ADVERTISEMENT

കുമരകം ∙ വീടിന്റെയും ഇതിനോടു ചേർന്ന കടമുറികളുടെയും മേൽക്കൂര തകർന്നു വീണു.  കിടപ്പു രോഗിയായ അമ്മയെയും അപകടത്തിൽ പരുക്കേറ്റു നടക്കാൻ കഴിയാതെ കിടന്ന മകനെയും നാട്ടുകാർ  രക്ഷിച്ചു. ആശുപത്രി റോഡിൽ കോണത്താറ്റ് പാലത്തിനു സമീപം കായപ്പുറം ലീലാമ്മ (90)യെയും മകൻ തമ്പാനെ (57)യുമാണ് രക്ഷപ്പെടുത്തിയത്. കടമുറിയിൽ ഉണ്ടായിരുന്ന തയ്യൽക്കാരായ വനിതകൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10.30നാണു സംഭവം. 




ലീലാമ്മ, തമ്പാൻ
ലീലാമ്മ, തമ്പാൻ

വീടിന്റെ ഒരു ഭാഗത്തെ മേൽക്കൂര തകരുന്നതിന്റെ ശബ്ദം കേട്ടാണു ഷീസ് എന്ന തയ്യൽകടയിലെ വനിതകൾ പുറത്തിറങ്ങിയത്. ലീലാമ്മയെയും തമ്പാനെയും സഹായിക്കുന്നതിനു ലീലാമ്മയുടെ മകൾ മിനി വീട്ടിൽ എത്തിയിരുന്നു. മേൽക്കൂര തകരുന്ന വിവരം മിനിയെ അറിയിച്ചു.

 ഇതിനോടകം ഒരു ഭാഗം തകർന്നു വീണിരുന്നു. തുടർന്നു ഓടി എത്തിയവർ വീടിനുള്ളിൽ കിടക്കുകായിരുന്ന ലീലാമ്മയെയും തമ്പാനെയും അടുത്ത ബന്ധുവിന്റെ വീട്ടിലേക്കു മാറ്റി. മേൽക്കൂര തകർന്ന് വീടിന്റെ മുൻഭാഗം ആശുപത്രി റോഡിൽ വീണു. ബാക്കി ഭാഗം ഏതു നിമിഷവും നിലം പൊത്തവുന്ന അവസ്ഥയിലായിരുന്നു. അപകട സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങൾ മേൽക്കൂരയുടെ ബാക്കി ഭാഗം പൊളിച്ചു നീക്കാൻ നിർദേശം നൽകി തിരികെ പോയി. വീട് തകർന്നതോടെ കിടപ്പാടം ഇല്ലാതായിരിക്കുകയാണ് ഈ കുടുംബത്തിന്. 

കഴിഞ്ഞ  25ന് വള്ളാറപ്പള്ളി പാലത്തിന് സമീപം ബൈക്കിടിച്ചു പരുക്കേറ്റു ചികിത്സയിലാണ് തമ്പാൻ. ഇതോടെ കിടപ്പു രോഗിയായ അമ്മയ്ക്കും സഹായത്തിനു ആരുമില്ലാതെയായി. അതിരമ്പുഴയിൽ വിവാഹം കഴിച്ചയച്ച സഹോദരി മിനി എത്തിയാണു ഇരുവരെയും സഹായിക്കുന്നത്. 

കോണത്താറ്റ് പാലം പൊളിച്ചതിനു ശേഷം ആശുപത്രി റോഡിലൂടെയാണു വാഹനങ്ങൾ കടത്തി വിടുന്നത്. വലിയ വാഹനങ്ങൾ ഇതുവഴി പോയപ്പോൾ ഇടിച്ചു വീടിന്റെ കുറച്ചു ഭാഗത്തെ ഓടുകൾ പൊട്ടി പോയിരുന്നു. പിന്നീട് ഷീറ്റ് ഇടുകയായിരുന്നു. ഏക വരുമാന മാർഗമായി വീടിനോട് ചേർന്നുണ്ടായിരുന്ന കടമുറിയും തകർന്നു. വലിയ വാഹനങ്ങൾ ഓടുന്നതിനാൽ സമീപത്തെ പല കെട്ടിടങ്ങളും വീടുകളും അപകട ഭീതിയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com