ADVERTISEMENT

വെള്ളൂർ ∙ നാടൻ പന്തുകളി പ്രേമികളും വെള്ളൂരും കാത്തിരുന്ന തീ പാറും പോരാട്ട ദിനം ഇന്ന്. കേരള നേറ്റീവ് ബോൾ ഫെഡറേഷനും വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്സും ചേർന്നു രാവിനെ പകലാക്കി ഫ്ലെഡ്‌ ലൈറ്റ് വെളിച്ചത്തിൽ നടത്തുന്ന വെള്ളൂർ ലോക കപ്പ് നാടൻ പന്തുകളി മത്സരം ഇന്ന് 6.30നു നടക്കും. പിടിഎം ഗവ.എച്ച്എസ്എസ് സ്കൂൾ മൈതാനിയിൽ നടക്കുന്ന ആവേശകരമായ മത്സരത്തിനു മണിക്കൂറുകൾ അവശേഷിക്കെ നാടൻ പന്തുകളി പ്രേമികളുടെ ചോദ്യം ലോകകപ്പ് മാതൃകയിലുള്ള സണ്ണി ഞാറക്കൽ മെമ്മോറിയൽ കപ്പ് ആരുയർത്തും എന്നതാണ്.

സീസണിൽ ഹാട്രിക് കീരിട നേട്ടവുമായി അപരാജിത കുതിപ്പിൽ മുന്നേറുന്ന മീനടം ടീമും, പന്തുകളിയുടെ ഈറ്റില്ലത്ത് നിന്നുള്ള പുതുപ്പളളി ടീമും നേർക്കുനേർ ഏറ്റുമുട്ടുമ്പോൾ  അത് ആവേശക്കാഴ്ചയാകും. പരിചയസമ്പന്നരായ കളിക്കാർക്കൊപ്പം യുവ തലമുറയിലെ ആവേശമായ എൽദോയും, അനന്തുവും മീനടം ടീമിനായി ഇറങ്ങുമ്പോൾ, പുതുപ്പള്ളിക്കായി ലിബിനും, ബിബിനും മത്സര ഗോദയിലെത്തും. തുല്യ ശക്തികൾ തമ്മിലുള്ള പോരാട്ടം നടക്കുമ്പോൾ മത്സരത്തിനു അഴകേറും.

6ന് ആരംഭിക്കുന്ന ഫൈനൽ മത്സരം വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്‌സ് രക്ഷാധികാരി ജിനു ഞാറക്കലിന്റെ അധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം സിപിഐ (എം) ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചാംപ്യൻമാരായ ടീമിനുള്ള സമ്മാനദാനം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽ കുമാർ നിർവഹിക്കും. വെള്ളൂർ നേറ്റീവ് ബോൾ ഫ്രണ്ട്‌സിന്റെ പ്രസിഡന്റ് ജിയ എം. ജോർജ് നേതൃത്വം നൽകും.

ഫൈനൽ ഇന്ന്
ഏറ്റുമാനൂർ ∙ കാട്ടാത്തി യുവശക്തി വായനശാലയും തവളക്കുഴി ബോയ്സ് വാട്സാപ് കൂട്ടായ്മയും നാടൻപന്തുകളി സ്നേഹികൾ ഓർഗനൈസേഷനും ചേർന്ന് നടത്തുന്ന നാടൻപന്തുകളിയുടെ ഫൈനൽ ഇന്ന് 3.00നു ഏറ്റുമാനൂരപ്പൻ കോളജ് മൈതാനത്തു നടത്തും. കമ്പംമേട് ടീം പാറമ്പുഴ ടീമിനെ നേരിടും.

നാടൻ പന്തുകളി ഇന്നത്തെ മത്സരം
തോട്ടയ്ക്കാട് ∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും, തോട്ടയ്ക്കാട് നിർമൽ റസിഡൻസ് അസോസിയേഷനും, തോട്ടയ്ക്കാട് &ചമ്പകര ടീമുകളും ചേർന്നു  ഗവ .ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ നടത്തുന്ന നാടൻ പന്തുകളി മത്സരത്തിൽ ഇന്ന് 3.30ന് മലകുന്നം ടീം അരീപ്പറമ്പ് ടീമിനെ നേരിടും.
മണർകാട്∙ കേരള നേറ്റീവ് ബോൾ ഫെഡറേഷനും  നേറ്റീവ് ബോൾ ക്ലബ്ബും ചേർന്നു നടത്തുന്ന മണർകാട് ഗ്രാമോത്സവം– 2024 നാടൻ പന്തുകളി പ്രീക്വാർട്ടർ മത്സരത്തിൽ ഇന്നു 3ന്  മാലം മൗണ്ട് മേരി പബ്ലിക് സ്കൂൾ മൈതാനിയിൽ  കണ്ണഞ്ചിറ ടീം കൊല്ലാട് ബോയ്സ് ടീമിനെ നേരിടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com