തർക്കവും തുടർന്നുണ്ടാകുന്ന യുദ്ധവും ഒടുവിൽ അഹങ്കാരം മറന്ന് അർജുനൻ ശിരസ് കുനിക്കുന്നതുമാണ് കഥാസാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com