ADVERTISEMENT

നിലമ്പൂർ∙ കലാഭവൻ മണിയുടെ കടുത്ത ആരാധികയായ നിലമ്പൂരിന്റെ നാടൻ പാട്ടുകാരി കോടാർമണ്ണ കുറുമ്പ യാത്രയായി. കലാഭവൻ മണിയെ നേരിൽ കാണുക എന്നതായിരുന്നു അവരുടെ ചിരകാല സ്വപ്നം. മണിയോടുള്ള ആരാധനമൂലം ജീവനുതുല്യം സ്നേഹിച്ച കമ്യൂണിസ്റ്റ് പാർട്ടി വിടേണ്ടിവന്നു കുറുമ്പയ്ക്ക്. നിലമ്പൂരിൽ സിപിഎമ്മിന്റെ മുന്നണിപ്പോരാളികളായിരുന്നു കർഷകത്തൊഴിലാളികളായ കുറുമ്പയും ഭർത്താവ് രാമനും. പാർട്ടി ജാഥകളിൽ കൊടികളേന്തി ദമ്പതികൾ മുൻനിരയിലുണ്ടാകും. ചക്കാലക്കുത്തെ വീട്ടിൽ സ്വന്തമായൊരു കൊടിയും ഇവർ സൂക്ഷിച്ചിരുന്നു. രാമൻ 3 പതിറ്റാണ്ട് മുൻപ് മരിച്ചു. 

മണിയുടെ പാട്ടുകൾ ഏറെ ഇഷ്ടപ്പെട്ട കുറുമ്പയ്ക്ക് അവ എല്ലാം തന്നെ മനഃപാഠമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് മണിയെ കൊണ്ടുവരുമെന്ന് സംഘാടകർ അവരെ വിശ്വസിപ്പിച്ചു. പക്ഷേ, വാക്കുതെറ്റിച്ച് മറ്റാെരാൾ ഉദ്ഘാടനം ചെയ്യുന്നത് കണ്ടപ്പോൾ തന്നെ കളിയാക്കുകയായിരുന്നെന്ന് കുറുമ്പ തിരിച്ചറിഞ്ഞു. അതോടെ പാർട്ടിയുമായി അകന്നു.

2011ൽ നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ കുറുമ്പയുടെ സ്വപ്നസാക്ഷാത്കാരത്തിന് അവസരമായി. കലാഭവൻ മണി പരിപാടി അവതരിപ്പിക്കാൻ എത്തുന്നതറിഞ്ഞ് നേരിൽ കാണാനുള്ള ആഗ്രഹം  സംഘാടക സമിതി അധ്യക്ഷനായ ആര്യാടൻ ഷൗക്കത്തിനെ അറിയിച്ചു. വേദിയിൽവച്ച് കുറുമ്പയെ ഷൗക്കത്ത്, മണിക്ക് പരിചയപ്പെടുത്തി. സ്വന്തം അമ്മയെ എന്നപോലെ മണി ചേർത്തുപിടിച്ച് തനിക്കൊപ്പം ഇഷ്ടപ്പെട്ട പാട്ടുകൾ പാടാൻ അവസരം നൽകി. 5000 രൂപയും  സമ്മാനിച്ചു. പിന്നീട്  ഇടയ്ക്കിടെ ഇരുവരും ഫോണിലൂടെ സൗഹൃദം പുതുക്കിപ്പോന്നു.

8 വർഷം മുൻപ് മണിയുടെ വിയോഗവാർത്ത അറിഞ്ഞ് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കുറുമ്പ കണ്ണീർ വാർത്തു. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ കുറുമ്പയുടെ പാട്ടുകളും അനുഭവങ്ങളും കേൾക്കാനും ചക്കാലക്കുത്തെ വീട്ടിലെത്തിയിരുന്നു. ആകെയുള്ള  9.5 സെന്റ് ഭൂമിയും വീടും ബൈപാസ് നിർമാണത്തിന് സർക്കാർ ഏറ്റെടുത്തപ്പോൾ ഏക മകൻ ബാബുവിനും കുടുംബത്തിനുമൊപ്പം  കാരാട്ടേക്ക്  താമസം  മാറ്റി.വാർധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് ഇന്നലെ 3.30ന് ആണ് വിടവാങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com