ADVERTISEMENT

കുമരകം ∙ തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നാലും വില്ലനായി തുടരും കടകൽപുല്ല്. വെള്ളത്തിൽ കടകൽപുല്ല് കൂട്ടമായി വളർന്നു തോടുകൾ നിറയുന്നതു ജലഗതാഗതത്തിനു തടസ്സമാകുന്നു. ഷട്ടറുകൾ അടഞ്ഞുകിടക്കുന്ന സമയത്താണ് ഇവ തഴച്ചുവളരുന്നത്. കടകൽപുല്ല് പാലങ്ങളുടെ തൂണുകളിലും തോട്ടിലെ മറ്റു തൂണുകളിലും തടഞ്ഞുകിടക്കുന്നതിനാൽ ഇതിനെ മറികടന്നു ബോട്ടുകൾക്കും വള്ളങ്ങൾക്കും പോകാൻ കഴിയില്ല.

ഷട്ടറുകൾ തുറക്കുമ്പോൾ ഒഴുക്കുണ്ടായി പോളകൾ ഒഴുകിമാറേണ്ടതാണ്. പുൽക്കൂട്ടം തടസ്സമായി കിടക്കുന്നതിനാൽ പോള ഒഴുകിമാറാതെ കിടക്കും. പോളക്കൂട്ടത്തിൽ വളർന്നുവരുന്നതാണു കടകൽ. കടകലിനെ വേരുകൾ പോളയെ തടഞ്ഞുനിർത്തുകയും ഇതു പിന്നീട് വേർപെടാതെ നിൽക്കുകയും ചെയ്യും. തുടർന്ന് ഇതു വളർന്നു വലുതാകുന്നു. ചില കടകൽപുല്ലിന്റെ കൂട്ടത്തിലൂടെ ആളുകൾ നടന്നുപോയാൽ പോലും താഴില്ല.

അത്രയ്ക്കു ബലമാണിതിനുള്ളത്. മനുഷ്യപ്രയത്നം കൊണ്ട് ഇവ നീക്കി വിടുക പ്രയാസമാണ്. കൈപ്പുഴമുട്ട് പാലത്തിന്റെ തൂണുകളിൽ കടകൽ അടിഞ്ഞതോടെ ജലവാഹനങ്ങൾക്കു പോകാൻ കഴിയാതെ കിടന്നു. ഇതുപോലെ കാലുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാന തോടുകളിൽ എല്ലാം കടകൽ പുല്ല് കയറിക്കിടക്കുന്നു. 

യന്ത്രം ഉപയോഗിച്ചു കടകൽക്കൂട്ടം മുറിച്ചു ചെറുതാക്കിയാൽ മാത്രമേ ഇവ ഷട്ടറുകൾ തുറന്നാൽ ഒഴുകി മാറുകയുള്ളൂ. കടകൽ കിടക്കുന്ന തോടുകളുമായി ബന്ധപ്പെട്ട പഞ്ചായത്തുകൾ യന്ത്രം എത്തിച്ച് ഇവ നീക്കം ചെയ്യാൻ നടപടി എടുത്തില്ലെങ്കിൽ ഷട്ടറുകൾ തുറന്നു ഒഴുക്ക് ഉണ്ടായാലും പോളശല്യം ഒഴിയാതെ കിടക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com