ADVERTISEMENT

പാലാ∙ തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി പൂർവസ്ഥിതിയിലാക്കി. മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ നീണ്ട മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെയാണ് വീണ്ടും ജോലി ചെയ്യാവുന്ന വിധത്തിൽ കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയത്. പാദുവ സ്വദേശിയും പൂഞ്ഞാറിലെ തടിമില്ലിൽ തൊഴിലാളിയുമായ 52കാരനാണ് ഇടത് കൈപ്പത്തി തിരികെ ലഭിച്ചത്.

ഏതാനും മാസം മുൻപ് തടിമില്ലിൽ ജോലിക്കിടെയായിരുന്നു അപകടം. വലിപ്പമുള്ള തേക്ക് തടി യന്ത്രവാൾ ഉപയോഗിച്ചു അറക്കുന്നതിനിടെയാണ് സംഭവം. തടി തള്ളി യന്ത്രവാളിലേക്കു കയറ്റി വിടുന്നതിനിടെ ഇടതു കൈ അബദ്ധത്തിൽ തടിയിൽ നിന്നു തെന്നി യന്ത്രവാളിലേക്ക് കയറുകയായിരുന്നു. കൈപ്പത്തിയുടെ താഴെ ഭാഗത്ത് വച്ച് മുറിഞ്ഞ അസ്ഥികൾ പൂർണമായി വേർപെട്ടു. തൊലിയുടെ അഗ്ര ഭാഗത്ത് തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇടതു കൈപ്പത്തി. 

തടിമിൽ അധികൃതർ ഉടൻ തന്നെ ഇദ്ദേഹത്തെ മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിതവിഭാഗത്തിൽ എത്തിച്ചു. എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ‍ഡോ. ശ്രീജിത്ത് ആർ. നായരുടെ നേതൃത്വത്തിൽ അടിയന്തര പരിശോധന നടത്തിയ ശേഷം വേർപെട്ട നിലയിലായിരുന്ന കൈപ്പത്തി കൂട്ടി ചേർക്കുന്നതിനുള്ള മൈക്രോവാസ്കുലാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു.

പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് സർജറി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അശ്വതി ചന്ദ്രൻ, ഓർത്തോപീഡ്ക്സ് വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. റിക്കി രാജ്, അനസ്തേഷ്യോളജി വിഭാഗം അസോസിയേറ്റ് കൺസൾട്ടന്റുമാരായ ഡോ. സേവ്യർ ജോൺ, ഡോ. റോണി മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് 7 മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ കൈപ്പത്തി പൂർവസ്ഥിതിയിലാക്കിയത്. ശസ്ത്രക്രിയയ്ക്കു ശേഷം ഫിസിയോതെറാപ്പിയിലൂടെ കൈപ്പത്തിയുടെ ചലനം പൂർവസ്ഥിതിയിലായ 52കാരൻ വീണ്ടും ജോലിയിൽ പ്രവേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com