ADVERTISEMENT

കോട്ടയം ∙ ഒടുവിൽ ജലഗതാഗത വകുപ്പും പോളയോടു തോറ്റു. കോടിമതയിൽനിന്ന് ആലപ്പുഴയിലേക്കുള്ള ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസുകൾ എല്ലാം താൽക്കാലികമായി നിർത്തി. പോള ശല്യം കാരണം കഴിഞ്ഞ ദിവസങ്ങളിൽ സർവീസ് വെട്ടിക്കുറച്ചിരുന്നു. കോട്ടയം – ആലപ്പുഴ ജലപാതയിൽ വെട്ടിക്കാട് ഭാഗത്ത് പോളയും കടകൽ പുല്ലും ഭീമമായ രീതിയിൽ തിങ്ങിനിറഞ്ഞതിനാലാണ് ഗതാഗതം നിർത്തിയത്. കഴിഞ്ഞ ദിവസവും ഇവിടെ ബോട്ട് മണിക്കൂറുകളോളം പോളയിൽ കുടുങ്ങിയിരുന്നു.

ആലപ്പുഴയിൽനിന്നു ജലഗതാഗത വകുപ്പിന്റെ മറ്റൊരു ബോട്ട് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിഷുവിനു തലേദിവസവും രാത്രിയിൽ ബോട്ടു കുടുങ്ങി. പുലർച്ചെ വരെ യാത്രക്കാർ കായലിന്റെ അതിർത്തിയിൽപെട്ടു. അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും ഇടപെടൽ മൂലമാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. നിരന്തരം ബോട്ട് പോളയിൽ കുടുങ്ങിയിട്ടും ഇറിഗേഷൻ വകുപ്പോ നഗരസഭയോ പഞ്ചായത്തുകളോ ഫലപ്രദഇടപെടൽ നടത്തുന്നില്ലെന്നാണ് ജലഗതാഗത വകുപ്പിന്റെ ആരോപണം.

പോള വാരാൻ ജലഗതാഗത വകുപ്പിനു ഫണ്ടില്ല. മാത്രമല്ല, പോളവാരൽ ഈ വകുപ്പിന്റെ പണിയുമല്ല. അവധിക്കാലത്ത് ജലഗതാഗത വകുപ്പിന് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചിരുന്ന സർവീസായിരുന്നു കോടിമത– ആലപ്പുഴ ബോട്ട് സർവീസ്. പോളയും കടകൽ പുല്ലും പിന്നെ പൊക്കുപാലവും കാരണം സർവീസ് മിക്കപ്പോഴും അവതാളത്തിലാകുമ്പോൾ മികച്ച വരുമാനം നേടാനാകുന്ന ദിവസങ്ങളാണ് നഷ്ടമാകുന്നതെന്നു ജീവനക്കാർ പറഞ്ഞു. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽനിന്നു ദിവസവും 6 സർവീസുകൾ വീതമാണ് ഉണ്ടായിരുന്നത്.

ടൂറിസം മേഖലയ്ക്കും തിരിച്ചടി
പോള ശല്യം രൂക്ഷമായതോടെ സഞ്ചാരികളുമായി ശിക്കാര വള്ളങ്ങളിൽ യാത്ര നടത്താൻ കഴിയാത്ത സ്ഥിതിയാണെന്ന് സ്വകാര്യ ബോട്ട് സർവീസ് ഓപ്പറേറ്റർമാർ പറയുന്നു. മുൻ വർഷങ്ങളിൽ ഈ അവധിക്കാലത്ത് ധാരാളം ട്രിപ്പുകൾ ലഭിക്കുമായിരുന്നു എന്നാൽ ഇന്ന് പോള ശല്യം മൂലം ബോട്ടിന്റെ മോട്ടറിനു തകരാർ സംഭവിക്കാൻ സാധ്യതയുള്ളതിനാൽ പലരും ട്രിപ്പുകൾ നടത്തുന്നില്ല ഇത് കുമരകം മേഖലയിലെ ഉൾനാടൻ ടൂറിസത്തെ ബാധിച്ചതായും ഓപ്പറേറ്റർമാർ പറഞ്ഞു.

ജനജീവിതം ദുരിതത്തിൽ
ദിവസേന ബോട്ട് സർവീസിനെ ആശ്രയിച്ചിരുന്ന നൂറുകണക്കിനാളുകളാണ് വെട്ടിലായിരിക്കുന്നത്. അവധിക്കാലമായതിനാൽ കുട്ടികൾക്കുള്ള ഉല്ലാസയാത്ര മുടങ്ങി. ജോലി ആവശ്യങ്ങൾക്കായി ഒട്ടേറെ ആളുകൾ ബോട്ട് സർവീസിനെ ആശ്രയിച്ചിരുന്നു. കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുന്നതാണ് ബോട്ട് യാത്രയുടെ പ്രത്യേകത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com