ADVERTISEMENT

പേരാമ്പ്ര ∙  നിപ്പ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ചെറുവണ്ണൂർ പഞ്ചായത്തിൽ കൺട്രോൾ റൂം തുറന്നു. ദുരന്ത നിവാരണ സമിതി യോഗം ചേർന്ന് പ്രവർത്തനം വിലയിരുത്തി. പൊതുജനങ്ങൾക്ക് അവശ്യസേവനം ലഭ്യമാക്കാൻ മുഴുവൻ വാർഡുകളിലും പഞ്ചായത്ത് തലത്തിലും ആർആർടി പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചു. 

ഫീൽഡ് തലത്തിൽ ആരോഗ്യ പ്രവർത്തകരുടെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി ബോധവൽക്കരണവും പനി സർവേയും നടത്തും. പഞ്ചായത്തിലെ മുഴുവൻ ആളുകളും മാസ്ക് ധരിക്കണം. കളിക്കളങ്ങൾ അടച്ചിടാൻ തീരുമാനിച്ചു. കല്യാണം, സൽക്കാരം എന്നിവ കഴിവതും മാറ്റി വയ്ക്കാനും ഒഴിച്ച് കൂടാൻ പറ്റാത്തത് ചടങ്ങുകൾ മാത്രം നടത്താനും നിർദേശം നൽകി. 

കൃഷിയിടത്തിലെ വാഴക്കുല, അടയ്ക്ക, പേര ഉൾപ്പെടെയുള്ളവ കൈകൊണ്ട് നേരിട്ട് എടുക്കരുത് എന്ന് മുന്നറിയിപ്പ് നൽകി. വവ്വാലിന്റെ ആവാസ സ്ഥലങ്ങളിലെ പരിസരത്ത് താമസിക്കുന്നവർക്ക് ബോധവൽക്കരണം നടത്താനും രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് ആരോഗ്യ പ്രവർത്തകരെ അറിയിക്കാൻ നിർദേശം നൽകി.

പ്രസിഡന്റ് എൻ.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആദില നിബ്രാസ് അധ്യക്ഷത വഹിച്ചു. പി.മോനിഷ, എ.കെ.ഉമ്മർ, കെ.പി.ബിജു, വി.പി.പ്രവിത, എ.ബാലകൃഷ്ണൻ, ഇ.ടി.ഷൈജ, കെ.എം.ബിജിഷ, പി.മുംതാസ്, ഇ.കെ.സുബൈദ, അസിസ്റ്റന്റ് സെക്രട്ടറി പി.വി.രാജീവൻ, മെഡിക്കൽ ഓഫിസർ ഡോ. പി.കെ.ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.

നിപ്പ: മരുതോങ്കരയിൽ നിയന്ത്രണം തുടരുന്നു
കുറ്റ്യാടി∙ നിപ്പ പിടിപെട്ട് ഒരാൾ മരിച്ച മരുതോങ്കര പഞ്ചായത്തിൽ നിയന്ത്രണം കർശനമായി തുടരുന്നു. പഞ്ചായത്തിലേക്കുള്ള റോഡുകൾ അടച്ചിട്ടിട്ടുണ്ട്. ആർആർടി നേത‍‍ൃത്വത്തിൽ നടത്തുന്ന പഞ്ചായത്തിലെ പനി സർവേ ഇന്നു പൂർത്തിയാകും. പഞ്ചായത്തിൽ നിന്നു നിപ്പ പരിശോധനയ്ക്ക് അയച്ച 17 സാംപിളുകളിൽ 12 എണ്ണം നെഗറ്റീവാണ്.മറ്റുള്ളവരുടെ പരിശോധന ഫലം ഉടൻ ലഭിക്കും. സർവകക്ഷി യോഗം പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ തീരുമാനിച്ചു.

മരുതോങ്കര∙ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിൽ ഇ.കെ.വിജയൻ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം നടത്തി. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.  പ്രസിഡന്റ് കെ.സജിത്ത്, വൈസ് പ്രസിഡന്റ് ടി.കെ.ശോഭ, സി.പി.ബാബുരാജ്, ഡെന്നീസ് പെരുവേലിൽ, സെക്രട്ടറി ടി.വി.സുജിത്ത്, ഡോ. അഖില, എച്ച്ഐ വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം നാളെ എത്തും
കോഴിക്കോട് ∙ കേന്ദ്ര മൃഗസംരക്ഷണ വിദഗ്ധ സംഘം നാളെ മുതൽ ജില്ലയിലെ നിപ്പ ബാധിത പ്രദേശങ്ങളിൽ പഠനത്തിനെത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂനിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്നു ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോഓർഡിനേറ്റർ അറിയിച്ചു.

ചങ്ങരോത്ത് പന്തിരിക്കര ഭാഗത്ത് ചത്ത നിലയിൽ കാണപ്പെട്ട കാട്ടുപന്നിയുടെ ജഡം പരിശോധിച്ചു സാംപിളുകൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന നിപ്പ കൺട്രോൾ റൂമിലേക്ക്  വവ്വാലുകളുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി 8 കോളുകളാണ് വന്നതെന്നും കോഓർഡിനേറ്റർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com