ADVERTISEMENT

കോഴിക്കോട്∙ പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർഥികളെ മൊഴിയെടുക്കാൻ വിളിച്ചു വരുത്തി ഉച്ച മുതൽ രാത്രി വരെ പൊലീസ് സ്റ്റേഷനിൽ ഇരുത്തിയതായി പരാതി. കസബ പൊലീസ് സ്റ്റേഷനിലാണു പെൺകുട്ടികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു വരുത്തി സ്റ്റേഷനിൽ ഇരുത്തിയത്. ഒരു സ്ഥാപനത്തിനെതിരെയുള്ള തട്ടിപ്പു കേസിൽ പരാതിക്കാരായ വിദ്യാർഥികളാണു ഭക്ഷണം പോലും ഇല്ലാതെ മണിക്കൂറുകൾ സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നത്.  തുടർന്നു രാത്രി ഒരു കുട്ടിയുടെ രക്ഷിതാവ് എത്തിയതോടെയാണു എല്ലാവർക്കും വീട്ടിൽ പോകാൻ സൗകര്യം ഒരുക്കിയത്.

സ്ഥാപന നടത്തിപ്പുകാരനെ പിടികൂടിയിട്ടും അറസ്റ്റ് ചെയ്യാതെ വിടാൻ ശ്രമിക്കുന്നു എന്നാരോപിച്ചു വിദ്യാർഥികൾ സ്റ്റേഷൻ മുറ്റത്തു നേരത്തേ ബഹളം വച്ചിരുന്നു.  വിദ്യാർഥികൾ കൃത്യസമയത്തു തന്നെ എത്തി. എന്നാൽ വരാ‍‍ൻ പറഞ്ഞ പൊലീസുകാരൻ സ്റ്റേഷനിൽ ഇല്ലായിരുന്നു.  വൈകിട്ട് 6 മണിയോടെ മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ സ്റ്റേഷനിൽ വന്നപ്പോൾ ക്ഷീണിച്ചിരിക്കുന്ന വിദ്യാർഥികളെ കണ്ടു വിവരം അന്വേഷിച്ചു. അപ്പോഴേക്കും ഇൻസ്പെക്ടർ രാജേഷ് മാരങ്കലത്ത് സ്റ്റേഷനിൽ എത്തി.

3 പേരുടെ മൊഴി മാത്രമേ എടുക്കൂ ബാക്കിയുള്ളവർ നാളെ വരണം എന്നു പറഞ്ഞു. പിന്നീടു നിർബന്ധിച്ചപ്പോൾ 5 പേരുടെയും മൊഴി രേഖപ്പെടുത്തി. വിദ്യാർഥികളെ സ്റ്റേഷനിൽ ഇരുത്തിയ സംഭവം അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണർ കെ.ജി.സുരേഷ് പറഞ്ഞു. വിദ്യാർഥികളെ അങ്ങനെ ഇരുത്തേണ്ട ആവശ്യമില്ലെന്നും മൊഴി രേഖപ്പെടുത്തി പെട്ടെന്നു വിടേണ്ടതാണെന്നും അസിസ്റ്റന്റ് കമ്മിഷണർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com