ADVERTISEMENT

കരിപ്പൂർ ∙ ലക്ഷദ്വീപ് ലക്ഷ്യമിട്ട് കോഴിക്കോട് വിമാനത്താവളത്തിലേക്കു കുഞ്ഞൻ വിമാനമെത്തുമ്പോൾ വിനോദ, വിദ്യാഭ്യാസ, ആരോഗ്യമേഖലയിൽ പ്രതീക്ഷയുടെ വലിയ ടേക് ഓഫ്. മേയ് ഒന്നിന് ഇൻഡിഗോ വിമാനക്കമ്പനിയാണ് 78 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനവുമായി കരിപ്പൂരിൽനിന്ന് അഗത്തിയിലേക്ക് സർവീസ് ആരംഭിക്കുന്നത്. വിദ്യാർഥികൾക്കും വിനോദസഞ്ചാരികൾക്കും മാത്രമല്ല, മലബാർ മേഖലയിൽ ചികിത്സ തേടിയെത്തുന്ന രോഗികൾക്കും ഏറെ ആശ്വാസവും പ്രതീക്ഷയുമേകുന്ന സർവീസ് ആകുമിത്.


ബേപ്പൂരിൽനിന്ന് ലക്ഷദ്വീപിലേക്കു കപ്പൽ സർവീസ് ഉണ്ടായിരുന്നെങ്കിലും 3 വർഷം മുൻപ് നിർത്തി. ഇപ്പോൾ കൊച്ചി വഴിയാണ് കപ്പൽയാത്ര. മലബാർ മേഖലയിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന ദ്വീപ് നിവാസികൾ ഏറെ പ്രയാസത്തിലാണ്. കൊച്ചിയിൽനിന്ന് ആഴ്ചയിൽ ഒരു കപ്പൽ സർവീസ് മാത്രമാണ് ദ്വീപിലേക്കുള്ളത്. വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കു മലബാർ മേഖലയിൽ എത്തുന്ന ദ്വീപ് യാത്രക്കാർ നാട്ടിലേക്കു പോകാൻ വീണ്ടും കൊച്ചിയിൽ പോകേണ്ട അവസ്ഥയാണ്. ചെറിയ വിമാനമാണെങ്കിലും ആഴ്ചയിൽ 546 പേർക്കു വീതം അഗത്തിയിലേക്കും തിരിച്ചും യാത്ര ചെയ്യാനാകും.

ടൂറിസം മേഖലയുടെ വികസനത്തിനു വഴിതുറക്കുന്നതാണ് വിമാന സർവീസ്. യാത്രാസമയം ലാഭിക്കാം എന്നതാണു പ്രധാനം. നിലവിലുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് 5000 രൂപ മുതൽ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. വിമാന സർവീസ് പ്രഖ്യാപിച്ചതോടെ വിവിധ ഏജൻസികളും യാത്രാസംഘങ്ങളും ലക്ഷദ്വീപിലേക്കുള്ള യാത്രാപാക്കേജുകൾ പ്രഖ്യാപിച്ചു തുടങ്ങി. രണ്ടു ഭാഗത്തേക്കും വിമാനയാത്ര ഉൾപ്പെടുത്തിയുള്ള പാക്കേജും ഒരിടത്തേക്കു വിമാനവും മറുഭാഗത്തേക്ക് കപ്പൽ യാത്രയുമുള്ള പാക്കേജുകളുമുണ്ട്.

നിലവിൽ അഗത്തിയിലേക്ക് കൊച്ചി, ബെംഗളൂരു വിമാനത്താവളങ്ങളിൽനിന്നാണു സർവീസുകൾ ഉള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ലക്ഷദ്വീപിലെ കാലിക്കറ്റ് സർവകലാശാലാ പഠനകേന്ദ്രം പൂട്ടിയെങ്കിലും മലബാർ മേഖലയിൽ പഠനം തുടരുന്ന വിദ്യാർഥികളുണ്ട്. അവർക്കെല്ലാം വലിയ ആശ്വാസമാകും കരിപ്പൂരിൽനിന്നുള്ള വിമാന സർവീസ്.

കോഴിക്കോട്ടുനിന്ന് അഗത്തിയിലേക്ക് വിമാന സർവീസ് മേയ് ഒന്നു മുതൽ
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് മേയ് ഒന്നിന് ഇൻഡിഗോ വിമാന സർവീസ് ആരംഭിക്കുന്നു. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊച്ചി വഴിയാണ് യാത്ര. ആദ്യമായാണ് ലക്ഷദ്വീപിലേക്ക് കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ്. എല്ലാ ദിവസവും സർവീസ് ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു. 78 പേർക്കു സഞ്ചരിക്കാവുന്ന എടിആർ വിമാനമാണ് സർവീസ് നടത്തുക.

സമയക്രമം ഇങ്ങനെ: കരിപ്പൂരിൽനിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയിൽ. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയിൽ. അതേദിവസം അഗത്തിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സർവീസ് സമയം: ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയിൽ. 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ട്. നിലവിൽ ബെംഗളൂരുവിൽനിന്നു നേരിട്ട് അഗത്തിയിലേക്ക് ഇൻഡിഗോയുടെ വിമാന സർവീസ് ഉണ്ട്. ഈ വിമാനം കൊച്ചി വഴി കോഴിക്കോട്ടേക്കു മടങ്ങും. കോഴിക്കോട്ടുനിന്നു കൊച്ചിവഴി അഗത്തിയിലെത്തുന്ന വിമാനം നേരിട്ട് ബെംഗളൂരുവിലേക്കും മടങ്ങും.

English Summary:

Kozhikode - Agatti flight Service; Ticket price Rs 5000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com