ADVERTISEMENT

എരുമേലി ∙ ഓൺലൈൻ തട്ടിപ്പുകാർ സ്ഥിര നിക്ഷേപത്തിലും കൈവച്ചതോടെ ബാങ്ക് അധികൃതരും ഞെട്ടലിൽ. മുക്കൂട്ടുതറ കുരുമ്പൻമൂഴി സ്വദേശിയുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ഉൾപ്പെടെയാണ് ഓൺലൈൻ തട്ടിപ്പുകാർ കഴിഞ്ഞ ദിവസം പണം തട്ടിയെടുത്തത്. 4.6 ലക്ഷം രൂപയാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്. ഓൺലൈൻ തട്ടിപ്പുകാർ സ്ഥിര നിക്ഷേപത്തിൽനിന്ന് പണം തട്ടിയെടുത്ത ആദ്യ സംഭവമാണ് ഈ മേഖലയിൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് ബാങ്ക് അധികൃതർ പറയുന്നു.

നഷ്ടപ്പെട്ട പണം മുംബൈയിലെ ഒരു ബാങ്കിലേക്കാണു മാറ്റിയിട്ടുള്ളത്. ഇവിടെ നിന്ന് ഏത് അക്കൗണ്ടിലേക്കാണു പണം പോയതെന്നാണ് സൈബർ സെല്ലും പൊലീസും അന്വേഷിക്കുന്നത്. മുക്കൂട്ടുതറ സ്വദേശിയുടെ സ്ഥിര നിക്ഷേപത്തിൽ നിന്ന് ആദ്യം വായ്പ എടുക്കാൻ തട്ടിപ്പുകാർ ശ്രമിച്ചു. ഇത് നടക്കാതെ വന്നതോടെ ഓൺലൈൻ തട്ടിപ്പുകാർ മുക്കൂട്ടുതറ സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സ്ഥിര നിക്ഷേപം ക്ലോസ് ചെയ്തു.

ഇതോടെ സ്ഥിര നിക്ഷേപത്തിലെ പണവും പലിശയും സേവിങ് അക്കൗണ്ടിലേക്ക് എത്തുകയും ഇതിൽനിന്ന് പണം മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പിൻവലിക്കുകയും ആയിരുന്നുവെന്നാണ് സംശയിക്കുന്നത്. ഒരു സംശയവും തോന്നാത്ത വിധമാണ് ഓൺലൈൻ തട്ടിപ്പുകാർ മുക്കൂട്ടുതറ സ്വദേശിയെ കബളിപ്പിച്ചത്. മൊബൈൽ കണക്‌ഷന്റെ കെവൈസി പുതുക്കുന്നതിനു വേണ്ടിയാണ് വിളിക്കുന്നതെന്നാണു പരിചയപ്പെടുത്തിയത്.

പേരും വിലാസവും കൃത്യമായി പറഞ്ഞ് വിശ്വാസം ആർജിച്ചു. തുടർന്ന് ഫോണിലേക്ക് അയച്ച ഒരു ലിങ്കിൽ ക്ലിക് ചെയ്യാൻ ആവശ്യപ്പെട്ടു. ഈ സമയം തന്നെ തട്ടിപ്പുകാർ ഫോൺ ഹാക്ക് ചെയ്തെന്നാണ് കരുതുന്നത്. തുടർന്ന് യൂസർ ഐഡിയും പാസ്‌വേഡും ലഭിക്കുന്നതിനുവേണ്ടിയാണ് ബാങ്കിന്റെ ഓൺലൈൻ വഴി 10 രൂപ മൊബൈൽ റീ ചാർജ് ചെയ്യാൻ ആവശ്യപ്പെട്ടത്.

ഇതോടെ ഹാക്ക് ചെയ്യപ്പെട്ട ഫോൺ വഴി യൂസർ ഐഡിയും പാസ്‌വേഡും ലഭിക്കുകയും ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഓൺലൈൻ തട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് സംശയിക്കുന്നത്.  ഓൺലൈൻ തട്ടിപ്പുകളിൽ വഞ്ചിതരാകാതിരിക്കാൻ മൊബൈൽ ഫോണിലേക്ക് വരുന്ന ഫോൺകോളുകളോടും സന്ദേശങ്ങളോടും ശ്രദ്ധയോടെ മാത്രമേ പ്രതികരിക്കാവൂ എന്ന് ബാങ്ക് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com