ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിലെ റൺവേയിൽ വലിയ വിമാന സർവീസിനു പല വിമാനക്കമ്പനികളും സന്നദ്ധത അറിയിച്ചിട്ട് ഏറെയായി. കൂടുതൽ സുരക്ഷ കണക്കിലെടുത്ത് ഭാരം കുറച്ച് വലിയ വിമാനങ്ങൾ ഇറക്കാമെന്ന് 2018ൽ റൺവേ പരിശോധിച്ച വിദഗ്ധരുടെ റിപ്പോർട്ടും കൈവശമുണ്ട്.

2020ൽ വിമാനാപകടം സംഭവിച്ചതിനു കാരണം റൺവേയുടെ പരിമിതിയല്ലെന്ന് അന്വേഷണ റിപ്പോർട്ടും വ്യക്തമാക്കുന്നു. എന്നിട്ടും കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ തിരിച്ചുവരവ് നീളുകയാണ്. റൺവേ അനുബന്ധ വികസനം പൂർത്തിയായാലേ വലിയ വിമാന സർവീസ് നടത്താനാകൂ എന്ന നിലപാട് പുനഃപരിശോധിച്ചില്ലെങ്കിൽ വലിയ വിമാനങ്ങൾക്കായി 2 വർഷമെങ്കിലും കോഴിക്കോട് വിമാനത്താവളവും വിദേശ യാത്രക്കാരും കാത്തിരിക്കേണ്ടിവരും.

2015ലാണ് റീ കാർപറ്റിങ്ങിന്റെ പേരിൽ വലിയ വിമാനങ്ങൾ കരിപ്പൂരിൽ നിർത്തിയത്. പിന്നീട് വലിയ വിമാനങ്ങൾക്ക് അനുമതി നൽകുന്നതിന്റെ ഭാഗമായി വിവിധ പഠനങ്ങൾ നടന്നു. എല്ലാം കരിപ്പൂരിന് അനുകൂലമായിരുന്നു. വിദേശ വിമാനക്കമ്പനികളിലെ ഉയർന്ന സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം 2018ൽ റൺവേ പരിശോധിച്ചിരുന്നു. തുടർന്നാണ് ഭാരം കുറച്ച് വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാൻ തീരുമാനിച്ചത്.

2018 ഡിസംബറിൽ സൗദി എയർലൈൻസ് വലിയ വിമാനവുമായി കരിപ്പൂരിലെത്തി. വൈകാതെ എയർ ഇന്ത്യയുടെ വലിയ വിമാനവും തിരിച്ചെത്തി. കൂടുതൽ വലിയ വിമാനങ്ങൾ സർവീസിന് ഒരുങ്ങുന്നതിനിടയിലായിരുന്നു 2020 ഓഗസ്റ്റ് ഏഴിലെ വിമാനാപകടം. ചെറുവിമാനമാണ് അപകടത്തിൽപെട്ടതെങ്കിലും വലിയ വിമാനങ്ങൾക്കാണു വിലക്കു വീണത്.

2023 ജൂണിൽ റീ കാർപറ്റിങ് പൂർത്തിയാക്കി റൺവേ ബലപ്പെടുത്തി. ലാൻഡിങ് കൂടുതൽ സുരക്ഷിതമാക്കാൻ ടച്ച് സോൺ ലൈറ്റ്, സെൻട്രൽ ലൈൻ ലൈറ്റ് എന്നിവ റൺവേയിൽ സ്ഥാപിക്കുകയും ചെയ്തു. വിദഗ്ധ സാങ്കേതിക സംഘത്തിന്റെ പരിശോധന നടത്തി വലിയ വിമാന സർവീസിന് സാഹചര്യമൊരുക്കണമെന്നാണ് ആവശ്യം.

റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) വർധിപ്പിക്കുന്നതിനു സ്ഥലം ഏറ്റെടുക്കലും ടെൻഡർ ഉറപ്പിക്കലും കഴിഞ്ഞു. ഇതിന്റെ പണി പൂർത്തിയാകാൻ 2 വർഷത്തോളം വരും. അതിനു മുൻപുതന്നെ വലിയ വിമാന സർവീസ് പുനരാരംഭിക്കാൻ തടസ്സമില്ലെന്നാണു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനയുള്ള കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാന സർവീസുകളുടെ ആവശ്യം ഏറുകയാണ്.

ഭാരം നിയന്ത്രിക്കാൻ ഇന്ധനം കുറച്ചു പറന്നു

2018ൽ ഇന്ധനം കുറച്ചാണ് പ്രധാനമായും വലിയ വിമാനങ്ങൾ ഭാരം നിയന്ത്രിച്ചിരുന്നത്. യാത്രക്കാരുടെ എണ്ണവും കാർഗോയും കുറച്ചിരുന്നു. യാത്രയ്ക്കു മുൻപ് ആവശ്യമെങ്കിൽ കാർഗോ അൺലോഡ് ചെയ്യുകയും ചെയ്തു. രാജ്യാന്തര നിയമങ്ങൾ അനുസരിച്ച് ഉയർന്ന താപനിലയും വിമാനഭാരവും പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയായിരുന്നു സർവീസ്. അത്തരത്തിൽ വലിയ വിമാന സർവീസ് നടത്തുന്നതിനു നിലവിൽ മറ്റു തടസ്സങ്ങളൊന്നുമില്ലെന്ന്  2018ലെ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com