ADVERTISEMENT

കോട്ടയ്ക്കൽ ∙ നഗരസഭയിലെ 2 വാർഡുകളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം ഇന്നത്തോടെ തെളിയും. ഇരു വാർഡുകളിലെയും യുഡിഎഫ് (ലീഗ്) സ്ഥാനാർഥികളെ തീരുമാനിച്ചു. അടാട്ടിൽ ഷഹാന ഷഫീർ ഈസ്റ്റ് വില്ലൂരിലും വി.പി.നഷ്‌വ ശാഹിദ് ചുണ്ടയിലും മത്സരിക്കും. എൽഡിഎഫ് (സിപിഎം) സ്ഥാനാർഥികൾ ആരെന്ന് ഇന്നറിയാം.

ഇരുവാർഡുകളിലും ബിജെപി മത്സരിക്കുന്നില്ല. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ലീഗിലെ അഭിപ്രായ ഭിന്നതയ്ക്കൊടുവിൽ നഗരസഭാധ്യക്ഷ സ്ഥാനത്തിനൊപ്പം കൗൺസിലർ പദവിയും ബുഷ്റ ഷബീർ (ലീഗ്) രാജിവച്ചതോടെയാണ് ഈസ്റ്റ് വില്ലൂർ വാർഡിൽ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

ഷാഹില സജാസ് (ലീഗ്) അയോഗ്യത നേരിട്ടതോടെ ചുണ്ട വാർഡിലും തിരഞ്ഞെടുപ്പ് ആവശ്യമായി. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് സ്ഥാനാർഥികളാണ് ഇരുവാർഡുകളിലും ജയിച്ചിട്ടുള്ളത്. എന്നാൽ, നഗരസഭയിൽ അടുത്തിടെയുണ്ടായ സംഭവങ്ങളുടെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.

വനിതാപ്രാതിനിധ്യം ഇല്ലാത്തതിനാൽ വികസന സ്ഥിരസമിതി അധ്യക്ഷസ്ഥാനം ലീഗിന് നഷ്ടമായിരുന്നു. സിപിഎമ്മിലെ പി.സരളയെയാണ് അധ്യക്ഷയായി തിരഞ്ഞെടുത്തത്. മുനിസിപ്പൽ ലീഗ് കമ്മിറ്റിയിലും സിപിഎം ലോക്കൽ കമ്മിറ്റിയിലും കാലങ്ങളായി നിലനിൽക്കുന്ന വിഭാഗീയത ഉപതിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് വിലയിരുത്തുന്നത്.

സ്ഥിരസിതി അധ്യക്ഷയ്ക്ക് ഓഫിസ്; തർക്കത്തിനു പരിഹാരമായില്ല
കോട്ടയ്ക്കൽ ∙ നഗരസഭാ വികസന സ്ഥിരസമിതിയുടെ പുതിയ അധ്യക്ഷയ്ക്കായി അനുവദിച്ച ഓഫിസിനെച്ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായില്ല. പ്രശ്നം ചർച്ച ചെയ്യാനായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടെ സാന്നിധ്യത്തിൽ ചേരാൻ തീരുമാനിച്ച യോഗം നടന്നില്ല.

സ്ഥിരസമിതി അധ്യക്ഷയായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്ത സിപിഎമ്മിലെ പി.സരളയ്ക്കു മുകളിലെ നിലയിലാണ് ഓഫിസ് അനുവദിച്ചത്. മുൻ അധ്യക്ഷ ഉപയോഗിച്ച താഴ്ഭാഗത്തുള്ള മുറി അനുവദിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, ഈ ഓഫിസ് മരാമത്ത് അധ്യക്ഷന് നൽകിയതായി നഗരസഭാധ്യക്ഷ അറിയിച്ചതോടെ ലീഗ്, സിപിഎം പ്രവർത്തകർ തമ്മിൽ സംഘർഷം ഉടലെടുത്തു. 

തുടർന്ന് പൊലീസ് ഇരുവിഭാഗങ്ങളുമായി നടത്തിയ അനുരഞ്ജന ചർച്ചയിലാണ് എംഎൽഎയുടെ സാന്നിധ്യത്തിൽ യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ചേരാൻ തീരുമാനിച്ച യോഗം മുടങ്ങിയതോടെ തീരുമാനം നീളുകയാണ്. ഇരുകൂട്ടരുമായി ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നും എംഎൽഎ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com