ADVERTISEMENT

കോട്ടയം ∙ സിനിമയ്ക്കു വേണ്ടിയാണെങ്കിലും ബലവത്തായ 2 പാലങ്ങൾ സെറ്റിട്ടു നിർമിച്ച കഥയാണ് അന്തരിച്ച നിർമാതാവ് ഗാന്ധിമതി ബാലനെ ഓർമിക്കുമ്പോൾ കോട്ടയംകാർക്കു പറയാനുള്ളത്. ഒറിജിനലിനെ വെല്ലുന്ന പാലങ്ങളായിരുന്നു അവ. 40 വർഷം മുൻപു പുറത്തിറങ്ങിയ ‘പഞ്ചവടിപ്പാലം’ എന്ന സിനിമയ്ക്കു വേണ്ടിയാണു പാലങ്ങൾ നിർമിച്ചത്.

വേളൂർ കൃഷ്ണൻകുട്ടിയുടെ ‘പാലം അപകടത്തിൽ ’ എന്ന കഥയെ ആസ്പദമാക്കിയായിരുന്നു തിരക്കഥ. ‘ഐരാവതക്കുഴി’ എന്ന സാങ്കൽപിക പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടുന്നതാണു സിനിമ.  തകരാറൊന്നുമില്ലാതിരുന്ന പാലം കേടാണെന്നു മനഃപൂർവം പ്രചരിപ്പിച്ചശേഷം മറ്റൊരു പാലം നിർമിച്ചു. ഉദ്ഘാടന ദിവസം പുതിയ പാലം തകരുന്നതാണു കഥാസാരം.

കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിലും കുമരകം കവണാറ്റിൻകരയിലുമാണു സിനിമയ്ക്കായി പാലങ്ങൾ നിർമിച്ചത്. ഇല്ലിക്കൽ പഴയ പാലത്തിന്റെ തൂണിൽ നിർമിച്ച പാലമാണു സിനിമയുടെ മുഴുവൻസമയ ‌ചിത്രീകരണത്തിന് ഉപയോഗിച്ചത്. 

ഈ പാലമാണു കേടുണ്ടെന്നു വരുത്തി പൊളിച്ചത്. പിന്നീടു പുതുക്കി പണിതതായി സിനിമയിൽ കാണിക്കുന്നതു കവണാറ്റിൻകരയിലെ പാലമാണ്. ഉദ്ഘാടന ദിവസം ഈ പാലത്തിന്റെ നടുഭാഗം പൊളിയുന്നതായാണു സിനിമയിൽ കാണിക്കുന്നത്. പാലത്തിന്റെ രണ്ടു വശങ്ങൾക്കും തകരാർ ഉണ്ടായില്ല.

ചിത്രീകരണത്തിനു ശേഷം ഏറെനാൾ കഴിഞ്ഞാണു കവണാറ്റിൻകരയിലെ പാലം പൂർണമായും പൊളിച്ചത്. ഈ ഇടവേളയിൽ നാട്ടുകാർ അക്കരെയിക്കരെ കടക്കാൻ ചെറിയ തോതിൽ പാലം ഉപയോഗിച്ചെങ്കിലും ചില അപകടങ്ങളുണ്ടായതോടെ പൊളിക്കുകയായിരുന്നു. വർഷങ്ങൾക്കുശേഷം കവണാറിനു കുറുകെ സർക്കാർ പാലം പണിതു. വേളൂർ കൃഷ്ണൻകുട്ടിയുടെ കുടുംബത്തിനു പണ്ടു മുതലേ ബാലനുമായി പരിചയമുണ്ടായിരുന്നെന്നു മകൻ നടുവിലേക്കര എൻ.കെ.വിനോദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com