ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ പ്രിയ മന്ത്രീ, ഇതും കൂടി ഒന്നു ശരിയാക്കാമോ? ഇന്ന് ബൈപാസ് ഉദ്ഘാടനത്തിന് കാഞ്ഞിരപ്പള്ളിയിൽ എത്തുന്ന പൊതുമരാമത്ത് മന്ത്രിയോടു ടൗണിലെ ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നലിന്റെ കാര്യമാണ് കാഞ്ഞിരപ്പള്ളിക്കാർ ചോദിക്കുന്നത്. നഗരത്തിലെ പ്രധാന ജംക്‌ഷനായ പേട്ടക്കവലയിൽ 2018ൽ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പ്രവർത്തിച്ചത് ഏതാനും ദിവസങ്ങൾ മാത്രം. തകരാറിലായതല്ല പിന്നീട് പ്രവർത്തനം നിലയ്ക്കാൻ കാരണം. 

സിഗ്നൽ ലൈറ്റും ബസ് കാത്തിരിപ്പു കേന്ദ്രവും അടുത്തടുത്ത് സ്ഥാപിച്ചത് ജംക്‌ഷനിലെ ഗതാഗതം അവതാളത്തിലാക്കി. ഇതോടെ  സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു. ദേശീയ പാതയിലൂടെയും ഈരാറ്റുപേട്ട വഴിയും എത്തി മുണ്ടക്കയം, എരുമേലി ഭാഗത്തേക്കു പോകേണ്ട ബസുകൾ സിഗ്നൽ കാത്തു കിടന്നശേഷം പുറപ്പെടുമ്പോൾ തൊട്ടുമുന്നിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുൻപിൽ നിർത്തേണ്ടി വരുന്നതാണു പ്രശ്നമായത്.

ഇതിനു നേരെ എതിർവശത്താണു കോട്ടയം, ചങ്ങനാശേരി, പാലാ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പും. ഇരു സ്റ്റോപ്പുകളിലും ബസുകൾ നിർത്തിയിടുമ്പോൾ പിന്നാലെ എത്തുന്ന മറ്റു വാഹനങ്ങൾക്കു സിഗ്നൽ കടക്കാൻ കഴിയാതെ വന്നു. ഇതോടെയാണ് സിഗ്നൽ ലൈറ്റിന്റെ പ്രവർത്തനം നിർത്തി വച്ചത്. ഇവിടത്തെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിച്ച ശേഷം സിഗ്നൽ ലൈറ്റ് പ്രവർത്തിപ്പിക്കാൻ തീരുമാനിച്ചിട്ട് വർഷങ്ങളായിട്ടും നടപ്പായില്ല.

ജംക്‌ഷനിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടുമുള്ള ബസ് സ്റ്റോപ്പുകൾ ഒരു സ്ഥലത്തു തന്നെ ആയതിനാൽ ഇരുദിശകളിൽ നിന്നും എത്തുന്ന ബസുകൾ ഒരു സ്ഥലത്തു നിർത്തുമ്പോൾ മറ്റു വാഹനങ്ങൾക്ക് കടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണ്. കോട്ടയം ഭാഗത്തേക്കുള്ള ബസുകളുടെ സ്റ്റോപ്പ് കാൾടെക്‌സ് പെട്രോൾ പമ്പിന് എതിർവശത്തേക്കു മാറ്റാനും, മുണ്ടക്കയം എരുമേലി ഭാഗത്തേക്കുള്ള ബസുകൾ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും 25 മീറ്റർ മുന്നോട്ടു മാറ്റി നിർത്തണമെന്നുമാണു അന്നു ട്രാഫിക് കമ്മിറ്റി നിർദേശിച്ചത്. ഇതു നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com