ADVERTISEMENT

കോഴിക്കോട്∙ ഓട്ടോറിക്ഷയിൽ ഡ്രൈവറുടെ കൊലപാതകത്തിൽ വിറങ്ങലിച്ച് നഗരം; വ്യക്തി വൈരാഗ്യത്തെ തുടർന്നാണു കൊലപാതകം എന്ന നിഗമനത്തിൽ പൊലീസ്. വെള്ളയിൽ റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ രാവിലെ അഞ്ചരയോടെ ഡ്രൈവറെ വെട്ടിക്കൊന്ന വിവരമറിഞ്ഞു നഗരം ഞെട്ടി. തിരഞ്ഞെടുപ്പിനു തൊട്ടടുത്ത ദിവസമായതിനാൽ രാഷ്ട്രീയ കൊലപാതകമാണോ എന്നാണ് നാട്ടുകാർ ആദ്യം സംശയിച്ചത്.

18 വെട്ടുകൾ ഏറ്റ ശ്രീകാന്തിനു 34 മറ്റു പരുക്കുകളും ഉണ്ടായിരുന്നു. ഇന്നലെ കൊലപാതകം നടന്ന അതേ സ്ഥലത്ത് 2 ദിവസം മുൻപ് രാത്രി ശ്രീകാന്തിന്റെ കാറിനു തീ ഇട്ടിരുന്നു. തൊട്ടടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിലാണ് ഇന്നലെ രാവിലെ ശ്രീകാന്തിനെ ആക്രമിച്ചത്. ഇതാണ് സംഭവത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ എത്തിച്ചത്. പണിക്കർ റോഡിൽനിന്ന് ഗാന്ധി റോഡിലേക്കുള്ള ലിങ്ക് റോഡിലാണ് കൊലപാതകം നടന്നത്.

കേരള സോപ്സ് കമ്പനിയുടെ പിന്നിലുള്ള ഗേറ്റിനോടു ചേർന്നാണ് ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്നത്. ശ്രീകാന്തിന്റെ വീട്ടിലേക്ക് കാർ കൊണ്ടുപോകാൻ കഴിയില്ല. അതുകൊണ്ട് ഇവിടെയാണ് പതിവായി കാർ നിർത്താറുള്ളത്. രാത്രി കാറിൽ കിടന്നുറങ്ങുന്നതാണ് ശ്രീകാന്തിന്റെ പതിവ്. 2 ദിവസം മുൻപ് രാത്രി ഒരു മണിയോടെയാണ് കാറിന്റെ ചില്ലു തകർത്ത് അകത്ത് പെട്രോൾ ഒഴിച്ച് കാർ കത്തിച്ചത്. എന്നാൽ, ശ്രീകാന്ത് അന്നു കാറിൽ കിടന്നുറങ്ങാത്തതിനാൽ രക്ഷപ്പെടുകയായിരുന്നു.

1.ശ്രീകാന്ത്   
2.വെള്ളയിൽ പണിക്കർ റോഡിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ ശ്രീകാന്തിന്റെ കാർ കത്തിനശിച്ച നിലയിൽ. ഇന്നലെ രാവിലെ ശ്രീകാന്ത് ആക്രമിക്കപ്പെട്ട ഓട്ടോറിക്ഷ സമീപം കാണാം. ചിത്രം: മനോരമ
1.ശ്രീകാന്ത് 2.വെള്ളയിൽ പണിക്കർ റോഡിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ ശ്രീകാന്തിന്റെ കാർ കത്തിനശിച്ച നിലയിൽ. ഇന്നലെ രാവിലെ ശ്രീകാന്ത് ആക്രമിക്കപ്പെട്ട ഓട്ടോറിക്ഷ സമീപം കാണാം. ചിത്രം: മനോരമ

കാർ പൂർണമായും കത്തിപ്പോയി. ശനിയാഴ്ച രാവിലെ മുതൽ കത്തിയ കാറിൽ തെളിവെടുപ്പിനും മറ്റുമായി ഉദ്യോഗസ്ഥരും ഇൻഷുറൻസ് കമ്പനി പ്രതിനിധികളും എത്തിയിരുന്നു. അഞ്ചരയോടെ അതെല്ലാം പൂർത്തിയായ ശേഷമാണ് ശ്രീകാന്ത് ഓട്ടോറിക്ഷയുമായി പോയത്. കൊല്ലപ്പെട്ട ശ്രീകാന്ത് കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസിലെ അഞ്ചാം പ്രതിയാണ്. 2013 സെപ്റ്റംബർ 8ന് നടക്കാവ് കാട്ടുവയൽ കോളനി സ്വദേശി പ്രഭുരാജിനെ നെല്ലിക്കാപ്പുളി പാലത്തിനു സമീപം ബൈക്ക് തടഞ്ഞുനിർത്തി ആക്രമിച്ചു കൊലപ്പെടുത്തിയതാണ് കേസ്.

തിരക്കുള്ള ഇടം; സൂചനകളില്ലാത്തതിൽ ആശങ്ക
കോഴിക്കോട്∙ അതിരാവിലെ സജീവമാകുന്ന തീരപ്രദേശമായ വെള്ളയിലെ ഇടറോഡിൽ കൊലപാതകം നടന്നത് നേരം പുലരുമ്പോൾ; എന്നിട്ടും പ്രതിയെക്കുറിച്ച് സൂചന ലഭിക്കാത്തതിൽ ആശങ്ക. 5.50നു റോഡിന്റെ എതിർവശത്തെ ഇടവഴിക്ക് അപ്പുറത്തെ വീട്ടിലുള്ള വീട്ടമ്മ ക്ഷേത്രത്തിലേക്കു പോകുന്നതിനിടെയാണ് റോഡരികിൽ ഇടവഴി ചെന്നുമുട്ടുന്ന ഭാഗത്ത് ഒരാൾ കുത്തേറ്റു കിടന്നു പിടയുന്നതു കണ്ടത്. വീട്ടമ്മ ചെന്നാണു സമീപവാസിയായ കണ്ണങ്കടവ് ജ്യോതിയെ വിളിച്ചത്.

ജ്യോതി അടക്കമുള്ളവർ ഓടിയെത്തി. തുടർന്നു ജ്യോതി തന്റെ മകൻ വിജേഷിനെ വിളിച്ചു. വിജേഷും സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ട ശ്രീകാന്തിന്റെ ബന്ധുക്കളെ വിവരമറിയിച്ചത്. ഒരാൾ സംഭവ സ്ഥലത്തുനിന്ന് ആയുധവുമായി ബൈക്കിൽ കയറി പോകുന്നതു വീട്ടമ്മ കണ്ടെന്നു പൊലീസ് പറഞ്ഞു. എതിർവശത്തെ ഇടവഴിയിലൂടെ വരികയായിരുന്നവർ ഹെൽമറ്റ് വച്ച ആൾ ബൈക്കിൽ കൊടുവാളുമായി പോകുന്നതു കണ്ടതായി ജ്യോതി പറഞ്ഞിട്ടുണ്ട്. പക്ഷേ, ആളെ തിരിച്ചറിഞ്ഞിട്ടില്ല.

കൊലക്കേസ് പ്രതിയായ ഓട്ടോഡ്രൈവർ വെട്ടേറ്റു മരിച്ചു
കോഴിക്കോട്∙ റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കു സമീപം ഡ്രൈവർ വെട്ടേറ്റു മരിച്ചു. പുതിയകടവ് നാലുകുടിപറമ്പ് എൻ.പി.ശ്രീകാന്തിനെയാണ് (47) ഇന്നലെ പുലർച്ചെ 5.45ന് പണിക്കർ റോഡിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അജ്ഞാതർ തീവച്ചു നശിപ്പിച്ച ശ്രീകാന്തിന്റെ കാറിനു തൊട്ടടുത്തു നിർത്തിയിട്ട ഓട്ടോയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്. 2013ലെ കുണ്ടൂപ്പറമ്പ് പ്രഭുരാജ് വധക്കേസിലെ അഞ്ചാം പ്രതിയായിരുന്നു ശ്രീകാന്ത്.

നിർത്തിയിട്ട ഓട്ടോയിൽ ശ്രീകാന്തും രണ്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. ഡ്രൈവിങ് സീറ്റിലിരുന്ന ശ്രീകാന്തിനെ ആരോ വെട്ടുകയായിരുന്നു. പിൻസീറ്റിൽ മദ്യലഹരിയിൽ ഉറക്കത്തിലായിരുന്ന സുഹൃത്തുക്കൾ സംഭവം അറിഞ്ഞില്ലെന്നാണ് മൊഴി നൽകിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.  വെട്ടേറ്റ ശ്രീകാന്ത് ഓട്ടോയിൽ നിന്ന് ഇറങ്ങി റോഡിന്റെ എതിർവശത്തെത്തിയെങ്കിലും നടപ്പാതയോടു ചേർന്ന് വീഴുകയായിരുന്നു. 

ശ്രീകാന്ത് മിക്ക ദിവസവും വഴിയരികിൽ കാർ നിർത്തിയിട്ട് അതിൽ കിടന്നുറങ്ങുകയാണ് പതിവ്. 26ന് രാത്രി ഒന്നരയോടെയാണ് കാർ അജ്ഞാതർ തീവച്ചു നശിപ്പിച്ചത്.  ശ്രീകാന്ത് അന്നു കാറിൽ ഇല്ലാതിരുന്നതിനാലാണ് രക്ഷപ്പെട്ടത്.  വ്യക്തിവൈരാഗ്യമാണോ അതോ പഴയ കൊലപാതകക്കേസുമായി ബന്ധപ്പെട്ട വിരോധമാണോ  കാരണമെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു. ഭാര്യ: സിമി. മക്കൾ: പാർവണ, നിതാലി.

English Summary:

Kozhikode Tragedy: Local Driver Brutally Murdered Near His Burnt Vehicle – An Unsolved Mystery?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com