ADVERTISEMENT

എരുമേലി ∙ കൊക്കോയ്ക്കു പിന്നാലെ കാപ്പിക്കും കുരുമുളകിനും വില ഉയർന്നതോടെ മലയോര മേഖലയിലെ കർഷകർ പ്രതീക്ഷയിൽ. കാപ്പിപ്പൊടി വില കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കിലോയ്ക്ക് 120 മുതൽ 150 രൂപ വരെയാണ് ഉയർന്നത്. കുരുമുളകിന് കിലോയ്ക്ക് 58 രൂപയും വർധിച്ചു. കൊക്കോ വില മേലോട്ട് തന്നെയാണ്. ഉണക്ക കൊക്കോക്കുരുവിനു ചെറുകിട മേഖലയിൽ വില കിലോയ്ക്ക് 900 രൂപ വരെ എത്തി.

കാപ്പി വിലകുതിക്കുന്നു 
പൊടിമില്ലുകളിൽ കിലോയ്ക്ക് 400 രൂപ ആയിരുന്ന കാപ്പിപ്പൊടിക്കു 2 മാസം മുൻപാണ് 40 രൂപ വർധിച്ച് 440 രൂപ ആയത്. എന്നാൽ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ കാപ്പിപ്പൊടി വില 120 രൂപ കൂടി കിലോയ്ക്ക് 560 രൂപയായി. പാക്കറ്റ് വില കിലോയിൽ 150 രൂപയും വർധിച്ചു. കാപ്പിക്കുരു കിട്ടാനില്ലാത്തതുമൂലം ഡിമാൻഡ് ഉയർന്നതാണ് വില വർധനയ്ക്കു കാരണമെന്നാണ് മില്ലുകാർ പറയുന്നത്. പല കർഷകരും കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ സീസൺ കാലത്തു തന്നെ വിറ്റുപോയതായും പറയുന്നു. മില്ലുകളിൽ കാപ്പിക്കുരു തൊണ്ട് ഉൾപ്പെടെ 190 രൂപയ്ക്കും തൊണ്ട് ഇല്ലാതെ 300 രൂപയ്ക്കും വരെ എടുക്കുന്നുണ്ട്.

കുരുമുളകിലും പ്രതീക്ഷ 
കുരുമുളകിന് വില ഉയർന്നതും കർഷകർക്ക് പ്രതീക്ഷയാണ്. കുരുമുളക് വില ഉയരുന്ന സമയത്ത് വിൽപന നടത്തുന്നതിനായി സൂക്ഷിച്ചു വയ്ക്കുന്ന പതിവ് മലയോര മേഖലകളിൽ പല കൃഷിക്കാർക്കുമുണ്ട്. കിലോയ്ക്ക് 80 രൂപ വരെയാണ് സമീപ കാലത്ത് ഉയർന്നത്. ഇപ്പോൾ കിലോ 530 രൂപയ്ക്കാണ് കുരുമുളക് എടുക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. മുൻ വർഷങ്ങളിൽ കുരുമുളക് വില കിലോ 700 രൂപവരെ ഉയർന്നിരുന്നു.

കൊക്കോ വില മുന്നേറുന്നു 
കൊക്കോ വില കുതിച്ചു കയറുന്നതു കണ്ടതോടെ കർഷകർ ഇടവിളയായി കൊക്കോ നടാനും ഉള്ള കൊക്കോ മരങ്ങൾ സംരക്ഷിച്ചു നിർത്തി വളമിടാനുമുള്ള തിരക്കിലാണ്. ഗ്രാമീണ മേഖലകളിൽ ഉണങ്ങിയ കൊക്കോ കുരുവിന് കിലോ 900 രൂപയും പച്ച കൊക്കോ കുരുവിന് 280 രൂപയുമാണ് നിലവിലെ വില. കഴിഞ്ഞ ആഴ്ച വരെ ഉണങ്ങിയ കൊക്കോയ്ക്ക് 850 രൂപയും പച്ച കൊക്കോയ്ക്ക് 250 രൂപയും ആയിരുന്നു.

റബർ വിലയിൽ നേരിയ കുറവ് 
ടാപ്പിങ് നിർത്തിയ കാലം ആയതിനാൽ ഈ സമയത്ത് റബർവില സാധാരണ ഉയർന്നു നിൽക്കുന്നതാണ് പതിവ്. എന്നാൽ ഏതാനും ദിവസമായി റബർ വിലയിൽ നേരിയ കുറവ് ഉണ്ടാകുന്നതായി വ്യാപാരികൾ പറയുന്നു. നിലവിൽ മലയോര മേഖലയിലെ വ്യാപാരി വില റബർ ഷീറ്റിന് കിലോ 179 –180 രൂപയും ഓട്ടുപാലിനു 110 – 120 രൂപയുമാണ്. കിലോയ്ക്ക് 2 രൂപ വരെയാണ് ഏതാനും ദിവസത്തിനുള്ളിൽ ഷീറ്റിനും ഒട്ടുപാലിനും കുറഞ്ഞതെന്ന് വ്യാപാരികൾ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com