ADVERTISEMENT

കോട്ടയം ∙ കോട്ടയത്തിന്റെ കൊച്ചി യാത്രയ്ക്കു വേഗം വർധിപ്പിച്ച് കൊച്ചി മെട്രോ തൃപ്പൂണിത്തുറയിലെത്തി. കൊച്ചി മെട്രോയുടെ ഒന്നാം റീച്ചിന്റെ അവസാന സ്റ്റേഷനായ തൃപ്പൂണിത്തുറ ഇന്നു തുറക്കുന്നതോടെ കോട്ടയത്തു നിന്ന് എറണാകുളത്തേക്കു യാത്ര ചെയ്യുന്നവർക്ക് വേഗത്തിൽ കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ എത്താൻ സാധിക്കും.

മെട്രോ സ്റ്റേഷൻ ഇവിടെ
തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തു തന്നെയാണു കൊച്ചി മെട്രോ സ്റ്റേഷൻ ടെർമിനസ്. ഒന്നാം പ്ലാറ്റ്ഫോമിൽ ട്രെയിൻ ഇറങ്ങിയാൽ മെട്രോ സ്റ്റേഷനിലേക്കു നടന്നു കയറാം. കോട്ടയം ഭാഗത്തു നിന്ന് എറണാകുളത്തേക്കു പോകുന്ന ട്രെയിനുകൾ തൃപ്പൂണിത്തുറ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലാണ് എത്തുന്നത്.

ട്രെയിൻ യാത്രയ്ക്ക് ഗുണം
തൃപ്പൂണിത്തുറയിൽ നിന്ന് എറണാകുളം സൗത്ത് (എറണാകുളം ജംക്‌ഷൻ), നോർത്ത് (എറണാകുളം ടൗൺ) സ്റ്റേഷനുകളിലേക്കു ട്രെയിൻ എത്താൻ ചില സമയങ്ങളിൽ താമസം നേരിടും. പ്ലാറ്റ്ഫോമിന്റെ ലഭ്യത അടക്കമുള്ളതാണു കാരണങ്ങൾ. ഇത്തരം താമസം ഒഴിവാക്കാൻ മെട്രോ യാത്ര പ്രയോജനകരമാകും. തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്നു 15 മിനിറ്റ് സഞ്ചരിച്ചാൽ സൗത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ മെട്രോ സ്റ്റേഷനിലെത്താം. 25 മിനിറ്റു കൊണ്ടു നോർത്ത് റെയിൽവേ സ്റ്റേഷനു സമീപത്തെ ടൗൺ ഹാൾ സ്റ്റേഷനിലും എത്താം. കോട്ടയം ഭാഗത്തു നിന്നുള്ള വേണാട് ഒഴികെയുള്ള എക്സ്പ്രസ് ട്രെയിനുകൾ നോർത്തിലേക്കാണു പോകുന്നത്. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, കൊച്ചിൻ ഷിപ്‌യാഡ് അടക്കം എറണാകുളം സൗത്ത് സ്റ്റേഷനു സമീപത്തെ വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ടവർക്കും തൃപ്പൂണിത്തുറയിൽ നിന്നുള്ള മെട്രോ യാത്ര ഗുണമാണ്. തൃപ്പൂണിത്തുറയിൽ സ്റ്റോപ്പുള്ള എക്സ്പ്രസ് ട്രെയിനുകളിൽ എത്തുന്നവർക്ക് ഇവിടെ ഇറങ്ങി തുടർ യാത്ര വേഗത്തിൽ ചെയ്യാം. വൈറ്റിലയിലേക്കും ട്രെയിൻ യാത്രികർക്കു തൃപ്പൂണിത്തുറയിൽ ഇറങ്ങിയാൽ മതി.

ബസ് യാത്രക്കാർ
കോട്ടയം ഭാഗത്തു നിന്നുള്ള ബസുകൾ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് എത്തുന്നില്ല. ബസിൽ എത്തുന്നവർ വടക്കേക്കോട്ടയിൽ ഇറങ്ങണം. അവിടെ നിന്ന് മെട്രോയിൽ കയറാൻ എളുപ്പം. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർക്കു തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.

ഭാവി സാറ്റലൈറ്റ് ഹബ്
തൃപ്പൂണിത്തുറയിലെ ബസ് സ്റ്റാൻഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തേക്കു മാറ്റി സ്ഥാപിക്കാനുള്ള പദ്ധതിയുണ്ട്. ഇതോടെ ബസ്, ട്രെയിൻ, മെട്രോ സർവീസുകൾ ഒരേ സ്ഥലത്തു ലഭ്യമാകും. കൊച്ചി നഗരത്തിന്റെ സാറ്റലൈറ്റ് ഹബ്ബായി തൃപ്പൂണിത്തുറ മാറും. ഇതു കോട്ടയം ജില്ലയിൽ നിന്നുള്ള കൊച്ചി യാത്രയ്ക്കും ഗുണമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com